കൽപറ്റ ∙ ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപറ്റ എസ്കെഎംജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി.
പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. ഞായറാഴ്ച രാവിലെ ഇംഗ്ലിഷും ഉച്ചകഴിഞ്ഞ് കെമിസ്ട്രി പരീക്ഷയും നടക്കും.
നവംബർ 16ന് ഫിസിക്സ്, ബയോളജി പരീക്ഷകളും നവംബർ 17ന് ഇൻഫർമേഷൻ ടെക്നോളജി, ഗണിതശാസ്ത്രം എന്നീ പരീക്ഷകളും നടക്കും. അവസാന ദിവസമായ നവംബർ 18ന് സാമൂഹ്യശാസ്ത്ര പരീക്ഷയാണ് നടക്കുക.
ആഗ്രഹവും സ്വപ്നവും ഒത്തുചേര്‍ന്നപ്പോൾ പഠനം വീണ്ടെടുക്കാനാണ് റസീന പത്താംതരം തുല്യതാ പരീക്ഷയ്ക്ക് എത്തിയത്. ജന്മനാ ഭിന്നശേഷിക്കാരിയായ 50 വയസുകാരി റസീന ഡിഗ്രി പഠന മോഹവുമായാണ് തുല്യതാ പരീക്ഷക്കെത്തിയത്.
ശാരീരിക അവശതകൾ കാരണം സ്കൂളിൽ പോയി ഒരു ക്ലാസിൽ പോലും പഠിക്കാൻ കഴിയാതിരുന്ന റസീന സാക്ഷരതാ പരിപാടിയിലൂടെയാണ് ആദ്യാക്ഷരം കുറിച്ചത്. നാലാം തരം, ഏഴാം തരം തുല്യതാ പഠനങ്ങൾ പൂര്‍ത്തിയാക്കി ഈ വര്‍ഷം പത്താംതരം തുല്യതാ ക്ലാസിൽ പ്രവേശനം നേടി.
കൽപറ്റ ടൗണിനടുത്തുള്ള വീട്ടിൽ ഒറ്റയ്ക്കാണ് റസീനയുടെ താമസം. ഉമ്മയുടെ മരണശേഷം അയൽവാസിയായ താജുന്നിസയുടെ പ്രോത്സാഹനവും പിന്തുണയുമാണ് ഒപ്പം.
സ്വന്തം പ്രയത്നത്തിലൂടെ തയ്യലും റസീന വശമാക്കിയിട്ടുണ്ട്. പത്താം തരം നല്ല മാർക്കോടെ വിജയിച്ച് പന്ത്രണ്ടാം ക്ലാസും കടന്ന് ഡിഗ്രിയും നേടണമെന്നാണ് റസീനയുടെ ആഗ്രഹം.
45 വർഷങ്ങൾക്കു മുമ്പ് ഒൻപതാം ക്ലാസിൽ ഉപേക്ഷിച്ച സ്വപ്നങ്ങൾക്കുവേണ്ടിയാണ് അറുപതാം വയസ്സിൽ അയ്യപ്പൻ തുല്യതാ പരീക്ഷ എഴുതാനെത്തിയത്. റേഷൻ കടയിലെ സെയിൽസ്മാനായ അദ്ദേഹം പരീക്ഷ കഴിയുംവരെ പകരക്കാരനെ കട
ഏൽപ്പിച്ചാണ് പരീക്ഷയെഴുതുന്നത്. ആദ്യ പരീക്ഷയായ മലയാളത്തിന് നല്ല മാർക്ക് ലഭിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.
പ്രായമുള്ള പഠിതാക്കൾക്കുള്ള തുല്യതാ പരീക്ഷയിൽ ഒരു ദിവസം രണ്ട് പരീക്ഷ നടത്തുന്നതിൽ അൽപം പരിഭവവും അദ്ദേഹത്തിനുണ്ട്. വെങ്ങപ്പള്ളി സ്വദേശിയായ അയ്യപ്പൻ അവിവാഹിതനാണ്.
ഭിന്നശേഷിക്കാരനായ നിതിനും പരീക്ഷ സഹായിയായ വൈഗയുമൊത്ത് ഇന്നത്തെ പത്താംതരം തുല്യത പരീക്ഷ എഴുതാനെത്തി. സഹോദരിമാരായ ജെസിയയും വാഹിദയും മത്സരിച്ച് പഠിച്ചാണ് പരീക്ഷക്ക് എത്തിയത്.
ദമ്പതികളായ 40 കാരൻ അസീസും 39 കാരി സുനീറയും മകളുടെ കൂടെ പ്ലസ് ടു പഠിക്കണമെന്ന ആഗ്രഹത്തോടെ പത്താം തരം തുല്യതയെഴുതുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

