ചിറയിൻകീഴ്∙അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കൾ തീരദേശ പഞ്ചായത്തുകളായ അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം പ്രദേശവാസികൾക്ക് ഭീഷണിയാകാൻ തുടങ്ങിയിട്ട് മാസങ്ങളായി.രാത്രിയായാൽ പ്രധാന പാതകളിലും ഇടറോഡുകളിലും കൂട്ടം ചേർന്ന് എത്തുന്ന തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി മാറിയിട്ടുണ്ട്. പ്രധാനമായും പഞ്ചായത്തുകളിലെ പൊതു മാർക്കറ്റുകൾ കേന്ദ്രീകരിച്ചാണു തെരുവുനായ്ക്കൾ പെറ്റുപെരുകുന്നത്.
മേഖലയിലെ ഇറച്ചി വിൽപന കേന്ദ്രങ്ങൾ, മാർക്കറ്റുകളിൽ നിന്നു പുറന്തള്ളുന്ന മത്സ്യ മാംസാവശിഷ്ടങ്ങൾ, സമീപ ഭക്ഷണശാലകളിൽ നിന്നു രാത്രികാലങ്ങളിൽ പാതയോരത്തും മറ്റും വാഹനങ്ങളിലെത്തി ഉപേക്ഷിച്ചുപോകുന്ന ഭക്ഷണാവശിഷ്ടങ്ങൾ എന്നിവയാണു തെരുവുനായ്ക്കൾ എണ്ണത്തിൽ വർധിക്കുന്നതിനു വഴിയൊരുക്കുന്നത്.പകൽ സമയങ്ങളിൽ ആൾപ്പാർപ്പില്ലാത്ത സ്ഥലങ്ങൾ, കായലോരങ്ങൾ,
പൂട്ടിക്കിടക്കുന്ന ആൾപ്പാർപ്പില്ലാത്ത വീടുകൾ, മാർക്കറ്റുകളിൽ മാലിന്യങ്ങൾ തള്ളുന്ന ഇടങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷിതമായി കഴിയുന്ന നായ്ക്കൂട്ടം രാത്രിയായാൽ പ്രധാന പാതകളിലും ബസ് സ്റ്റാൻഡ്, ജംക്ഷനുകൾ എന്നിവിടങ്ങളിൽ വഴിയാത്രിക്കാരെ ആക്രമിക്കുന്നത് പതിവാകുകയാണ്.ഇതിനോടകം പത്തോളം ബൈക്ക് യാത്രികർ തെരുവുനായ്ക്കളുടെ ആക്രമണം മൂലം അപകടത്തിൽപ്പെട്ടിട്ടുണ്ട്.
മൂന്നാഴ്ച മുൻപ് കടയ്ക്കാവൂർ ചെക്കാലവിളാകം ജംക്ഷനിൽ വീട്ടുസാധനങ്ങൾ വാങ്ങാനെത്തിയ അമ്മയും മകളും നായ്ക്കളുടെ ആക്രമണം നേരിട്ടിരുന്നു.സമാനമായ സംഭവം അഞ്ചുതെങ്ങ് ജംക്ഷനിൽ വച്ചു ടെക്നോപാർക്കിൽ ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന ദമ്പതികളുടെ നേർക്കും ഉണ്ടായി.
ബൈക്കിൽ വരികയായിരുന്ന ദമ്പതികളുടെ പിന്നാലെ പാഞ്ഞടുത്ത തെരുവുനായ്ക്കൾ പിന്നിലിരുന്ന യുവതിയുടെ വസ്ത്രത്തിൽ കടിച്ചുതൂങ്ങി.
മേഖലയിലെ മാമ്പള്ളി, മീരാൻകടവ് പാലം, നിലയ്ക്കാമുക്ക് ജംക്ഷൻ, ഇറങ്ങുകടവ്, മുണ്ടുതുറ, വക്കം കായിക്കര, മങ്കുഴിമാർക്കറ്റ്, അഞ്ചുതെങ്ങ് ജംക്ഷൻ, മുഞ്ഞമൂട് പാലം, കപാലീശ്വരം എന്നിവിടങ്ങളിൽ നായ്ക്കളുടെ ആക്രമണം രൂക്ഷമാണ് പ്രധാനയിടങ്ങളിൽ തെരുവുവിളക്കുകൾ തെളിയാത്തതും നായ്ക്കൾക്കു വിഹരിക്കാൻ കാരണമാകുന്നു.തെരുവുനായ്ക്കൾ പെരുകുന്നതിന് എതിരെ എത്രയും വേഗം നടപടിയെടുക്കണം എന്നാണ് നാട്ടുകാരുടെ അഭിപ്രായം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

