തിരുവനന്തപുരം: പാലോട് തോട്ടിൽ മീൻപിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് സിഐടിയു തൊഴിലാളിക്ക് ദാരുണാന്ത്യം. കുറുന്താളി വടക്കേവിള ഷൈജുഭവനിലെ ഷൈജു (38) ആണ് മരിച്ചത്.
പ്ലാവറയിലെ ഹെഡ്ലോഡ് തൊഴിലാളിയാണ്. ഇന്ന് വൈകുന്നേരം നാല് മണിയോടെ രണ്ട് സുഹൃത്തുക്കൾക്കൊപ്പം മീൻപിടിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.
തോടിന് സമീപത്തെ തെങ്ങ് കാറ്റിൽ മറിയാതിരിക്കാനായി കെട്ടിയിരുന്ന കമ്പി ദ്രവിച്ച് പൊട്ടി വൈദ്യുതി ലൈനിന് മുകളിലൂടെ തോട്ടിലേക്ക് വീണുകിടക്കുകയായിരുന്നു. ഈ കമ്പിയിൽ വൈദ്യുതി പ്രവഹിക്കുന്ന വിവരം അറിയാതെ തോട്ടിലിറങ്ങിയ ഷൈജുവിന് വൈദ്യുതാഘാതമേൽക്കുകയും സംഭവസ്ഥലത്തുവെച്ച് തന്നെ മരണം സംഭവിക്കുകയുമായിരുന്നു.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

