കോവളം∙ ഡോറിനിടയിൽ വിരൽ കുടുങ്ങിയ ഏഴാം ക്ലാസ് വിദ്യാർഥി കയറും മുൻപേ കെഎസ്ആർടിസി ബസ് മുന്നോട്ടെടുത്തു; ദുരന്തം വഴിമാറിയത് കുഞ്ഞു സഹോദരിയുടെ സമയോചിത ഇടപെടലിൽ. വിദ്യാർഥിയുടെ ചൂണ്ടുവിരൽ ഒടിഞ്ഞുതൂങ്ങിയിട്ടും ടിക്കറ്റ് നൽകി കണ്ടക്ടർ ഇരുവരെയും സ്റ്റോപ്പിൽ ഇറക്കിവിട്ടുവെന്ന് പരാതി. കഴിഞ്ഞ ദിവസം കോവളം ജംക്ഷനു സമീപത്തെ സംഭവത്തിൽ വാഴമുട്ടം ജനതാലയത്തിൽ സുനിൽ–മഞ്ജു ദമ്പതിമാരുടെ മകൻ ഏഴാം ക്ലാസ് വിദ്യാർഥി കാർത്തിക്കിന്(12) ആണു പരുക്കേറ്റത്. ട്യൂഷൻ കഴിഞ്ഞു വീട്ടിലേക്കു പോകാൻ ഒടുവിലായി ബസ് കയറവേ ആരോ വാതിലടയ്ക്കുകയായിരുന്നു.
വിരൽ കുടുങ്ങിയ നിലയിൽ ബസ് മുന്നോട്ടെടുക്കാൻ തുടങ്ങിയപ്പോൾ ഒപ്പമുണ്ടായിരുന്ന ബന്ധു അഖില(12) ബസിൽ തട്ടി നിലവിളിച്ചു. ഇതോടെ വാഹനം നിർത്തി ഇവരെ കയറ്റുകയായിരുന്നു. വിരൽ ഒടിഞ്ഞു തൂങ്ങി രക്തം വാർന്ന നിലയിലും വനിതാ കണ്ടക്ടർ ടിക്കറ്റ് നൽകി, കുട്ടികൾക്ക് ഇറങ്ങേണ്ട
വാഴമുട്ടം ജംക്ഷനിൽ ഇറക്കി വിട്ടു. അപകടവിവരം അറിയിക്കാൻ സംവിധാനം ഒരുക്കാതെ പരുക്കേറ്റ കുട്ടിയെ വഴിയിൽ ഇറക്കി വിട്ട
ബസ് അധികൃതരുടെ നടപടിക്കെതിരെ കോവളം പൊലീസിൽ പരാതി നൽകിയതായി മാതാവ് മഞ്ജു പറഞ്ഞു.
എന്നാൽ കുട്ടിയെ ആശുപത്രിയിൽ കൊണ്ടു പോകാൻ ശ്രമം നടത്തിയെന്നും കുട്ടികൾ വേണ്ട എന്നു പറഞ്ഞതിനാലാണ് അവരുടെ സ്റ്റോപ്പിൽ ഇറക്കിയതെന്നുമാണ് കണ്ടക്ടറുടെ വിശദീകരണമെന്നു കെഎസ്ആർടിസി ആറ്റിങ്ങൽ ഡിപ്പോ അധികൃതർ അറിയിച്ചു. വകുപ്പുതലത്തിൽ അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.
രക്തം വാർന്ന കാഴ്ച കണ്ടു ഭയന്ന അഖിലയ്ക്കു പനി ബാധിച്ചതായും മഞ്ജു പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

