ഉത്തർപ്രദേശിലെ മുസഫർനഗറിൽ പതിനേഴുകാരിയായ ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രധാന പ്രതിയും കൂട്ടാളിയായ ഡോക്ടറും പോലീസ് പിടിയിലായി. നഗര കോട്വാലി പോലീസ് നടത്തിയ മൂന്ന് ദിവസത്തെ ശക്തമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടാൻ സാധിച്ചത്.
നാസിം, ഡോ. മുഹമ്മദ് ആദിൽ എന്നിവരാണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത് നാസിമാാണെന്നും, ഈ കൃത്യത്തിന് ഡോക്ടർ ആദിൽ ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകിയെന്നുമാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ ഊർജ്ജിത തെരച്ചിലിനിടയിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.
പ്രദേശത്തെ 600-ഓളം സിസിടിവി ക്യാമറ ദൃശ്യങ്ങൾ പോലീസ് സംഘം വിശദമായി പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിനൊടുവിൽ വെള്ളിയാഴ്ച പെൺകുട്ടിയെ സുരക്ഷിതമായി കണ്ടെത്തുകയായിരുന്നു.
പെൺകുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ പ്രതിയായ നാസിമിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പോലീസുമായി ഏറ്റുമുട്ടലുണ്ടായി. ഈ സംഭവത്തിൽ പോലീസിന്റെ വെടിയേറ്റ് നാസിമിന് പരിക്കേൽക്കുകയും ചെയ്തു.
തുടർന്ന് നടത്തിയ നീക്കങ്ങളിലാണ് ഇയാളെയും കൂട്ടാളിയായ ഡോക്ടർ ആദിലിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ (BNS) വിവിധ വകുപ്പുകൾക്ക് പുറമേ, കർശനമായ പോക്സോ നിയമവും പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമവും (SC/ST Act) ചുമത്തിയിട്ടുണ്ട്.
തുടർനടപടികളുടെ ഭാഗമായി കോടതിയിൽ ഹാജരാക്കിയ പ്രതികളെ ശനിയാഴ്ച ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

