ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആന്റ് റിസർച്ച് (നൽസാര്) വിദ്യാർത്ഥികളുടെ എൻറോൾമെന്റുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മുൻ ഉത്തരവ് ബാർ കൗൺസിൽ പിൻവലിച്ചു. വ്യാപകമായ പ്രതിഷേധങ്ങളെ തുടർന്നാണ് എൻറോൾമെന്റ് തടഞ്ഞുകൊണ്ടുള്ള നടപടി അധികൃതർ തിരുത്തിയത്.
ബിരുദദാന ചടങ്ങിൽ ജസ്റ്റിസ് സൂര്യകാന്ത് മുഖ്യാതിഥിയാകുന്നതിനെതിരെ വിദ്യാർത്ഥികൾ രംഗത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥികളുടെ എൻറോൾമെന്റ് തടഞ്ഞുകൊണ്ട് ഉത്തരവ് പുറത്തിറങ്ങിയത്.
എന്നാൽ നിലവിലെ പുതിയ ഉത്തരവ് പ്രകാരം സർവകലാശാലയിലെ എല്ലാ വിദ്യാർത്ഥികൾക്കും എൻറോൾ ചെയ്യാൻ സാധിക്കുമെന്ന് ബാർ കൗൺസിൽ വ്യക്തമാക്കി. ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനെതിരെ 2026 ബാച്ചിലെ 450-ലധികം വിദ്യാർത്ഥികൾ ആണ് ഔദ്യോഗികമായി നിവേദനം സമർപ്പിച്ചത്.
വൈസ് ചാൻസലർ, രജിസ്ട്രാർ, വിവിധ പ്രൊഫസർമാർ എന്നിവർക്കാണ് വിദ്യാർത്ഥികൾ ഒപ്പിട്ട നിവേദനം കൈമാറിയത്.
തങ്ങളുടെ ആശങ്കകളും നിലപാടുകളും സർവകലാശാലാ അധികൃതരെ ഔദ്യോഗികമായി അറിയിച്ചതായി വിദ്യാർത്ഥികൾ വ്യക്തമാക്കി. കഴിഞ്ഞ ജൂലൈ 20-ന് ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പാർലമെന്റ് മാർച്ചിനിടയിലുണ്ടായ പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട
കേസ് സുപ്രീം കോടതി പരിഗണിച്ച വേളയിലെ കോടതിയുടെ ചില നിരീക്ഷണങ്ങളാണ് വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് ആധാരം. പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങളടങ്ങിയ തെളിവുകൾ പരിശോധിക്കാൻ വിസമ്മതിക്കുകയും ‘ഞങ്ങൾക്ക് സമയമില്ല’ എന്ന് പരാമർശിക്കുകയും ചെയ്തുവെന്നാണ് വിദ്യാർത്ഥികളുടെ പ്രധാന വിമർശനം.
കൂടാതെ മുൻപ് രാജ്യത്തെ യുവജനങ്ങളെ പാറ്റകളോട് ഉപമിച്ചു എന്ന് ചൂണ്ടിക്കാട്ടിയും വിദ്യാർത്ഥികൾ രംഗത്തെത്തി. ഇത്തരത്തിലുള്ള നിലപാടുകൾ സ്വീകരിക്കുന്ന ഒരു വ്യക്തിയെ കാമ്പസിലെ പ്രധാന ചടങ്ങിലേക്ക് മുഖ്യാതിഥിയായി ക്ഷണിക്കുന്നത് സർവകലാശാലയുടെ ധാർമ്മിക തത്വങ്ങൾക്ക് നിരക്കുന്നതല്ലെന്നാണ് വിദ്യാർത്ഥികളുടെ പക്ഷം.
തങ്ങളുടെ പ്രതിഷേധം ചീഫ് ജസ്റ്റിസ് എന്ന ഭരണഘടനാ പദവിക്കെതിരെയല്ലെന്നും മറിച്ച് വ്യക്തിപരമായ ചില നിലപാടുകളോടാണെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കിയിരുന്നു. ഈ സംഭവവികാസങ്ങൾക്ക് പിന്നാലെയാണ് പ്രതിഷേധിച്ച വിദ്യാർത്ഥികളെ എൻറോൾ ചെയ്യാൻ അനുവദിക്കില്ലെന്ന് കാണിച്ച് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മനൻ കുമാർ മിശ്റ ഉത്തരവിറക്കിയത്.
എന്നാൽ ഈ നടപടിക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് വിവിധ കോണുകളിൽ നിന്ന് ഉയർന്നു വന്നത്. ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ കാര്യാലയത്തിന് മുന്നിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സി ജെ പി വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് ബാർ കൗൺസിൽ ഒടുവിൽ ഉത്തരവ് പിൻവലിക്കാൻ തയ്യാറായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

