ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള പിപൽക്കോട്ടിക്ക് സമീപം വൻ മണ്ണിടിച്ചിലിനെ തുടർന്ന് വലിയ അപകടം. നിർമാണത്തിലിരിക്കുന്ന മൂന്ന് കിലോമീറ്റർ നീളമുള്ള തുരങ്കത്തിനുള്ളിലേക്ക് മണ്ണും ചെളിയും വെള്ളവും കുത്തിയൊലിച്ചെത്തിയതിനെ തുടർന്ന് നാല് തൊഴിലാളികൾ ഉള്ളിൽ കുടുങ്ങി കിടക്കുന്നതായി അധികൃതർ വ്യക്തമാക്കി.
തുരങ്കത്തിന്റെ പ്രവേശന കവാടത്തിൽ നിന്ന് ഏകദേശം 1.5 കിലോമീറ്റർ ഉള്ളിലായാണ് അവശിഷ്ടങ്ങൾ വന്ന് അടിഞ്ഞിരിക്കുന്നത്. വ്യാഴാഴ്ച രാത്രി ഏഴരയോടെ 22 തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ ജോലികൾ ചെയ്തുവരുന്നതിനിടയിലാണ് പെട്ടെന്ന് വെള്ളവും മണ്ണും ഇരച്ചുകയറിയതെന്ന് പൊലീസ് അറിയിച്ചു.
സംഭവവിവരമറിഞ്ഞ ഉടൻ തന്നെ പ്രാദേശിക ദുരന്തനിവാരണ സേനാംഗങ്ങളെ സംഭവസ്ഥലത്തേക്ക് നിയോഗിക്കുകയും രക്ഷാപ്രവർത്തനം ഊർജിതമാക്കുകയും ചെയ്തു. തുരങ്കത്തിലുണ്ടായിരുന്ന 22 പേരിൽ 18 തൊഴിലാളികളെ ഇതിനോടകം തന്നെ സുരക്ഷിതമായി പുറത്തെത്തിക്കാൻ സാധിച്ചിട്ടുണ്ട്.
ബാക്കിയുള്ളവരെ കണ്ടെത്തുന്നതിനും ഒഴിപ്പിക്കുന്നതിനുമുള്ള കഠിന ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ പരുക്കേറ്റ നിലയിൽ രക്ഷപ്പെടുത്തിയ തൊഴിലാളികളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും വേണ്ടുന്ന മുഴുവൻ വൈദ്യസഹായങ്ങളും ഉറപ്പാക്കുകയും ചെയ്തിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി വ്യക്തമാക്കി.
അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന്റെ ഭാഗമായി തൊഴിലാളികളെ എയർലിഫ്റ്റ് ചെയ്യാനായി ഹെലികോപ്റ്റർ സൗകര്യവും മുൻകൂട്ടി സജ്ജമാക്കിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും എത്രയും പെട്ടെന്ന് സുരക്ഷിതരായി പുറത്തെത്തിക്കുക എന്നതാണ് സർക്കാരിന്റെ പ്രാഥമിക ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

