തൃശൂർ ∙ ‘‘എന്റെ അമ്മ മുറിയിൽ കടന്നു വാതിലടച്ചു; തുറക്കുന്നില്ല… എന്തെങ്കിലും ചെയ്യുമെന്നു തോന്നുന്നു… വേഗം വരണം..’’. പെൺകുട്ടിയുടെ കരഞ്ഞുകൊണ്ടുള്ള ഫോൺവിളി കേട്ട
ഉടൻ ഇറങ്ങിത്തിരിച്ച പൊലീസുകാർ ആ പെൺകുട്ടിക്ക് അമ്മയെ തിരികെ നൽകി. ഇന്നലെ വിയ്യൂർ പൊലീസ് സ്റ്റേഷനിൽ പൊലീസുകാർ പരേഡിന് തയാറാകുന്നതിനിടെ ആയിരുന്നു വിളി എത്തിയത്.
ഇൻസ്പെക്ടർ കെ.പി.മിഥുൻ ഉടൻതന്നെ പൊലീസ് സംഘത്തെ സജ്ജമാക്കി.
എസ്ഐ ജിനു കുമാർ, എഎസ്ഐ എ.വി.സജീവൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ നിഷി എന്നിവരാണ് സംഭവസ്ഥലത്തേക്ക് തിരിച്ചത്. യാത്രയ്ക്കിടെ പെൺകുട്ടിയോട് കൃത്യമായ ലൊക്കേഷൻ ചോദിച്ച് മനസ്സിലാക്കിയ പൊലീസ് സംഘം കുട്ടിയെ ഫോണിലൂടെ സമാധാനിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. വീട്ടിലെത്തിയപ്പോൾ മുറിയിൽ കയറിയ സ്ത്രീയുടെ വയോധികരായ അച്ഛനും അമ്മയും ഫോൺ വിളിച്ച മകളും ആണ് ഉണ്ടായിരുന്നത്.
മകൾ വാതിലിനു മുന്നിൽ നിന്ന് കരഞ്ഞുവിളിക്കുകയായിരുന്നു. മകളെ മാറ്റിനിർത്തിയ ശേഷം മൂർച്ചയുള്ള ആയുധം ഉപയോഗിച്ചു പൊലീസ് സംഘം വാതിൽ തകർത്ത് മുറിയിലേക്ക് കയറി.
ഈ സമയം സ്ത്രീ ഫാനിൽ തൂങ്ങിക്കഴിഞ്ഞിരുന്നു. 2 പേർ സ്ത്രീയെ കാലിൽ പിടിച്ച് ഉയർത്തുകയും മറ്റൊരാൾ കത്തിയുമായെത്തി ഷാൾ അറുത്തുമുറിക്കുകയും ചെയ്തു. പൊലീസ് വാഹനത്തിൽ തന്നെ അവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
തീവ്രപരിചരണ യൂണിറ്റിൽ പ്രവേശിപ്പിച്ച സ്ത്രീ 3 മണിക്കൂർ കഴിഞ്ഞാണ് അപകടനില തരണം ചെയ്തത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, സഹായം ലഭ്യമാകാൻ വിളിക്കാം: ദിശ ഹെൽപ് ലൈൻ– 1056, ടെലി മനസ്സ് ഹെൽപ് ലൈൻ– 14416). …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

