വിവാഹമോചന ആവശ്യങ്ങൾക്കായി ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് തങ്ങൾ നിലവിൽ താമസിക്കുന്ന പ്രദേശത്തെ കുടുംബക്കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കി ഹൈക്കോടതിയുടെ നിർണായക ഉത്തരവ്.
ജസ്റ്റിസ് ഡോ. എ.കെ.
ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ.കെ. പ്രീത എന്നിവരുൾപ്പെട്ട
ഡിവിഷൻ ബെഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഹിന്ദു വിവാഹ നിയമത്തിലും സ്പെഷൽ മാര്യേജ് ആക്ടിലും ഭാര്യമാർക്ക് സ്വന്തം താമസസ്ഥലത്ത് ഹർജി നൽകാൻ നിയമപരമായ വ്യവസ്ഥയുണ്ട്.
എന്നാൽ, ക്രൈസ്തവർക്ക് ബാധകമായ 1869ലെ വിവാഹമോചന നിയമത്തിൽ (Divorce Act) ഇത്തരമൊരു സൗകര്യം ഇല്ലാതിരുന്നത് കടുത്ത വിവേചനപരമാണെന്നും ഇത് ഒഴിവാക്കേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. മാനന്തവാടി സ്വദേശിയായ യുവതി സമർപ്പിച്ച അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഈ ഉത്തരവുണ്ടായിരിക്കുന്നത്.
ഭർത്താവിന്റെ ജന്മസ്ഥലമായ കാസർകോട് വെച്ചായിരുന്നു ഇവരുടെ വിവാഹം നടത്തിയത്. എന്നാൽ ഭർതൃവീട്ടിൽ നിന്നും കടുത്ത ഗാർഹിക പീഡനങ്ങളെ തുടർന്ന് യുവതി വയനാട്ടിലെ സ്വന്തം വീട്ടിലേക്ക് താമസം മാറ്റാൻ നിർബന്ധിതയാവുകയായിരുന്നു.
തുടർന്ന് കൽപറ്റ കുടുംബക്കോടതിയിൽ യുവതി വിവാഹമോചനത്തിനായി ഹർജി സമർപ്പിച്ചെങ്കിലും, നിലവിലെ നിയമപ്രകാരം വിവാഹം നടന്ന സ്ഥലത്തോ ദമ്പതികൾ അവസാനമായി ഒന്നിച്ച് താമസിച്ച സ്ഥലത്തോ ഉള്ള കോടതിക്ക് മാത്രമേ അധികാരമുള്ളൂ എന്ന് ചൂണ്ടിക്കാട്ടി കീഴ്ക്കോടതി ഹർജി തള്ളിക്കളയുകയായിരുന്നു. ഈ വിധിക്കെതിരെ യുവതി നൽകിയ അപ്പീൽ ഹൈക്കോടതി സിംഗിൾ ബെഞ്ചും നേരത്തെ നിരസിച്ചിരുന്നു.
ഇതിനെ തുടർന്നാണ് ഹർജിക്കാരി നിയമപോരാട്ടവുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

