വയനാട് ജില്ലയിൽ സ്വർണാഭരണങ്ങൾ കവർച്ച ചെയ്യുന്ന സംഘത്തെ പിടികൂടാനായി അന്വേഷണം ശക്തമാക്കി പൊലീസ്. ജില്ലയിൽ വ്യാപകമായി പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.
ഇതുവരെ 7 പ്രതികൾ പിടിയിലായിട്ടുണ്ട്. സംഘത്തിൽ കൂടുതൽ സ്ത്രീകളുണ്ടെങ്കിലും പുരുഷന്മാരും നേതൃസ്ഥാനത്തുണ്ട്.
തമിഴ്നാട്ടിലെ മധുര, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പ്രതികളെന്ന് പൊലീസ് വ്യക്തമാക്കുന്നു. ആഭരണങ്ങൾ ധരിച്ച് പുറത്തിറങ്ങുന്ന മുതിർന്ന സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഇവർ എത്തുന്നത്.
ബസുകൾ, ബസ് സ്റ്റാൻഡുകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയ തിരക്കേറിയ ഇടങ്ങൾ കേന്ദ്രീകരിച്ചാണ് മോഷണം. നാലോ അഞ്ചോ പേരടങ്ങുന്ന സംഘം ബസിൽ കയറി ലക്ഷ്യം ഉറപ്പിച്ച ശേഷം ദേഹത്ത് വീഴുന്ന രീതിയിലുള്ള അടവുകൾ പ്രയോഗിച്ച് അതിവിദഗ്ധമായി ആഭരണം കവർന്ന് അടുത്ത സ്റ്റോപ്പിൽ ഇറങ്ങുന്നു.
തുടർന്ന് പുരുഷന്മാർ എത്തി ആഭരണവുമായി രക്ഷപ്പെടുകയാണ് പതിവ്. തമിഴ്നാട്ടിൽ നിന്നെത്തുന്ന പ്രതികളുടെ യഥാർത്ഥ പേരുകൾ പോലും വ്യക്തമല്ല.
മലപ്പുറം കൊണ്ടോട്ടിയിലെ വാടകവീട്ടിൽ കേന്ദ്രീകരിച്ചായിരുന്നു ഇവർ പ്രവർത്തിച്ചിരുന്നത്. പാലക്കാടുള്ള ഒരു അഭിഭാഷകൻ ഇവരെ സഹായിക്കുന്നുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
പ്രിയദർശിനി സൗജന്യയാത്ര പദ്ധതിയിൽ ഗുണ്ടൽപേട്ടിലേക്ക് യാത്ര ചെയ്യുന്ന സ്ത്രീകളും ഇവരുടെ ലക്ഷ്യത്തിൽ ഉൾപ്പെടുന്നുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ഇതിനിടെ, കൽപറ്റയിൽ സിസിടിവി ദൃശ്യങ്ങളിലെ സാമ്യം ആരോപിച്ച് നിരപരാധികളായ സ്ത്രീകളെ പൊലീസ് തടഞ്ഞുവെച്ചത് വിവാദമായി.
ബുധൻ രാവിലെ 10 മണിയോടെ കൽപറ്റ ആനപ്പാലം ജംക്ഷനിലെ വസ്ത്രവ്യാപാരസ്ഥാപനത്തിനു മുൻപിലാണ് സംഭവം. ഓണക്കാല ഷോപ്പിങ്ങിനായി പുൽപള്ളിയിൽനിന്നെത്തിയ പൂർണഗർഭിണിയുൾപ്പെടെയുള്ള മൂന്ന് സ്ത്രീകളെയാണ് വനിതാ എഎസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞുവെച്ച് അപമാനിച്ചത്.
ആധാർ കാർഡ് കാണിച്ചിട്ടും മോശമായി പെരുമാറിയെന്നും, പിന്നീട് നിരപരാധികളാണെന്ന് തെളിഞ്ഞിട്ടും മാപ്പ് പറയാൻ തയ്യാറായില്ലെന്നും പരാതിയുണ്ട്. സംഭവത്തിൽ പുൽപള്ളി സ്വദേശികൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
എന്നാൽ ആരെയും അപമാനിച്ചിട്ടില്ലെന്നും സംശയാസ്പദമായ സാഹചര്യത്തിൽ നടത്തിയ പരിശോധന മാത്രമാണെന്നുമാണ് പൊലീസിന്റെ വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

