ലാറ്റിൻ അമേരിക്കൻ വിപണിയിലേക്ക് ചുവടുവെച്ച് ആഗോള വ്യാപാര രംഗത്ത് തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കാനൊരുങ്ങി ഇന്ത്യ. പശ്ചിമേഷ്യൻ സംഘർഷങ്ങളും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടപ്പിലാക്കുന്ന വ്യാപാരയുദ്ധങ്ങളും സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് വിപണി വൈവിധ്യവൽക്കരണം ലക്ഷ്യമിട്ട് രാജ്യം പുതിയ നീക്കങ്ങൾ നടത്തുന്നത്.
ഇതിന്റെ ഭാഗമായി പ്രമുഖ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുമായി ഉഭയകക്ഷി കരാറുകളും സ്വതന്ത്ര വ്യാപാരക്കരാറുകളും ഒപ്പുവെക്കാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്ര സർക്കാർ. ചിലെ, ബ്രസീൽ, അർജന്റീന, യുറുഗ്വായ്, പാരഗ്വായ് എന്നീ രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം അടുത്തഘട്ടത്തിലേക്ക് ഉയർത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
2006-ൽ നിലവിൽ വന്ന മുൻഗണനാ വ്യാപാരക്കരാർ (പിടിഎ) സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) ആയി ഉയർത്താനാണ് ചിലെയുമായുള്ള പ്രധാന ചർച്ചകൾ. യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ഒപ്പുവെച്ച കരാറുകളുടെ മാതൃകയിലായിരിക്കും ഇത്.
കൂടാതെ, ചിലെയുമായി അപൂർവധാതു (ക്രിട്ടിക്കൽ മിനറൽ) വാങ്ങൽക്കരാറിലേക്കും രാജ്യം പ്രവേശിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അർജന്റീനയും ബ്രസീലും ഉൾപ്പെടുന്ന ‘മെർക്കോസൂർ’ കൂട്ടായ്മയുമായുള്ള 2009 മുതലുള്ള മുൻഗണനാ വ്യാപാരക്കരാർ വിപുലപ്പെടുത്താനും ഇന്ത്യ നടപടികൾ സ്വീകരിക്കുന്നുണ്ട്.
പാരഗ്വായ്, യുറുഗ്വായ് എന്നിവയാണ് ഈ കൂട്ടായ്മയിലെ മറ്റ് അംഗങ്ങൾ. നിലവിലുള്ള പിടിഎ പ്രകാരം ഇരുവിഭാഗങ്ങൾക്കും പരിമിതമായ വിപണി പ്രവേശനവും തീരുവ ഇളവുള്ള ഉൽപന്നങ്ങളുടെ കുറവുമുണ്ട്.
ഈ തടസ്സങ്ങൾ നീക്കി വ്യാപാര വ്യാപ്തി വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ രാജ്യങ്ങളിൽ ലഭ്യമാകുന്ന പ്രവാസി ഇന്ത്യൻ സാന്നിധ്യവും ഇന്ത്യൻ വംശജരുടെ പിന്തുണയും രാജ്യത്തെ കമ്പനികൾക്ക് വലിയ നേട്ടമാകും.
അതേസമയം, ചൈനയോടുള്ള അമിതമായ ആശ്രയത്വം കുറയ്ക്കുക എന്നതാണ് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെയും പ്രധാന ലക്ഷ്യം. ഈ സാഹചര്യം മുതലെടുത്ത് പുതിയ കരാറുകളിലൂടെ ഈ വിപണിയിൽ ആഴത്തിൽ വേരോടാൻ സാധിച്ചാൽ, മേഖലയിൽ ചൈനയ്ക്കുളള മുൻതൂക്കം മറികടക്കാൻ ഇന്ത്യയ്ക്ക് സാധിക്കും.
വ്യാപാര ചർച്ചകൾക്കായി വാണിജ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് അഗർവാൾ ഈയാഴ്ച ചിലെ സന്ദർശിക്കുന്നുണ്ട്. കണക്കുകൾ പ്രകാരം 2025-26 കാലയളവിൽ ഇന്ത്യ-അർജന്റീന ഉഭയകക്ഷി വ്യാപാരം 25.5% വർദ്ധിച്ച് 5.96 ബില്യൻ ഡോളർ ആയി ഉയർന്നിരുന്നു.
എന്നാൽ ഇതിൽ ഇന്ത്യയുടെ കയറ്റുമതി 1.01 ബില്യൻ ഡോളർ മാത്രമാണ്. ഈ വ്യാപാരക്കമ്മി പരിഹരിക്കുക എന്നതും ഇന്ത്യയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
നിലവിൽ ഇന്ത്യ-ബ്രസീൽ വ്യാപാരം 15 ബില്യൻ ഡോളറാണ് (ഇന്ത്യയുടെ കയറ്റുമതി 7 ബില്യൻ, ഇറക്കുമതി 8 ബില്യൻ). ചിലെയുമായുള്ള ഉഭയകക്ഷി വ്യാപാരം 6.25 ബില്യൻ ഡോളറും അതിൽ ഇന്ത്യയുടെ കയറ്റുമതി 1.22 ബില്യൻ ഡോളറുമാണ്.
ബ്രസീൽ, ചിലെ എന്നീ രാജ്യങ്ങളുമായും ഇന്ത്യ നിലവിൽ വ്യാപാരക്കമ്മി നേരിടുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

