കോട്ടയം∙ ഭിന്നശേഷിക്കാരിയായ മകളെയും അമ്മയെയും വീട്ടിൽ നിന്ന് ഇറക്കിവിടാനുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ നടപടി തടഞ്ഞ് കോൺഗ്രസ്. കോടതിയുടെ അന്തിമതീരുമാനം വരുന്നതുവരെ പനച്ചിക്കാട് പൂവന്തുരുത്ത് വിഷ്ണു വിലാസത്തിൽ ഉഷാകുമാരിക്കും മകൾക്കും വീടിന്റെ ഒന്നാം നിലയിൽ കഴിയാമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ധനകാര്യ സ്ഥാപനവുമായി നടത്തിയ ചർച്ചയിൽ ധാരണയായി.
കുടുംബത്തെ അറിയിക്കാതെ ഭർത്താവ് എടുത്ത ലക്ഷങ്ങളുടെ കടബാധ്യത കാരണം പെരുവഴിയിലേക്കിറങ്ങേണ്ടി വരുന്ന ഉഷാകുമാരിയുടെയും 22 വയസ്സുള്ള മകളുടെയും ദുരിതാവസ്ഥ കഴിഞ്ഞ ദിവസം മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.
ജപ്തി നടപടികളിൽ സ്റ്റേ ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിക്കും. ഡിസിസി ജനറൽ സെക്രട്ടറിയും അഭിഭാഷകനുമായ സിബി ചേനപ്പാടി ഇവർക്ക് നിയമസഹായം നൽകും.
ആവശ്യമായ ഭക്ഷണം, മരുന്ന്, മറ്റ് സാധനങ്ങൾ തുടങ്ങിയ കോൺഗ്രസ് ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സിബി ജോൺ കൈതയിലിന്റെ നേതൃത്വത്തിൽ ഇന്നലെ വീട്ടിലെത്തിച്ചു നൽകി.
ഒന്നാം നിലയിലേക്ക് കയറാൻ ഇവർ ഉപയോഗിച്ചിരുന്ന തുരുമ്പെടുത്ത ഗോവണി നവീകരണ പ്രവർത്തനങ്ങൾക്കിടെ തകർന്നുവീണു. തുടർന്ന് പ്രവർത്തകർ പുനർനിർമിച്ച് നൽകി.
പാലിയേറ്റീവ് വൊളന്റിയർമാരുടെ പരിചരണവും ഉറപ്പാക്കി. മകളെ വീട്ടിലിരുത്തി ജോലിക്ക് പോകാൻ ഉഷാകുമാരിക്ക് കഴിയാത്ത സാഹചര്യമായതിനാൽ ഇവർക്കുള്ള ഭക്ഷണം സൗജന്യമായി വീട്ടിലെത്തിച്ചു നൽകുമെന്ന് കാർമൽ കേറ്ററിങ് ഉടമ ഷാജി മുണ്ടയ്ക്കൽ അറിയിച്ചു.
താഴത്തെ നില സീൽ ചെയ്തത് നീക്കാനാകില്ലെന്നും എന്നാൽ കോടതിയിൽ അമ്മയുടെയും മകളുടെയും സാഹചര്യം വ്യക്തമാക്കി റിപ്പോർട്ട് നൽകാമെന്നും ജപ്തിയുടെ ചുമതലയുള്ള ഏജൻസി എംഎൽഎയെ അറിയിച്ചു.
വായ്പ കുടിശിക അടയ്ക്കുന്നതിന്റെ ബദൽ മാർഗങ്ങൾ എംഎൽഎയുടെ മധ്യസ്ഥതയിൽ പരിശോധിക്കാമെന്ന് ധനകാര്യ സ്ഥാപന അധികൃതരും അറിയിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയൻ പി.മഠം, പഞ്ചായത്തംഗം മഞ്ജു രാജേഷ്, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി വത്സല അപ്പുക്കുട്ടൻ, മുൻ പഞ്ചായത്തംഗം ഉദയകുമാർ, ലതീഷ്, അഭിലാഷ് എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

