ലോകമാകെ ശ്രദ്ധിച്ച ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പിലടക്കം നേരിട്ട ദയനീയ തോൽവിക്കുപിന്നാലെ യുഎസ് പ്രസിഡന്റ് ട്രംപിനും അദ്ദേഹത്തിന്റെ ഭരണകൂടത്തിനും സുപ്രീം കോടതിയിൽ നിന്ന് കനത്ത അടി.
ഇന്ത്യയ്ക്കുമേൽ ഉൾപ്പെടെ ട്രംപ് പ്രഖ്യാപിച്ച പകരംതീരുവകൾ നിയമാനുസൃതമാണോയെന്ന് ജഡ്ജിമാർ സംശയം പ്രകടിപ്പിച്ചതോടെ, തീരുവകൾ റദ്ദാക്കുമെന്ന സൂചനകൾ ശക്തമായി. നേരത്തേ ഫെഡറൽ ഡിസ്ട്രിക്റ്റ് കോടതിയും അപ്പീൽ കോടതിയും ട്രംപിന്റെ തീരുവകൾ നിയമവിരുദ്ധമാണെന്നും ഇല്ലാത്ത അധികാര പ്രയോഗമാണെന്നും വിധിച്ചിരുന്നു.
ഇതിനെതിരെ ട്രംപ് നൽകിയ അപ്പീലാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.
തീരുവയിന്മേൽ സുപ്രീം കോടതി ഇന്നലെ വിധി പറയുമെന്നായിരുന്നു കരുതിയതെങ്കിലും മാറ്റിവച്ചു. ട്രംപിന്റെ വാദം കേൾക്കുക മാത്രമാണ് കോടതി ചെയ്തത്.
ഇതിനിടെയായിരുന്നു തീരുവകൾ നിലനിൽക്കുമോയെന്ന സംശയം ജഡ്ജിമാർ പ്രകടിപ്പിച്ചതും.
1977ലെ ഇന്റർനാഷനൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (ഐഇഇപിഎ) പ്രകാരമായിരുന്നു ട്രംപ് ചൈന, കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾക്കുമേൽ കനത്ത പകരംതീരുവ പ്രഖ്യാപിച്ചത്. യുഎസ് കോൺഗ്രസിനെ മറികടന്ന് ഇങ്ങനെ തീരുവ ഏകപക്ഷീയമായി ചുമത്താൻ ട്രംപിന് അധികാരമില്ലെന്ന് കാട്ടി ഏതാനും ചെറുകിട
ബിസിനസുകളും ചില സംസ്ഥാന സർക്കാരുകളുമാണ് കോടതിയിലെത്തിയത്.
ട്രംപിന്റെ വാദങ്ങൾ തള്ളി
താരിഫ് യുഎസിലെ ജനങ്ങളെ ബാധിക്കില്ലെന്നും അതു നികുതി അല്ലെന്നും ട്രംപിന്റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ വാദിച്ചെങ്കിലും ജഡ്ജിമാർ തള്ളി. ഫലത്തിൽ, താരിഫുകൾ അമേരിക്കൻ ജനങ്ങൾക്കാണ് ഇപ്പോൾ ബാധ്യതയായിരിക്കുന്നതെന്ന് ജഡ്ജിമാർ ചൂണ്ടിക്കാട്ടി.
യുഎസ് കോൺഗ്രസിന്റെ അധികാരങ്ങൾ കവർന്നെടുക്കുകയാണ് ട്രംപ് ചെയ്തതെന്നും അങ്ങനെയായാൽ കോണഗ്രസിന് ഇനി എന്താണ് പ്രസക്തിയെന്നും കോടതി ചോദിച്ചു.
യുഎസിലേക്കുള്ള എല്ലാ ഇറക്കുമതിക്കും 10% അടിസ്ഥാന തീരുവയും ഇന്ത്യ, ബ്രസീൽ എന്നിവയ്ക്ക് 50% വീതവും തീരുവയായിരുന്നു ട്രംപ് പ്രഖ്യാപിച്ചത്. ചൈനയ്ക്കുമേൽ ഫെന്റാനിൽ ഇറക്കുമതി ചൂണ്ടിക്കാട്ടി 57% തീരുവയും ചുമത്തിയിരുന്നു.
തീരുവകൾ വഴി 2035ഓടെ 3 ട്രില്യൻ ഡോളറിന്റെ വരുമാനം യുഎസ് ഗവൺമെന്റിന് ലഭിക്കുമെന്നാണ് വിലയിരുത്തൽ. ഇതിനകം 151 ബില്യൻ ഡോളർ സമാഹരിച്ചു.
2024നെ അപേക്ഷിച്ച് 300 ശതമാനത്തിലധികമാണ് വർധന.
തീരുവകൾ റദ്ദാക്കിയാൽ അമേരിക്കയ്ക്ക് അതു വൻ ദുരന്തവും നാണക്കേടുമാകുമെന്നും സുപ്രീം കോടതിയിലേത് ജീവന്മരണ പോരാട്ടമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. സുപ്രീം കോടതിയിൽ ഇന്നലെ വാദം രണ്ടരമണിക്കൂർ നീണ്ടു.
തീരുവയിന്മേൽ അന്തിമവിധി എപ്പോഴുണ്ടാകുമെന്ന് വ്യക്തമല്ല. .
ഇതിനിടെയായിരുന്നു ന്യൂയോർക്കിൽ ഉൾപ്പെടെ നടന്ന തിരഞ്ഞെടുപ്പുകളിൽ ദയനീയ തോൽവി. തീരുവക്കേസിൽ സുപ്രീം കോടതി വിധിയും പ്രതികൂലമായാൽ ട്രംപിന് അത് കനത്ത ആഘാതമാകും.
നേട്ടത്തിലേക്ക് കുതിച്ചുകയറി ഓഹരികൾ
ട്രംപൻത്തീരുവകൾ സുപ്രീം കോടതിയും റദ്ദാക്കിയേക്കുമെന്ന പ്രതീക്ഷകളുടെ കരുത്തിൽ ആഗോളതലത്തിൽ ഓഹരി വിപണികൾ നേട്ടത്തിലേറി.
. ഓഹരികളുടെ വിലകുറഞ്ഞത് മുലെടുത്തുള്ള ‘ഡിപ് ബൈയിങ്’ തകൃതിയായതും നേട്ടമായി.
തീരുവകൾ ഭൂരിഭാഗവും റദ്ദാക്കിയ കീഴ്ക്കോടതികളുടെ വിധി സുപ്രീം കോടതിയും ശരിവച്ചാൽ ഇന്ത്യയിൽനിന്നുള്ള കയറ്റുമതി കമ്പനികൾക്ക് അത് വലിയ ആശ്വാസമാകും.
യുഎസ് ഓഹരി വിപണിയിൽ ഡൗ ജോൺസ് 0.48%, നാസ്ഡാക് 0.65%, എസ് ആൻഡ് പി500 സൂചിക 0.37% എന്നിങ്ങനെ നേട്ടത്തിലേറി. യുഎസിന്റെ ചുവടുപിടിച്ച് ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് 1.14%, ഹോങ്കോങ് 0.85%, ഷാങ്ഹായ് 0.46%, ഓസ്ട്രേലിയയുടെ എഎസ്എക്സ്200 സൂചിക 0.23%, ദക്ഷിണ കൊറിയയുടെ കോസ്പി 2.5% എന്നിങ്ങനെ നേട്ടമുണ്ടാക്കി.
യൂറോപ്പിൽ എഫ്ടിഎസ്ഇ 0.64%, ഡാക്സ് 0.42% എന്നിങ്ങനെയും ഉയർന്നു.
എഐ രംഗത്തെ കമ്പനികളുടെ ഓഹരികളും നേട്ടം തിരിച്ചുപിടിച്ചത് ഓഹരികൾക്ക് വൻ ആശ്വാസമായി. എഎംഡി, ബ്രോഡ്കോം, മൈക്രോൺ ടെക്നോളജി, ഓറക്കിൾ തുടങ്ങിയവ 9% വരെയാണ് ഉയർന്നത്.
ഇന്നലെ ടെക് ഭീമന്മാർ നേരിട്ട വീഴ്ച നിക്ഷേപകരുടെ സമ്പത്തിൽനിന്ന് 500 ബില്യൻ ഡോളർ ഒറ്റയടിക്ക് കൊഴിയാൻ ഇടവച്ചിരുന്നു; ഏതാണ്ട് 44.25 ലക്ഷം കോടി രൂപ.
∙ ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പിൽ വിജയിച്ച സൊഹ്റാൻ മംദാനി, നികുതിനിരക്കുകൾ ആകർഷകമാക്കുന്നത് ഉൾപ്പെടെ ന്യൂയോർക്കിലെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താൻ നടപടിയെടുക്കുമെന്ന വിലയിരുത്തലുകളും ഓഹരി വിപണിയുടെ കരകയറ്റത്തിന് പിന്നിലുണ്ട്.
∙ അതേസമയം, യുഎസ് ഫ്യൂച്ചേഴ്സ് വിപണിയിൽ കടകവിരുദ്ധ ട്രെൻഡാണ് കണ്ടത്.
എസ് ആൻഡ് പി500 ഫ്യൂച്ചേഴ്സ് 0.2%, നാസ്ഡാക് 0.3%, ഡൗ 0.1% എന്നിങ്ങനെ താഴ്ന്നു.
∙ എങ്കിലും, അതുവകവയ്ക്കാതെ ഏഷ്യൻ, യൂറോപ്യൻ വിപണികൾ നേട്ടത്തിലേറിയത് ഇന്ത്യൻ വിപണിക്ക് ശുഭപ്രതീക്ഷയാണ് നൽകുന്നത്.
∙ യുഎസിൽ കഴിഞ്ഞമാസം പുതുതായി 42,000 തൊഴിലുകൾ സ്വകാര്യമേഖലയിൽ സൃഷ്ടിക്കപ്പെട്ടെന്ന് അനൗദ്യോഗിക കണക്കുകൾ പുറത്തുവന്നു. നിരീക്ഷകർ പ്രവചിച്ച 28,000നെ അപേക്ഷിച്ച് ഏറെ മെച്ചം.
ഗിഫ്റ്റ് നിഫ്റ്റിയെ ‘തള്ളാൻ’ സെൻസെക്സും നിഫ്റ്റിയും
ഗിഫ്റ്റ് നിഫ്റ്റി ഇന്നുരാവിലെ 60 പോയിന്റ് നഷ്ടത്തിലേക്ക് വീണിരുന്നു.
എന്നാൽ, അതു ഗൗനിക്കാതെ, ആഗോള ചലനങ്ങൾക്കൊപ്പം കുതിക്കാനുള്ള തയാറെടുപ്പിലാണ് സെൻസെക്സും നിഫ്റ്റിയുമെന്ന് കരുതുന്നു. ഇന്നലെ ആഗോള ഓഹരിവിപണികൾ ചോരക്കളമായപ്പോൾ ‘ഗുരു നാനക് ജയന്തി’ പ്രമാണിച്ച് സെൻസെക്സിനും നിഫ്റ്റിക്കും അവധിയായിരുന്നത് ഇന്ത്യൻ നിക്ഷേപകർക്ക് ആശ്വാസമായിരുന്നു.
∙ എസ്ബിഐ ഉൾപ്പെടെ നിരവധി കോർപറേറ്റ് കമ്പനികൾ പുറത്തുവിട്ട
മെച്ചപ്പെട്ട രണ്ടാംപാദഫലങ്ങൾ വിപണിക്ക് കരുത്തായേക്കും.
∙ ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ചർച്ചകൾ വീണ്ടും സജീവമാകുന്നുവെന്ന സൂചനകളും നേട്ടമാകും.
∙ പേയ്ടിഎം രണ്ടാംപാദത്തിൽ നേരിട്ടത് സംയോജിത ലാഭത്തിൽ 98% ഇടിവ്.
∙ സൺഫാർമയുടെ ലാഭം 2.6%, പ്രവർത്തന വരുമാനം 8.6% എന്നിങ്ങനെ ഉയർന്നു.
∙ വിമാനക്കമ്പനിയായ ഇൻഡിഗോ 2,176 കോടിയുടെ ലാഭത്തിൽനിന്ന് കഴിഞ്ഞപാദത്തിൽ 2,582 കോടിയുടെ നഷ്ടത്തിലേക്ക് വീണു.
∙ കേരളക്കമ്പനിയായ സിഎസ്ബി ബാങ്കിന്റെ ലാഭം 15.8%, അറ്റ പലിശ വരുമാനം (എൻഐഐ) 15.3% എന്നിങ്ങനെ ഉയർന്നു.
കിട്ടാക്കട അനുപാതം കുറഞ്ഞതും നേട്ടമാണ്.
∙ അപ്പോളോ ഹോസ്പിറ്റൽസ്, ല്യൂപിൻ, എൽഐസി, ഒല ഇലക്ട്രിക്, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, ഗോദ്റെജ് പ്രോപ്പർട്ടീസ്, മാൻകൈൻഡ് ഫാർമ, കമിൻസ് ഇന്ത്യ, എംസിഎക്സ് തുടങ്ങിയവയാണ് ഇന്ന് പ്രവർത്തനഫലം പുറത്തുവിടുന്ന പ്രമുഖർ.
സ്വർണവും എണ്ണയും
രാജ്യാന്തര ക്രൂഡ് ഓയിൽ താഴ്ന്നുനിൽക്കുകയാണ്.
ഉൽപാദനം കൂട്ടാനുള്ള തീരുമാനത്തിൽനിന്ന് ഒപെക് പ്ലസ് പിന്നോട്ട് പോവുകയാണെങ്കിലും വിലയിൽ ഉണർവുണ്ടാക്കാന് കഴിഞ്ഞിട്ടില്ല. ഡബ്ല്യുടിഐ ക്രൂഡ് വില 59 ഡോളറിലേക്ക് ഇടിഞ്ഞു.
ബ്രെന്റ് വിലയുള്ളത് 63.54 ഡോളറിൽ. ഉപഭോഗത്തിനുള്ള 90% എണ്ണയ്ക്കായും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് ഈ വിലയിടിവ് നേട്ടമാണ്.
ഓഹരി വിപണിക്കും രൂപയ്ക്കും ഇതു ഗുണം ചെയ്യും.
രാജ്യാന്തര സ്വർണവില ചാഞ്ചാട്ടമാണ് നടത്തുന്നത്. ഇന്നുരാവിലെ വിലയുള്ളത് ഔൺസിന് 31 ഡോളർ ഉയർന്ന് 3,982.3 ഡോളറിൽ.
കഴിഞ്ഞദിവസങ്ങളിൽ ഉയർന്ന യുഎസ് ഡോളർ ഇൻഡക്സും യുഎസ് ട്രഷറി യീൽഡും നേരിയ നഷ്ടം നേരിട്ടതും ആഗോള ഓഹരി വിപണികളിലെ അസ്ഥിരതയും സമ്മാനിച്ച ‘സേഫ്-ഹാവൻ’ ഡിമാൻഡാണ് സ്വർണത്തിന് തിരിച്ചുകയറാനുള്ള വഴി തുറന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

