ഇരിട്ടി ∙ ഗ്രാമീണ മേഖലയിലെ മുഴുവൻ വീടുകളിലും ശുദ്ധജലം ടാപ്പിലൂടെ എത്തിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര – സംസ്ഥാന ഫണ്ടുകൾ ഉപയോഗിച്ച് തില്ലങ്കേരി പഞ്ചായത്തിൽ പൂർത്തിയാക്കിയ ജലജീവൻ മിഷൻ ശുദ്ധജലപദ്ധതി മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. 24.65 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ പദ്ധതി പ്രകാരം പഞ്ചായത്തിലെ 3565 കുടുംബങ്ങൾക്ക് ശുദ്ധജലം ലഭിക്കും.
കാഞ്ഞിരാട് മേഖലയിൽ 6 ലക്ഷം ലീറ്റർ, ഒരു ലക്ഷം ലീറ്റർ എന്നീ സംഭരണ ശേഷിയിൽ ഉള്ള 2 കൂറ്റൻ ടാങ്കുകൾ നിർമിച്ചു വെള്ളം പമ്പ് ചെയ്തു സംഭരിച്ചാണ് പൈപ്പുകൾ വഴി വീടുകളിൽ വെള്ളമെത്തിക്കുന്നത്.
ജലജീവൻ മിഷൻ കേന്ദ്ര – സംസ്ഥാന സംയുക്ത പദ്ധതിയാണ്. ചെലവിൽ 50 ശതമാനം കേന്ദ്രവും 25 ശതമാനം സംസ്ഥാനവും 15 ശതമാനം പഞ്ചായത്തും വഹിക്കുമ്പോൾ 10 ശതമാനം ഗുണഭോക്തൃ വിഹിതമാണ്.
പഴശ്ശി അണക്കെട്ടിലെ കിണറ്റിൽ നിന്ന് എടുക്കുന്ന വെള്ളം ചാവശ്ശേരിപറമ്പിലെ ജല അതോറിറ്റി പ്ലാന്റിൽനിന്ന് ശുചീകരിച്ചാണു കാഞ്ഞിരാടെ ടാങ്കുകളിൽ എത്തിക്കുന്നത്. ആദ്യഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെടാതെപോയ പെരിങ്ങാനം മല, മച്ചൂർമല എന്നിവിടങ്ങളിലെ 90 കുടുംബങ്ങൾക്കായി 2 കോടി രൂപയുടെ രണ്ടാംഘട്ട
പദ്ധതിയും ടെൻഡറായി.
കെ.കെ.ശൈലജ എംഎൽഎ അധ്യക്ഷയായി. ജല അതോറിറ്റി ഉത്തരമേഖല ചീഫ് എൻജിനീയർ പി.എസ്.പ്രദീപ്, തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതി, വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാജിദ സാദിഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സനീഷ്, പഞ്ചായത്ത് അംഗങ്ങളായ കെ.വി.ആശ, വി.വിമല, പി.കെ.രതീഷ്, ജല അതോറിറ്റി ബോർഡ് അംഗം ആർ.സുഭാഷ്, പി.പി.സുഭാഷ്, കെ.വി.രാജൻ, കൈതേരി മുരളീധരൻ, വിപിൻ തോമസ്, പ്രദീപൻ പുത്തലത്ത്, കെ.വി.അലി എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

