ഓണക്കാല സീസൺ മുന്നിൽ കണ്ട് വയനാട് ജില്ലയിലെ വിവിധ സ്പാ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തുന്ന സംഘങ്ങൾ സജീവമാകുന്നതായി എക്സൈസ് വകുപ്പിന്റെ മുന്നറിയിപ്പ്. തളിപ്പുഴയിൽ എക്സൈസ് സംഘം നടത്തിയ പ്രത്യേക പരിശോധനയിൽ 2.229 ഗ്രാം എംഡിഎംഎയുമായി താമരശ്ശേരി സ്വദേശിയായ വി.സി.
സായൂജ് (36) എന്നയാളെ പിടികൂടി. പ്രതിയുടെ പക്കൽ നിന്നും ലഹരിമരുന്ന് വിൽപനയ്ക്കായി ഉപയോഗിച്ച മൊബൈൽ ഫോണും, വിൽപനയിലൂടെ ലഭിച്ച 10,000 രൂപയും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
സ്പായിൽ മസാജ് സേവനങ്ങൾക്കായി എത്തുന്നവരെ ലക്ഷ്യമിട്ടാണ് ഇവർ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവന്നിരുന്നത്. മറ്റ് ജില്ലകളിൽനിന്നുള്ളവർ ഉൾപ്പെടെയുള്ള വലിയൊരു റാക്കറ്റാണ് ഇതിനു പിന്നിലെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.
വൈത്തിരി, ബത്തേരി താലൂക്കുകളിലാണ് ഇത്തരം സ്ഥാപനങ്ങൾ കൂടുതലായി പ്രവർത്തിക്കുന്നത്. ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് കരുത്തുപകരുന്ന സ്പാ കേന്ദ്രങ്ങൾ പലതും ഉപജീവനമാർഗമാകുമ്പോൾ, ഒരു വിഭാഗം സാമൂഹ്യവിരുദ്ധർ ഈ മറവിൽ ലഹരി വ്യാപാരം നടത്തുന്നത് നിയമവിധേയമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പോലും കളങ്കമുണ്ടാക്കുന്നുണ്ട്.
സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഇത്തരം ലഹരിക്കടത്ത് ശൃംഖലയിലെ കണ്ണികളായി പ്രവർത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. പെട്ടെന്ന് പണം സമ്പാദിക്കാമെന്നതും എളുപ്പത്തിൽ നിയമപാലകരുടെ പിടിയിലാകില്ലെന്ന ധാരണയുമാണ് ഇത്തരക്കാരെ ഇതിലേക്ക് ആകർഷിക്കുന്നത്.
മാനസിക വിശ്രമത്തിനായി എത്തുന്ന ഉപഭോക്താക്കൾക്ക് ലഹരി പരിചയപ്പെടുത്തി പിന്നീട് സ്ഥിരം കസ്റ്റമർമാരാക്കി മാറ്റുകയാണ് ഇവരുടെ രീതി. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിനോദസഞ്ചാരികളാണ് പ്രധാനമായും ഇവരുടെ ലക്ഷ്യം.
ഉയർന്ന തുക ഈടാക്കാൻ കഴിയുമെന്നതും, മറ്റു സംസ്ഥാനങ്ങളിലേക്കുള്ള ലഹരിക്കടത്ത് ശൃംഖല വിപുലീകരിക്കാൻ ഇത് സഹായിക്കുമെന്നും പ്രതികൾ കരുതുന്നു. കഞ്ചാവിന് പുറമെ എംഡിഎംഎ, എൽഎസ്ഡി, കെറ്റമിൻ, മെത്താംഫെറ്റമിൻ തുടങ്ങിയ സിന്തറ്റിക് രാസലഹരികളും ഇവർ വിപണിയിലെത്തിക്കുന്നുണ്ട്.
ലഹരിമരുന്ന് ആവശ്യക്കാരുടെ അടുത്ത് എത്തിക്കുന്നതിനായി പ്രാദേശിക തലത്തിൽ പ്രത്യേക ഏജന്റുമാരെയും സംഘം ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് എക്സൈസ് അറിയിച്ചു.
ഓപ്പറേഷൻ തണ്ടറിന്റെയും ഓണം സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെയും ഭാഗമായി കൽപറ്റ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണുവും സംഘവുമാണ് വൈത്തിരി തളിപ്പുഴ മേഖലകളിൽ പരിശോധന നടത്തിയത്.
ഈ റെയ്ഡിൽ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ജി.
അനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ടി. മുഹമ്മദ് മുസ്തഫ, എം.വി.
പ്രജീഷ്, വനിതാ സിവിൽ എക്സൈസ് ഓഫിസർ എസ്.എസ്. ജിജി എന്നിവരും സന്നിഹിതരായിരുന്നു.
ലഹരി മാഫിയയുമായി ബന്ധപ്പെട്ട മറ്റ് കണ്ണികളെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ വൈത്തിരി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു. ഓണാവധിക്കാലത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലും സ്പാകളിലും തിരക്കേറുന്നതിനാൽ ലഹരി സംഘങ്ങൾ സജീവമാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ഇത്തരം സ്ഥാപനങ്ങളുടെ ഉടമകളും ജീവനക്കാരും അതീവ ജാഗ്രത പാലിക്കണമെന്നും, സംശയകരമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ പൊലീസിനെയും എക്സൈസിനെയും വിവരം അറിയിക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

