രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സുപ്രധാന തീരുമാനവുമായി കേന്ദ്രസർക്കാർ. ‘പിഎം ഇ-ഡ്രൈവ്’ പദ്ധതിയുടെ കീഴിലുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ള സബ്സിഡി കാലാവധി രണ്ട് വർഷം കൂടിയാണ് നീട്ടിയിരിക്കുന്നത്.
2028 സാമ്പത്തിക വർഷം വരെയാണ് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുക. ഇതിന്റെ ഭാഗമായി പദ്ധതി തുകയിൽ 1,000 കോടി രൂപയുടെ വർധനവും കേന്ദ്രസർക്കാർ വരുത്തിയിട്ടുണ്ട്.
കഴിഞ്ഞ മാർച്ചിൽ അവസാനിച്ച പദ്ധതിയാണ് ഇന്നലെ മുതൽ വീണ്ടും പ്രാബല്യത്തിൽ വരുത്തിയത്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് സബ്സിഡി ക്ലെയിം ചെയ്യാനുള്ള അവസാന തീയതി 2027 ഡിസംബർ 31 ആയി നിശ്ചയിച്ചിട്ടുണ്ട്.
കാലാവധി നീട്ടിയതിന് പുറമെ, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കായുള്ള സബ്സിഡി വിഹിതം 1,772 കോടി രൂപയിൽ നിന്ന് 2,767 കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. അതോടൊപ്പം സബ്സിഡിക്ക് അർഹതയുള്ള വാഹനങ്ങളുടെ എണ്ണം 24 ലക്ഷത്തിൽ നിന്ന് 45.7 ലക്ഷമായും വർധിപ്പിച്ചിട്ടുണ്ട്.
1.5 ലക്ഷം രൂപ എക്സ് ഫാക്ടറി വിലയുള്ള വാഹനങ്ങൾക്കാണ് ഈ പദ്ധതിയിലൂടെ സബ്സിഡി ആനുകൂല്യം ലഭിക്കുന്നത്. ഒരു കിലോവാട്ട് അവർ ബാറ്ററി ശേഷിക്ക് 2500 രൂപ വീതമാണ് ലഭിക്കുക.
ഇത്തരത്തിൽ പരമാവധി 5000 രൂപ വരെയാണ് സബ്സിഡിയായി ലഭിക്കുക. എന്നാൽ സബ്സിഡി തുക വാഹനത്തിന്റെ ആകെ വിലയുടെ 15 ശതമാനത്തിൽ കൂടുതൽ ആകാൻ പാടില്ല.
എല്ലാ വാഹനങ്ങൾക്കും നിശ്ചിത തുകയായ 5000 രൂപ തന്നെ ലഭിക്കണമെന്നില്ല. ചുരുക്കത്തിൽ, വാഹനത്തിന്റെ ബാറ്ററി ശേഷിയും ഫാക്ടറി വിലയും അടിസ്ഥാനമാക്കിയായിരിക്കും അന്തിമ സബ്സിഡി തുക നിശ്ചയിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

