എരുമേലി ∙ ശബരിമല മണ്ഡലകാല തീർഥാടനം ആരംഭിക്കാൻ 2 നാൾ കൂടി ബാക്കിനിൽക്കെ എരുമേലിയിൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. നിർമാണം നടക്കുന്ന അന്നദാന മണ്ഡപത്തിന്റെ 2 നിലകൾ ഇത്തവണ വിരിപ്പന്തലിനായി തുറന്നുകൊടുക്കും.
400 തീർഥാടകർക്ക് ഒരുമിച്ചു വിരി വയ്ക്കാനുള്ള സൗകര്യമാണ് സജ്ജമാക്കുന്നത്. മുൻവർഷങ്ങളിൽ ക്ഷേത്രത്തിനു സമീപം ഉണ്ടായിരുന്ന വെർച്വൽ ക്യൂ ബുക്കിങ് കേന്ദ്രം ഇത്തവണ ക്ഷേത്രം നടപ്പന്തലിന് എതിർവശത്തെ സ്റ്റേഡിയം മൈതാനത്ത് പൊലീസ് എയ്ഡ് പോസ്റ്റിനോടു ചേർന്നാണ് പ്രവർത്തിക്കുന്നത്.
നാളെ രാവിലെ 9 മുതൽ വെർച്വൽ ക്യൂ കൗണ്ടർ പ്രവർത്തിച്ചു തുടങ്ങും.
അന്നദാനം മൂന്നു നേരം
ക്ഷേത്രത്തിൽ ഇത്തവണ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ മൂന്നുനേരവും അന്നദാനം നൽകും. തീർഥാടകർ കുളിക്കുന്ന വലിയതോട് ശുചീകരണം ഉടൻ ആരംഭിക്കുമെന്നും ഇതിനായി ഇറിഗേഷൻ വകുപ്പിനെ ചുമതലപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.
വലിയമ്പലത്തിലും ചെറിയമ്പലത്തിലും പെയ്ന്റിങ് പൂർത്തിയാക്കി. ദേവസ്വം ബോർഡിന്റെ 3 മൈതാനങ്ങളിലും ആദ്യ ഘട്ടമായി പൂട്ടുകട്ടകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായി.
ക്ഷേത്ര നടപ്പന്തലിന്റെ ഇടത് വശത്തെ പാർക്കിങ് മൈതാനം ഇത്തവണ ദേവസ്വം ബോർഡ് തുറന്നു കൊടുക്കുകയും കടകൾ ലേലം ചെയ്യുകയും ചെയ്തു. ഇന്ത്യൻ ക്ലോസറ്റുകൾക്കു പകരം ആദ്യമായി 30 യൂറോപ്യൻ ക്ലോസറ്റുകൾ സ്ഥാപിച്ച് ദേവസ്വം ബോർഡ് മൈതാനത്തെ ശുചിമുറി കോംപ്ലക്സ് നവീകരിച്ചു.
ഇന്ത്യൻ ക്ലോസറ്റുകൾ പൊളിച്ചു മാറ്റിയാണ് യൂറോപ്യൻ ക്ലോസറ്റുകൾ സ്ഥാപിച്ചത്. ഇവിടെ തന്നെ തീർഥാടകർക്ക് ബ്രഷ് ചെയ്യുന്നതിനുള്ള വിപുലമായ വാഷ് റൂം സൗകര്യം സജ്ജമാക്കി.
ശുചിമുറി കോംപ്ലക്സിനു മുകളിൽ 120 തീർഥാടകർക്ക് ഒരേ സമയം കുളിക്കാൻ കഴിയുന്നതും ചുറ്റും മറച്ചതുമായ ഷവർ ബാത്ത് സൗകര്യം സജ്ജമാക്കി.
ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ
എരുമേലി പഞ്ചായത്തിൽ നടപടികൾ അവസാന ഘട്ടത്തിലാണ്. തീർഥാടന കാലത്ത് ശബരിമല പാതയിൽ തീർഥാടകർ ഇറങ്ങി കുളിക്കുന്ന 8 കുളിക്കടവുകളിൽ 16 ലൈഫ് ഗാർഡുമാരെ നിയോഗിച്ചു.
കെഎസ്ആർടിസി ബസുകൾ പാർക്ക് ചെയ്യുന്നതിനായി മൈതാനം വാടകയ്ക്കെടുത്ത് നൽകി.
വഴിവിളക്കുകൾ എല്ലാം തെളിച്ചു. കണമല അട്ടിവളവിൽ പൊലീസിനു താമസിക്കാൻ മുറികൾ വാടകയ്ക്കെടുത്ത് നൽകി.
ശബരിമല പാതകളിലെ വഴിയരികിലെ കാട് വെട്ടിത്തെളിച്ചു. ഓരുങ്കൽക്കടവ്, എയ്ഞ്ചൽവാലി, പേരുത്തോട് തുടങ്ങിയ സ്ഥലങ്ങളിലെ ശുചിമുറി കോംപ്ലക്സുകൾ തീർഥാടന കാലത്ത് തുറന്നു പ്രവർത്തിക്കുന്നതിനായി ലേലം ചെയ്തു നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

