നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിൽ രണ്ടുപേരുടെ ജീവിയെടുത്ത കടുവയ്ക്കായുള്ള തെരച്ചിൽ വെല്ലുവിളികൾ നേരിടുന്നു. ഓവാലി പഞ്ചായത്തിലെ ലോറസ്റ്റൻ മേഖലയിൽ കടുവയെ പിടികൂടാൻ ലക്ഷ്യമിട്ടുള്ള ഉദ്യമമാണ് മോശം കാലാവസ്ഥ മൂലം തടസ്സപ്പെട്ടത്.
പ്രഭാതം മുതൽ പ്രദേശത്ത് ശക്തമായ മഴ പെയ്തതിനെത്തുടർന്ന് ഡ്രോൺ വഴിയുള്ള നിരീക്ഷണം പൂർണ്ണമായും നിർത്തിവെയ്ക്കേണ്ടി വന്നു. മഴ ശമിച്ചെങ്കിലും മേഖലയിൽ ശക്തമായ കോടമഞ്ഞ് പടർന്നത് തിരച്ചിലിന്റെ വേഗതയെ ബാധിച്ചു.
പ്രതിസന്ധി ഘട്ടത്തിലും വനംവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ലോറസ്റ്റൻ, ബാരം എന്നിവയോട് ചേർന്നുള്ള തേയിലത്തോട്ടങ്ങളിൽ ഇതിനോടകം 11 കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്.
കൂടാതെ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ക്യാമറകൾ സജ്ജീകരിക്കാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. ബാരത്തിന്റെ താഴ്ഭാഗത്തുള്ള ധർമഗിരി മേഖലയിൽ കടുവയുടെ സാന്നിധ്യം ഉണ്ടായതായി പ്രദേശവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വൈകുന്നേരത്തോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇവിടെയും പരിശോധന നടത്തി.
കടുവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്ത മേഖലകളിലുള്ളവർ ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഗ്രാമങ്ങളിൽ വനംവകുപ്പ് അധികൃതർ മൈക്ക് വഴി ജാഗ്രതാ നിർദ്ദേശം നൽകി.
രണ്ട് സംഘങ്ങളിലായി മയക്കുവെടി വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. നീലഗിരിയിലെ മറ്റ് വനം ഡിവിഷനുകളിൽ നിന്നും ആവശ്യമായ കൂടുകൾ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കടുവയുടെ സാന്നിധ്യമുള്ള എല്ലാ ഭാഗങ്ങളിലും കൂടുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. സുരക്ഷ മുൻനിർത്തി ലാറസ്റ്റനിലെയും സമീപ പ്രദേശങ്ങളിലെയും തോട്ടങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തിരച്ചിലിനിടെ കടുവയെ കണ്ടെത്തിയാൽ ഉടൻ മയക്കുവെടി വെച്ച് പിടികൂടാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നരഭോജിയായ കടുവയെ എത്രയും വേഗം തുരത്തണമെന്നും ഇനിയൊരു ദുരന്തം ആവർത്തിക്കാൻ അനുവദിക്കരുതെന്നുമാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
അതിനിടെ, ഗൂഡല്ലൂരിലെ ജനജീവിതം സ്തംഭിപ്പിച്ച സംഭവത്തിൽ തമിഴ്നാട് നിയമസഭ നിർണായക നീക്കം നടത്തി. ഓവാലിയിൽ മനുഷ്യരെ കൊന്നുതിന്ന കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് നിയമസഭ ശ്രദ്ധ ക്ഷണിക്കൽ പ്രമേയം പാസാക്കി.
ഗൂഡല്ലൂർ എംഎൽഎ ദ്രാവിഡമണിയുടെ അഭ്യർത്ഥനയെ മാനിച്ച് അഞ്ച് എംഎൽഎമാരാണ് സഭയിൽ പ്രദേശത്തെ അതീവ ഗുരുതരമായ സാഹചര്യം വിശദീകരിച്ചത്. നരഭോജി കടുവയെ പിടികൂടുന്നതിൽ യാതൊരുവിധ കാലതാമസവും പാടില്ലെന്നും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.
പ്രദേശത്തെ ജനങ്ങളുടെ ഭീതി അകറ്റാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും വനംവകുപ്പിന്റെ ഭാഗത്തുനിന്നുള്ള മെല്ലെപ്പോക്ക് അംഗീകരിക്കാനാകില്ലെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു. വന്യജീവി ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് നൽകിവരുന്ന നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്നും സഭയിൽ വിമർശനമുയർന്നു.
കേന്ദ്ര സർക്കാർ അനുവദിക്കുന്ന തുക വളരെ കുറവായതിനാൽ സംസ്ഥാന സർക്കാർ സ്വന്തം നിലയിൽ നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കാൻ തയ്യാറാകണം. കടുവയുടെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് പ്രതിഷേധിച്ച നാട്ടുകാർക്കെതിരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതും ഏഴ് പേരെ അറസ്റ്റ് ചെയ്തതും തികച്ചും അനീതിയാണെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
വനം വകുപ്പ് കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കിൽ ജീവനുകൾ നഷ്ടപ്പെടില്ലായിരുന്നുവെന്നും അറസ്റ്റിലായ മുഴുവൻ പേരെയും ഉടനടി വിട്ടയക്കണമെന്നും ആവശ്യമുയർന്നു. നരഭോജി കടുവയെ പിടികൂടാനുള്ള എല്ലാ നടപടികളും പുരോഗമിക്കുകയാണെന്നും, പിടിയിലാകുന്ന കടുവയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും വനം വകുപ്പ് മന്ത്രി സഭയിൽ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

