കൽപറ്റ ∙ ജില്ലാ ആസ്ഥാനത്തെ നഗരസഭയായ കൽപറ്റയിൽ 3 മുന്നണികളും സ്ഥാനാർഥി നിർണയം അടക്കമുള്ള ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. കൂടുതൽ സീറ്റുകൾ നേടി ഭരണം നിലനിർത്താനുള്ള പടയൊരുക്കത്തിലാണു യുഡിഎഫ് ക്യാംപ്.
നേരിയ വ്യത്യാസത്തിൽ കഴിഞ്ഞതവണ കൈവിട്ട നഗരസഭാ ഭരണം പിടിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് എൽഡിഎഫ്.
ഒരു സീറ്റുമില്ലാത്ത എൻഡിഎ ഇക്കുറിയെങ്കിലും അക്കൗണ്ട് തുറന്ന് ചരിത്രം സൃഷ്ടിക്കാനുള്ള തയാറെടുപ്പിലും. രണ്ടരവർഷം വീതം ചെയർമാൻ സ്ഥാനം എന്നതായിരുന്നു കോൺഗ്രസ്–ലീഗ് ധാരണ.
എന്നാൽ, ചെയർമാൻ സ്ഥാനാർഥിയെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷമായതിനെത്തുടർന്ന് മുസ്ലിം ലീഗ് 3 വർഷത്തിനു ശേഷമാണ് ചെയർമാൻ സ്ഥാനം രാജിവച്ചത്. കോൺഗ്രസിനു ലഭിച്ച കാലാവധിയിൽ ഏതാനും ദിവസങ്ങൾക്കു വേണ്ടി മാത്രമുൾപെടെ രണ്ടു ചെയർമാന്മാരെ നിയോഗിക്കേണ്ടിവന്ന സാഹചര്യവുമുണ്ടായി.
എന്നാൽ, ഇതൊന്നും തിരഞ്ഞെടുപ്പ് പ്രകടനത്തെ ബാധിക്കില്ലെന്നാണു യുഡിഎഫിന്റെ പ്രതീക്ഷ. നഗരസഭാ പരിധിയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാനായതടക്കമുള്ള വികസന പ്രവൃത്തികൾ തിരഞ്ഞെടുപ്പിൽ നേട്ടമാകുമെന്നു യുഡിഎഫ് ക്യാംപ് വിലയിരുത്തുന്നു.
സീറ്റുവിഭജനത്തിൽ ഇന്നു വൈകിട്ട് ടി.
സിദ്ദീഖ് എംഎൽഎയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തോടെ അന്തിമ തീരുമാനമെടുക്കാനാകുമെന്നാണു നേതാക്കൾ പറയുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 17 സീറ്റിൽ കോൺഗ്രസും 11 സീറ്റിൽ മുസ്ലിം ലീഗുമാണു മത്സരിച്ചത്.
ഇതിൽ ചില സീറ്റുകൾ വച്ചുമാറിയേക്കും. പുതുതായി രൂപീകരിച്ച ഡിവിഷനുകളിൽ ഗൂഡലായിക്കായുള്ള സമ്മർദം കോൺഗ്രസ് ശക്തമാക്കിയിട്ടുണ്ട്.
പുതുതായി രൂപീകരിച്ച ഡിവിഷനുകളിൽ ഒരു സീറ്റ് തങ്ങൾക്കു ലഭിക്കണമെന്നു ലീഗും ആവശ്യപ്പെടുന്നു. എൽഡിഎഫിൽ കഴിഞ്ഞതവണ 22 സീറ്റുകളിലാണു സിപിഎം മത്സരിച്ചത്. ഇക്കുറിയും സീറ്റെണ്ണത്തിൽ മാറ്റമുണ്ടാകാനിടയില്ല.
ആർജെഡി 5 സീറ്റുകളിലും സിപിഐ സ്ഥാനാർഥികൾ 3 സീറ്റിലും മത്സരിക്കും.
വർധിച്ച സീറ്റുകളിൽ ഒന്നിൽ പൊതുസ്വതന്ത്രനെ നിർത്താനാണ് ആലോചന. രണ്ടാമത്തെ സീറ്റിലും പ്രശ്നങ്ങളില്ലാതെ സ്ഥാനാർഥിയെ നിശ്ചയിക്കാനാകുമെന്നു നേതാക്കൾ പറഞ്ഞു.
യുഡിഎഫിന്റെ ഭരണപരാജയവും ഒരാഴ്ചത്തേക്കു വേണ്ടി മാത്രമുള്ള നഗരസഭാധ്യക്ഷസ്ഥാനവും അടക്കമുള്ള പ്രശ്നങ്ങൾ അക്കമിട്ടു നിരത്തി തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് എൽഡിഎഫ്.
സ്ഥാനാർഥി നിർണയം അടക്കമുള്ള പ്രാഥമിക ചർച്ചകൾ എൽഡിഎഫ് തുടങ്ങിക്കഴിഞ്ഞു. എത്രയും വേഗം സ്ഥാനാർഥിനിർണയം പൂർത്തിയാക്കി പ്രചാരണരംഗത്തിറങ്ങാനാണു തീരുമാനം.നേതൃയോഗങ്ങളും സ്ഥാനാർഥി നിർണയ ചർച്ചകളുമൊക്കെയായി എൻഡിഎ ക്യാംപും സജീവമാണ്.
പുളിയാർമല ഉൾപെടെ 4 ഡിവിഷനുകളിലെങ്കിലും മത്സരം കടുപ്പിക്കാൻ തങ്ങളുടെ സ്ഥാനാർഥികൾക്കാവുമെന്ന് എൻഡിഎ നേതാക്കൾ പറഞ്ഞു. എല്ലാ സീറ്റുകളിലും ബിജെപിക്കാർ തന്നെയാകും സ്ഥാനാർഥികളെന്നാണു സൂചന.
കൽപറ്റയുടെ പൊതുചിത്രം
നഗരസഭയുടെ രൂപീകരണം മുതൽ ഏറെക്കാലം എൽഡിഎഫിന്റെ ശക്തികേന്ദ്രമായിരുന്നു കൽപറ്റ നഗരസഭ.
2010ൽ ജനതാദൾ യുഡിഎഫിലേക്ക് ചേക്കേറിയതോടെ 28 ഡിവിഷനുകളിൽ 21 എണ്ണവും നേടി ചരിത്രത്തിലാദ്യമായി യുഡിഎഫ് ഭരണം നേടി. 2015ലും യുഡിഎഫ് ഭരണം നിലനിർത്തി.
ഇതിനിടെ, കാലാവധി തീരുംമുൻപേ ജനതാദൾ എൽഡിഎഫിലേക്ക് തിരികെ പോയതോടെ ഭരണം എൽഡിഎഫിനായി. പിന്നീട് 2020ൽ യുഡിഎഫ് ഭരണം തിരിച്ചുപിടിച്ചു.
നിലവിൽ 15 സീറ്റുകളുമായി യുഡിഎഫാണ് നഗരസഭ ഭരിക്കുന്നത്. ഇക്കുറി വാർഡ് പുനർവിഭജനം നടന്ന് ആകെയുണ്ടായിരുന്ന 28 ഡിവിഷനുകൾ 30 ആയി ഉയർന്നിട്ടുണ്ട്.
ഗൂഡലായി, കേന്ദ്രീയവിദ്യാലയം എന്നിവിടങ്ങളിലാണു പുതിയ ഡിവിഷനുകൾ.
നറുക്കെടുപ്പ് നടന്നപ്പോൾ ഗൂഡലായി ജനറൽ ഡിവിഷനും കേന്ദ്രീയവിദ്യാലയം വനിതാസംവരണവുമായി. ഈ രണ്ടു ഡിവിഷനുകളിലും അവകാശവാദവുമായി മുന്നണികൾക്കുള്ളിൽ പ്രധാന ഘടകക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

