മുംബൈ-ഡൽഹി എക്സ്പ്രസ് ഹൈവേയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. വാഴക്കുളത്തു നിന്നു കൈതച്ചക്ക കയറ്റി ഡൽഹിക്ക് പോകുകയായിരുന്ന ട്രക്ക് മറ്റൊരു ട്രെയിലറിനു പിന്നിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.
മോനിപ്പള്ളി ചീങ്കല്ലേൽ ആലുങ്കത്തടത്തിൽ സനീഷ് ജെ നായർ (38) ആണ് സംഭവസ്ഥലത്തു വെച്ച് മരിച്ചത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന കുമരകം ചക്രംപടി വടക്കേച്ചിറ സണ്ണിയുടെ മകൻ സുഭാഷിന് (42) സാരമായി പരുക്കേറ്റു.
മധ്യപ്രദേശ്-രാജസ്ഥാൻ അതിർത്തിയിൽ മന്ദ്സൗർ ഭാൻപുര ഭാഗത്തു വച്ച് കഴിഞ്ഞ ദിവസമായിരുന്നു അപകടം നടന്നത്. സനീഷും സുഭാഷും സഞ്ചരിച്ചിരുന്ന ട്രക്ക് എക്സ്പ്രസ് ഹൈവേയിൽ ട്രെയിലർ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു.
ട്രെയിലർ ലോറിയുടെ ടയർ പൊട്ടിയതിനെ തുടർന്നുണ്ടായ പെട്ടെന്ന് ബ്രേക്കിംഗാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. അപകടത്തിന്റെ ആഘാതത്തിൽ ഇവർ സഞ്ചരിച്ചിരുന്ന ട്രക്കിന്റെ മുൻഭാഗം പൂർണമായി തകർന്നു.
സംഭവസ്ഥലത്ത് ഓടിയെത്തിയ നാട്ടുകാരും പിന്നീട് സ്ഥലത്തെത്തിയ മലയാളി അസോസിയേഷൻ പ്രവർത്തകരും ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ സനീഷിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ രാജസ്ഥാൻ പ്രതിനിധി സി.എസ്. ദിപുമോൻ, ലാൽ.കെ.ഏബ്രഹാം, ടി.കെ.മുരളീധരൻ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്.
തുടർന്ന് എംബാം ചെയ്ത മൃതദേഹം ഇൻഡോറിൽ നിന്നും വിമാനമാർഗം നാട്ടിലേക്ക് കൊണ്ടുവരും. പരേതനായ ജനാർദ്ദനന്റെയും വത്സലയുടെയും മകനാണ് അന്തരിച്ച സനീഷ് ജെ.നായർ (38).
അനിതയാണ് ഭാര്യ. ആദിൽ, അവന്തിക എന്നിവരാണ് മക്കൾ.
സനോജ് ജെ നായർ സഹോദരനാണ്. വർഷങ്ങളായി കൈതച്ചക്ക ഉൾപ്പെടെയുള്ള കാർഷികോത്പന്നങ്ങളുടെ ലോഡുകളുമായി ഉത്തരേന്ത്യയിലേക്ക് സ്ഥിരമായി പോകുന്നയാളാണ് സനീഷ്.
അപകടത്തിൽ പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന സുഭാഷിനെയും മൃതദേഹത്തോടൊപ്പം വ്യാഴാഴ്ച തന്നെ നാട്ടിലേക്കു കൊണ്ടുവരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വ്യാഴാഴ്ച (ഓഗസ്റ്റ് 14) സനീഷിന്റെ ഭൗതികശരീരം നാട്ടിലെത്തിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

