പാലക്കാട് ∙ ജോലിക്കായി പ്രായപൂർത്തിയാകാത്ത നാല് ആൺകുട്ടികളെ ബിഹാറിൽ നിന്നു കേരളത്തിലെത്തിച്ച യുവാവ് ആർപിഎഫിന്റെ പിടിയിൽ. ബിഹാർ ബെഗംറ സ്വദേശി മനീഷ് കുമാർ സിങ്ങിനെ (38) ആർപിഎഫ് അറസ്റ്റ് ചെയ്തു. പതിമൂന്നും പതിനേഴും വയസ്സുള്ള നാലു കുട്ടികളെയാണ് മലപ്പുറം മേലാറ്റൂരിലെ പ്ലൈവുഡ് കമ്പനിയിൽ ജോലിചെയ്യുന്നതിനായി യുവാവ് കേരളത്തിലെത്തിച്ചത്.
എറണാകുളം– പട്ന ബറൗണി എക്സ്പ്രസിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് കുട്ടികളുമായി മനീഷ് കുമാർ സിങ് പാലക്കാട് ജംക്ഷൻ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി. സംശയാസ്പദമായ നിലയിൽ പ്ലാറ്റ്ഫോമിൽ ഇരിക്കുന്ന കുട്ടികളെ കണ്ട
ആർപിഎഫ് ഉദ്യോഗസ്ഥർ യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചോദ്യംചെയ്യലിൽ കുട്ടികളെ ജോലിക്കായി കൊണ്ടുവന്നതാണെന്നു യുവാവ് മൊഴിനൽകി. പ്ലൈവുഡ് കമ്പനിയിലെ സൂപ്പർവൈസറാണ് പിടിയിലായ മനീഷ് കുമാർ.
കുട്ടിക്കടത്ത്, ബാലവേല നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ കേസെടുത്തു. കുട്ടികളെ ജില്ലാ ശിശുക്ഷേമ സമിതിക്കു കൈമാറി.
ഇവരുടെ രക്ഷിതാക്കളെ ശിശുക്ഷേമ സമിതി വിവരമറിയിച്ചിട്ടുണ്ട്. മാതാപിതാക്കളെത്തിയാൽ കുട്ടികളെ അവർക്കൊപ്പം വിട്ടയയ്ക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

