വയനാട്ടിലെ സുൽത്താൻ ബത്തേരി ടൗൺ ബസ് സ്റ്റാൻഡിൽ നിന്ന് ഗുണ്ടൽപേട്ടിലേക്ക് സർവീസ് നടത്തുന്ന അന്തർ സംസ്ഥാന ബസിൽ യാത്രക്കാരുടെ വൻ തിരക്ക്. യാത്ര സൗജന്യമായതോടെ വിവിധ ജില്ലകളിൽ നിന്നുള്ള സ്ത്രീകൾ കൂട്ടത്തോടെയാണ് ഇവിടേക്ക് എത്തിച്ചേരുന്നത്.
ശരാശരി 140 യാത്രക്കാർ വരെ ഒരു ബസിൽ ഉണ്ടാകാറുണ്ട്. കഴിഞ്ഞ ദിവസം അസാധാരണമായ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് ഇത്രയധികം ആളുകളുമായി സർവീസ് നടത്താൻ സാധിക്കില്ലെന്ന് ജീവനക്കാർ നിലപാടെടുത്തു.
തുടർന്ന് ചർച്ചകൾക്ക് ശേഷമാണ് സർവീസ് വീണ്ടും പുനഃരാരംഭിച്ചത്. പ്രതിദിനം 3 ബസുകളാണ് ഗുണ്ടൽപേട്ടിലേക്ക് സർവീസ് നടത്തുന്നത്.
വയനാട് വന്യജീവി സങ്കേതം, ബന്ദിപ്പൂർ വന്യജീവി സങ്കേതം, ഗുണ്ടൽപേട്ടിലെ പൂ പാടങ്ങൾ എന്നിവ പിന്നിട്ടാണ് ബസ് ടൗണിൽ എത്തിച്ചേരുന്നത്. ഈ മനോഹരമായ കാഴ്ചകളാണ് വനിതാ യാത്രക്കാരെ ഇവിടേക്ക് ആകർഷിക്കുന്നത്.
എന്നാൽ ഭാരക്കൂടുതൽ കാരണം ടയർ പൊട്ടുന്നതും ആക്സിൽ ഒടിയുന്നതും പതിവാണെന്നും, വലിയ അപകടങ്ങൾ ഒഴിവാക്കാനാണ് യാത്രക്കാരുടെ എണ്ണം കുറയ്ക്കാൻ ആവശ്യപ്പെടുന്നതെന്നും ജീവനക്കാർ വ്യക്തമാക്കി. എന്നിരുന്നാലും യാതൊരു കുറവും ഇല്ലാതെ ജനപ്രവാഹം തുടരുകയാണ്.
ബസിലെ യാത്രക്കാരിൽ 80 ശതമാനവും വനിതകളാണ്. ബത്തേരിയിൽ നിന്ന് ഗുണ്ടൽപേട്ടിലേക്ക് 55 കിലോമീറ്ററാണ് ദൂരം.
ഇതിൽ 30 കിലോമീറ്ററും വനമേഖലയാണ്. ബത്തേരിയിൽ നിന്ന് കേരള അതിർത്തിയിലേക്ക് 20 കിലോമീറ്ററാണുള്ളത്.
യാത്ര തുടങ്ങി 13 കിലോമീറ്റർ പിന്നിടുമ്പോൾ മുത്തങ്ങയായി. തുടർന്ന് നാല് കിലോമീറ്റർ കഴിഞ്ഞാൽ പൊൻകുഴി ശ്രീരാമ–സീതാക്ഷേത്രവും അതിനുശേഷം കർണാടക അതിർത്തിയും എത്തും.
അവിടെ നിന്നാണ് ബന്ദിപ്പൂർ വന്യജീവി സങ്കേതം ആരംഭിക്കുന്നത്. 19 കിലോമീറ്റർ കൂടി പിന്നിട്ടാൽ മദൂർ ഗ്രാമത്തിലെത്താം.
ഈ പ്രദേശങ്ങളിൽ പച്ചക്കറി കൃഷിയും പൂ പാടങ്ങളുമുണ്ട്. ചെണ്ടുമല്ലി, സൂര്യകാന്തി പൂക്കൾക്ക് പുറമെ പുതിയൊരു മുന്തിരിപ്പാടവും ഇവിടെയുണ്ട്.
ആളുകൾ കൂട്ടത്തോടെ എത്തിത്തുടങ്ങിയതോടെ കൃഷിയിടങ്ങളിലേക്ക് പ്രവേശിക്കാൻ കർഷകർ ഫീസ് ഈടാക്കുന്നുണ്ട്. ഇത് പലരുടെയും പ്രധാന ഉപജീവന മാർഗ്ഗം കൂടിയായി മാറിയിട്ടുണ്ട്.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള സ്ത്രീകളാണ് കെഎസ്ആർടിസി ബസുകളെ ആശ്രയിച്ച് ഗുണ്ടൽപേട്ട് കാണാൻ എത്തിച്ചേരുന്നത്. സ്വന്തം വാഹനങ്ങളിൽ ബത്തേരിയിൽ എത്തിയ ശേഷമാണ് ഇവർ ബസിൽ കയറി ഗുണ്ടൽപേട്ടിലേക്ക് യാത്ര ചെയ്യുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

