പെരുമ്പാവൂർ ∙ ടെലിവിഷനിലെ ഹാസ്യ പരിപാടികൾ ഇപ്പോൾ മത്സരിക്കുന്നതു സാമൂഹിക മാധ്യമങ്ങളിലെ റീലുകളോടാണെന്നും റീൽസിൽ നിന്നുള്ള കോമഡികൾ മാറ്റങ്ങളോടെ ഹാസ്യ പരിപാടികളിൽ ഉൾപ്പെടുത്താറുണ്ടെന്നും ‘പെൺചിരി’ ചർച്ച. മനോരമ ഹോർത്തൂസ് വായനയുടെ ഭാഗമായി പെരുമ്പാവൂർ മാർത്തോമ്മാ വനിത കോളജിൽ നടത്തിയ ‘പെൺചിരിയുടെ പഞ്ച്’ ചിരിയിൽനിന്നു പൊട്ടിച്ചിരിയിലേക്കു പലപ്പോഴും വഴിമാറി.
ഹാസ്യം കൈകാര്യം ചെയ്യുന്ന വനിതകൾ ഉണ്ടായിട്ടും അവർക്കു വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്തതും ഹാസ്യ പരിപാടികൾ ജനങ്ങളിലേക്ക് എത്തുന്നതിന്റെ പിന്നിലുള്ള പ്രയത്നങ്ങളും ഹാസ്യത്തിന്റെ മേമ്പൊടി ചേർത്തു വിവരിച്ചത് 30 വർഷത്തോളം ടെലിവിഷനിൽ കണ്ടന്റ് പ്രൊഡ്യൂസറായി പ്രവർത്തിച്ച ഡയാന സിൽവസ്റ്ററും നടിമാരായ മഞ്ജു പത്രോസും സ്നേഹ ശ്രീകുമാറും.
ചിരിയുടെ വഴിയിലെ കുറുക്കുവഴികൾ ചോദിച്ച് എഴുത്തുകാരി ശാലിനിയും ഒപ്പം ചേർന്നതോടെ ചെറുചിരി ബംപർ ചിരിയായി. മനോരമ 27 മുതൽ 30 വരെ സുഭാഷ് പാർക്കിൽ നടത്തുന്ന ഹോർത്തൂസ് സാഹിത്യ സാംസ്കാരികോത്സവത്തിനു മുന്നോടിയായാണു ഹോർത്തൂസ് വായന സംഘടിപ്പിച്ചത്.
20 വർഷത്തോളം താൻ സംവിധാനം ചെയ്ത ഏഷ്യാനെറ്റിലെ ‘സിനിമാല’ എന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടി അവസാനിപ്പിച്ചപ്പോഴാണു ബിപി ഇല്ലാതായതെന്നു മലയാള സിനിമയിലെ ഏറ്റവും മികച്ച ഹാസ്യതാരങ്ങളെ മിനിസ്ക്രീനിൽ അവതരിപ്പിച്ച ഡയാന സിൽവസ്റ്റർ പറഞ്ഞു.
അത്രയും ഉഴപ്പൻമാരെ കൈകാര്യം ചെയ്യേണ്ടി വന്നതിനാൽ വലിയ ടെൻഷനോടെയാണു ഹാസ്യ പരിപാടി ചെയ്തിരുന്നതെന്ന ഡയാനയുടെ ഡയലോഗിൽ പൊട്ടിച്ചിരി.
ടീം വർക്കിൽ സൃഷ്ടിച്ചെടുത്ത മാറ്റങ്ങളിലൂടെയാണു ഹാസ്യപരിപാടികൾ രൂപപ്പെടുന്നതെന്നു മഴവിൽ മനോരമയിലെ ‘മറിമായ’ത്തിൽ മണ്ഡോദരിയായി പ്രേക്ഷകരെ വിസ്മയിപ്പിച്ച സ്നേഹ ശ്രീകുമാർ വ്യക്തമാക്കി. ഷോട്ടിന്റെ സമയത്ത് എല്ലാവരും സീൻ മെച്ചപ്പെടുത്താനായി സ്ക്രിപ്റ്റിൽ ഇല്ലാത്തതു കയ്യിൽനിന്നിടും.
തന്റെ ഒപ്പമുള്ളയാൾ എന്താണു ചെയ്യാൻ പോകുന്നതെന്നു മുൻകൂട്ടി കണ്ട് അതിനനുസരിച്ചു മാറാൻ കഴിയുന്നതു വർഷങ്ങളുടെ പരിചയം കൊണ്ടാണെന്നു റിയാലിറ്റി ഷോയിലൂടെ സ്ക്രീനിലെത്തി സിനിമയിലും സീരിയലിലും സജീവ സാന്നിധ്യമായ മഞ്ജു പത്രോസ് പറഞ്ഞു.
ടൈമിങ് നോക്കിയാണ് ഒരു സ്ത്രീക്കു ഹാസ്യം കൈകാര്യംചെയ്യാൻ കഴിയുമോ എന്നു താൻ ഉറപ്പിച്ചിരുന്നതെന്നു ഡയാന പറഞ്ഞു. നൃത്തം ചെയ്യാൻ വന്ന സുബി സുരേഷിനെ അഭിനേത്രി ആക്കിയതും ആര്യയ്ക്കു കോമഡി കഥാപാത്രം നൽകിയതും ആ ഉറപ്പിലാണെന്നും ഡയാന.
ഹാസ്യം ചെയ്യുന്നവരായതുകൊണ്ട്, മരണവീടുകളിൽ കയറിച്ചെല്ലാൻ പറ്റാത്ത അവസ്ഥ വിവരിച്ചതു മഞ്ജുവാണ്. മൃതദേഹത്തിനരികെ ഇരിക്കുന്ന ചിലർ നമ്മളെ കാണുമ്പോൾ ചിരിക്കുന്നതും ഒപ്പം വന്നു സെൽഫിയെടുക്കുന്നതും ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ തന്നെ ആക്കിയിട്ടുണ്ടെന്നും മഞ്ജു.
ഹാസ്യം ചെയ്യുന്ന ആളുകളോടു തോന്നുന്ന അടുപ്പമാണു സ്ഥലകാല ബോധമില്ലാത്ത സ്നേഹത്തിനു കാരണമെന്നും വില്ലൻ വേഷം ചെയ്യുന്ന ആളുകൾക്ക് ഈ സ്നേഹം ലഭിക്കാറില്ലെന്ന തിരിച്ചറിവുണ്ടെന്നും മഞ്ജു പറഞ്ഞു. രാഷ്ട്രീയ വിഷയങ്ങൾ ആക്ഷേപഹാസ്യമാക്കി അവതരിപ്പിക്കുമ്പോൾ ആശങ്ക ഉണ്ടായിരുന്നെങ്കിലും പല രാഷ്ട്രീയ നേതാക്കളും പിന്നീടു തന്നെ അതിൽ ഒരു കഥാപാത്രമാക്കി അവതരിപ്പിക്കുമോ എന്നു ചോദിച്ചിട്ടുണ്ടെന്നു ഡയാന പറഞ്ഞു.
മുൻ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്റെ കഥാപാത്രം ഒരു എപ്പിസോഡിൽ ഇല്ലെങ്കിൽ അദ്ദേഹം വിഷമിക്കുമായിരുന്നെന്നു മകൾ പത്മജ വേണുഗോപാൽ പറഞ്ഞിട്ടുണ്ടെന്നും ഡയാന ചൂണ്ടിക്കാട്ടി.
‘‘രാഷ്ട്രീയ വിഷയങ്ങൾ എടുക്കുമ്പോൾ എല്ലാവരും ചർച്ച ചെയ്തു നിയമവശങ്ങൾ നോക്കിയാണ് അവതരിപ്പിക്കുന്നത്.
എങ്കിലും സാമൂഹിക മാധ്യമങ്ങളിലൂടെ കമന്റുകളും ചീത്തവിളികളും ഉണ്ടാകാറുണ്ട്. അതിനെ ഭയക്കുന്നില്ല’’– സ്നേഹ പറഞ്ഞു.
ബോഡിഷെയിമിങ് തമാശയും ദ്വയാർഥ പ്രയോഗവും അശ്ലീല പരാമർശങ്ങളും ഇല്ലാതെ തമാശ പറയാൻ കഴിയില്ലേ? എന്ന മഞ്ജുവിന്റെ ചോദ്യത്തിനു നിറഞ്ഞ കയ്യടിയോടെ പെൺകുട്ടികൾ പിന്തുണ നൽകി.ശരീരഭാഷ കൂടി ഇഴുകിച്ചേർന്നുള്ള ഹാസ്യം ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും അത്തരം രംഗങ്ങൾ സ്ത്രീകൾക്കു ലഭിക്കാറില്ലെന്നും കുറച്ചെങ്കിലും ലഭിച്ചിട്ടുള്ളതു നടി ബിന്ദു പണിക്കർക്കാണെന്നും മഞ്ജു പറഞ്ഞു.
ചിരിക്കാത്ത മുഖങ്ങളെ നോക്കി കോമഡി പറയുക പ്രയാസമാണോ എന്ന് എഴുത്തുകാരിയും പരിപാടിയുടെ മോഡറേറ്ററുമായ ശാലിനി ചോദിച്ചപ്പോൾ സ്റ്റേജ് പരിപാടികളിൽ കോട്ടും സ്യൂട്ടും ഇട്ടവർ മുൻനിരയിൽ സ്ഥാനം പിടിച്ചാൽ പിന്നെ പിൻസീറ്റുകളിലേക്കു നോക്കി അഭിനയിക്കുക മാത്രമേ രക്ഷയുള്ളൂ എന്നായിരുന്നു സ്നേഹയുടെ പഞ്ച് മറുപടി. കോളജ് പ്രിൻസിപ്പൽ ഡോ. ലത പി.
ചെറിയാൻ ഹോർത്തൂസ് വായന ഉദ്ഘാടനം ചെയ്തു. ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം അധ്യാപകൻ ഡോ.
വിനീത് കുമാർ, കോളജ് ട്രഷറർ പി.കെ. കുരുവിള, ചെയർപഴ്സൻ എം.വൈ.
ഫാത്തിമ നസ്രിൻ, മലയാള മനോരമ ചീഫ് റിപ്പോർട്ടർ എം.ആർ. ഹരികുമാർ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

