എരുമേലി ∙ തീർഥാടന മേഖലയിൽ രാസ കുങ്കുമത്തിന്റെ വിൽപന ഹൈക്കോടതി നിരോധിച്ചതോടെ വെട്ടിലായി കച്ചവടക്കാർ. പേട്ടതുള്ളുന്ന തീർഥാടകർക്ക് വിൽപന നടത്താൻ വൻതോതിൽ രാസകുങ്കുമം തമിഴ്നാട്ടിൽ ഓർഡർ നൽകിയ കച്ചവടക്കാരാണ് ദുരിതത്തിലായത്.
തീർഥാടനത്തിന് ഒരു മാസത്തിനു മുൻപ് ഓർഡർ നൽകിയാൽ മാത്രമേ ഇത് ലഭിക്കൂ. മുൻകൂർ പണവും ചിലർ നൽകി.
സീസൺ കാലത്ത് കച്ചവടം നടത്തുന്ന താൽക്കാലിക കച്ചവടക്കാരും സ്ഥിരം കച്ചവടക്കാരുമടക്കം നൂറ് കണക്കിനു പേരാണ് ഇത്തരത്തിൽ കുങ്കുമത്തിനു ഓർഡർ നൽകിയിട്ടുള്ളത്.
രാസകുങ്കുമം പാടില്ലെന്നും പകരം ജൈവ സിന്ദൂരം മാത്രമേ ഉപയോഗിക്കാവൂ എന്നുമുള്ള കലക്ടറുടെ ഉത്തരവ് നിലവിലുണ്ടെങ്കിലും ജൈവസിന്ദൂരം ലഭ്യമല്ലെന്ന കാരണം പറഞ്ഞ് വർഷങ്ങളായി രാസകുങ്കുമം വിൽപന നടത്തുകയാണ്. ഇത് ദേഹത്ത് പൂശിയാണ് അയ്യപ്പഭക്തർ പേട്ട
തുള്ളുന്നത്.
രാസകുങ്കുമം തുടർച്ചയായി ശ്വസിക്കുന്ന നാട്ടുകാർക്കും കച്ചവടക്കാർക്കും ശ്വാസകോശ രോഗങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഉപയോഗിക്കുന്നവരിൽ ത്വക്ക് രോഗങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പേട്ടതുള്ളിയ ശേഷം ഇവർ വലിയ തോട്ടിലാണ് കുളിക്കുന്നത്.
പതിനായിരക്കണക്കിനു തീർഥാടകർ തോട്ടിൽ കുളിക്കുമ്പോൾ തോട്ടിലെ ജലത്തിൽ രാസകുങ്കുമം കലരുന്ന സ്ഥിതിയായിരുന്നു. തീർഥാടകർക്ക് കുളിക്കുന്നതിന് തോടിനു സമീപം ചെറിയ സാംപിൾ പാക്കറ്റ് ഷാംപൂവും സോപ്പും വിൽപനയുണ്ട്.
ഇവയുടെ കവറുകൾ വൻതോതിൽ തോട്ടിലും കരയിലും തള്ളുന്നതും വലിയ പാരിസ്ഥിതിക പ്രശ്നം ഉണ്ടാക്കിയിരുന്നു. ഇതാണ് ഹൈക്കോടതി ഇടപെടലിലൂടെ നിരോധിച്ചത്.
എരുമേലിയിൽ മാത്രംവിൽക്കുന്നത് 25 ടൺ
എരുമേലിയിൽ മാത്രം ഒരു തീർഥാടന കാലത്ത് 25 ടണ്ണിനു മുകളിൽ രാസ കുങ്കുമം വിൽപ്പനയുണ്ടെന്നാണ് കണക്കാക്കുന്നത്.
ഏതാനും ചില മൊത്തക്കച്ചവടക്കാരാണ് രാസ കുങ്കുമംഎരുമേലിയിൽ എത്തിച്ച് ചെറു പായ്ക്കറ്റുകളാക്കി വിൽപന നടത്തുന്നത്.
ജൈവ കുങ്കുമം വരണം
ഏതാനും വർഷം മുൻപ് പ്രകൃതി സ്നേഹികൾ വിവിധ സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് ജൈവ കുങ്കുമം എത്തിച്ച് എരുമേലിയിൽ പേട്ടതുള്ളുന്ന തീർഥാടകർക്ക് സൗജന്യമായി വിതരണം ചെയ്തിരുന്നു. എന്നാൽ ഈ പദ്ധതി പരാജയപ്പെടുത്താൻ വലിയ സമ്മർദമാണ് ഉണ്ടായതെന്ന് അന്ന് പദ്ധതിക്ക് നേതൃത്വം നൽകിയവർ പറഞ്ഞു.
അന്ന് ജൈവകുങ്കുമം സംബന്ധിച്ച് പ്രദർശനവും തീർഥാടന കാലത്ത് എരുമേലിയിൽ നടത്തിയിരുന്നു. പ്രകൃതിക്ക് ഇണങ്ങുന്ന ജൈവ സാമഗ്രികൾ കൊണ്ടാണ് ജൈവ കുങ്കുമം തയാറാക്കുന്നത്.
അത് മനുഷ്യർക്കും പ്രകൃതിക്കും ദോഷം ചെയ്യുന്നില്ലെന്നും ഇവർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

