ഇറാനെതിരെ അമേരിക്ക സാമ്പത്തിക ഉപരോധം കർശനമാക്കിയതോടെ ഇന്ത്യയുടെ തന്ത്രപ്രധാനമായ വിദേശ വ്യാപാര പദ്ധതിയായ ചബഹാർ തുറമുഖം അനിശ്ചിതത്വത്തിൽ. ഇറാനുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വിദേശ വ്യാപാരത്തിൽ ഇന്ത്യയ്ക്ക് അതിനിർണായകമായ ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പിൽ പ്രത്യേക ഇളവ് നൽകണമെന്ന് കേന്ദ്രസർക്കാർ യുഎസിനോട് അഭ്യർത്ഥിച്ചിരുന്നെങ്കിലും ഇതുവരെ അനുകൂല പ്രതികരണം ഉണ്ടായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് തുറമുഖത്തിന്റെ നിയന്ത്രണം താൽക്കാലികമായി ഇറാനിയൻ കമ്പനികൾക്ക് കൈമാറാൻ കേന്ദ്രസർക്കാർ തയാറെടുക്കുന്നത്.
ഭാവിയിൽ സാഹചര്യം അനുകൂലമായാൽ തുറമുഖത്തിന്റെ നടത്തിപ്പ് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യ പോർട്സ് ഗ്ലോബൽ ലിമിറ്റഡിന് തിരികെ ലഭിക്കുന്ന രീതിയിലുള്ള വ്യവസ്ഥകളോടെയാണ് ഈ തീരുമാനം. പാക്കിസ്ഥാനെ ഒഴിവാക്കിക്കൊണ്ട് അഫ്ഗാനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ മധ്യേഷ്യൻ രാജ്യങ്ങളുമായി വ്യാപാര ബന്ധം സാധ്യമാക്കുന്നതിൽ ചബഹാർ തുറമുഖത്തിന് വലിയ പങ്കാണുള്ളത്.
ഇന്ത്യയുടെ വിദേശ വ്യാപാര രംഗത്തെ പ്രധാന ചുവടുവെപ്പുകളിൽ ഒന്നായ ഈ പദ്ധതിക്കായി ഇതുവരെ ഏകദേശം 12 കോടി ഡോളറാണ് ഇന്ത്യ നിക്ഷേപിച്ചിട്ടുള്ളത്. 2003 ലാണ് ഇറാനിലെ തെക്കുകിഴക്കൻ തീരത്തുള്ള ഈ തുറമുഖം വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഇന്ത്യ തുടക്കമിട്ടത്.
തുടർന്ന് 2024 ൽ പത്ത് വർഷത്തേക്കുള്ള ഔദ്യോഗിക നടത്തിപ്പ് കരാറിലും ഇന്ത്യയും ഇറാനും ഒപ്പുവെക്കുകയുണ്ടായി. എന്നാൽ ഇറാനെതിരെ യുഎസ് ഉപരോധം നിലവിൽ വന്നതോടെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാവുകയും പിന്നീട് പ്രത്യേക ഇളവുകളുടെ അടിസ്ഥാനത്തിലായിരുന്നു കാര്യങ്ങൾ മുന്നോട്ടുപോയത്.
ഈ വർഷം ഏപ്രിലിൽ ഈ ഇളവിന്റെ കാലാവധി അവസാനിച്ചെങ്കിലും, കാലാവധി നീട്ടിനൽകാൻ ഇന്ത്യ നടത്തിയ ശ്രമങ്ങൾക്ക് ഇതുവരെയും ഔദ്യോഗിക മറുപടി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് തുറമുഖത്തിന്റെ നിയന്ത്രണം താൽക്കാലികമായി ഇറാനിയൻ പക്ഷത്തിന് കൈമാറാൻ ധാരണയായിരിക്കുന്നത്.
അമേരിക്കയുടെ ഭാഗത്തുനിന്നുള്ള കടുത്ത നീക്കങ്ങളെ അതീവ ജാഗ്രതയോടെയാണ് ഇന്ത്യ നിരീക്ഷിക്കുന്നത്. തുറമുഖ നടത്തിപ്പിന്റെ പേരിൽ മാത്രം രാജ്യത്തെ പ്രമുഖ കമ്പനികൾക്ക്മേൽ യുഎസിന്റെ ഉപരോധ നടപടികൾ ക്ഷണിച്ചുവരുത്താൻ കേന്ദ്രസർക്കാർ തയാറല്ല.
പ്രത്യേകിച്ചും പൊതുമേഖലാ ബാങ്കുകളെ അന്താരാഷ്ട്ര വിദേശ വ്യാപാര സംവിധാനങ്ങളിൽ നിന്ന് മാറ്റിനിർത്തുന്ന തരത്തിലുള്ള കടുത്ത നടപടികൾ യുഎസ് സ്വീകരിച്ചേക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇത് മുൻകൂട്ടിക്കകണ്ടാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.
അതോടൊപ്പം തന്നെ, ഇറാൻ-യുഎസ് സംഘർഷാവസ്ഥയിൽ ചബഹാർ തുറമുഖത്തിന് യാതൊരുവിധ കേടുപാടുകളും സംഭവിക്കാതെ സുരക്ഷിതമായി സംരക്ഷിക്കാനുള്ള മുൻകരുതലുകളും ഇന്ത്യ സ്വീകരിച്ചു വരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

