മൂലമറ്റം∙ വനംവകുപ്പിന്റെ തടസ്സംമൂലം അറക്കുളം പഞ്ചായത്തിലെ 10 റോഡുകൾ പണിയാൻ കഴിയുന്നില്ല. പഞ്ചായത്തിന്റെ ആസ്തി റജിസ്റ്ററിലുള്ളതും പതിറ്റാണ്ടുകളായി ആളുകൾ ഉപയോഗിച്ചിരുന്നതുമായ ഗോത്ര വർഗ പിന്നാക്ക മേഖലയിലെ റോഡുകളാണ് കോൺക്രീറ്റ് ചെയ്യാൻ പോലും വനംവകുപ്പ് അനുവദിക്കാത്തത്. പഞ്ചായത്തിന്റെ പശ്ചാത്തല വികസന ഫണ്ടുപയോഗിച്ച് കോൺക്രീറ്റ് ചെയ്യാനുള്ള അനുമതിയാണ് തേടുന്നത്.
അങ്കണവാടികളുൾപ്പടെയുള്ള പൊതു സ്ഥാപനത്തിലേക്കുള്ള റോഡുകളും ഇതിലുണ്ട്.
ഉളുപ്പുണി-ഉറുമ്പുള്ള്-അമ്പലമേട്-മുല്ലക്കാനം-ചക്കിമാലി റോഡ്, ഉളുപ്പുണി-കപ്പക്കാനം-ഉറുമ്പുള്ള് റോഡ് ഉറുമ്പുള്ള്-അങ്കണവാടി റോഡ് എന്നിവയാണ് വനം വകുപ്പിന്റെ കനിവ് തേടുന്ന പഞ്ചായത്തിലെ 5-ാം വാർഡിലെ റോഡുകൾ. ഏഴാം വാർഡായ പതിപ്പള്ളിയിലെ തെക്കുംഭാഗത്ത് യാത്രാ സൗകര്യമില്ലാത്തതിനെ തുടർന്ന് യഥാസമയം ചികിത്സ കിട്ടാതെയുള്ള മരണവും ആശുപത്രിയിലെത്തിക്കാൻ വൈകിയതു മൂലം വഴിയിൽ പ്രസവവും ഇവിടെ നടന്നിട്ടുണ്ട്.
രോഗികളെയും മറ്റും ചുമന്നാണ് ഇവിടെയുള്ളവർ റോഡിലെത്തിക്കുന്നത്.
കുളമാവ്-കലംകമഴ്ത്തി-കവന്ത-ഉളുപ്പുണി (കുളമാവ്-കോട്ടമല) റോഡാണ് വനപാലകർ വഴിമുടക്കിയ പ്രധാനപ്പെട്ട മറ്റൊരു നാട്ടുപാത.
ഇടുക്കി വന്യജീവി സങ്കേതത്തെ മൂലമറ്റവും തൊടുപുഴയുമടക്കമുള്ള ജനവാസമേഖലയിൽനിന്നു വേർതിരിക്കുന്ന റോഡാണിത്. 1977 മുതൽ അറക്കുളം പഞ്ചായത്തിന്റെ ആസ്തി റജിസ്റ്ററിലുള്ള റോഡിന് 2017ലാണ് വനംവകുപ്പ് പൂട്ടിട്ടത്.
ഈ റോഡ് തുറന്നുകിട്ടുന്നതിനായി സമരം ചെയ്ത പഞ്ചായത്ത് മുൻ പ്രസിഡന്റ് ഗീത തുളസീധരൻ അടക്കമുള്ളവർ വനംവകുപ്പ് കേസിൽ പ്രതികളായി. കുളമാവ് പള്ളിക്കവല മുതൽ 300 മീറ്റർ ടാറിങ്ങും 100 മീറ്റർ കോൺക്രീറ്റും പിന്നീട് മൺപാതയുമായ റോഡ് മൂലമറ്റം -കോട്ടമല റോഡിലേക്ക് എത്തുന്നത്.
ടാർ ചെയ്യുന്നത് മാത്രമേ വനനിയമം വിലക്കുന്നുള്ളൂ.
കോൺക്രീറ്റ് ചെയ്യാനോ ടൈൽ പാകാനോ തടസ്സമില്ലെന്ന് ഹൈക്കോടതി വിധിയുമുണ്ട്. എന്നിട്ടും റോഡുകൾക്കുള്ള പഞ്ചായത്ത് പദ്ധതികളൊന്നും നടപ്പാക്കാനാകുന്നില്ല. മേമുട്ടം-ആശ്രമം ലിങ്ക് റോഡ്, മാക്കത്തടം-പതിപ്പള്ളി-തെക്കുംഭാഗം റോഡ്, പതിപ്പള്ളി-പതിയമ്പലം റോഡ്, മൂലമറ്റം -തേക്കിൻകൂപ്പ് – അങ്കണവാടി റോഡ് എന്നിവയും വനംവകുപ്പ് തടസ്സം പറയുന്ന റോഡുകളാണ്.
എന്നാൽ നിയമം നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതികരണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

