വണ്ണപ്പുറം∙ മറ്റു ജില്ലകളിൽനിന്ന് വണ്ണപ്പുറം വഴി ഇടുക്കിയിലേക്കു ഗൂഗിൾ മാപ്പ് നോക്കിയുള്ള യാത്ര അപകട സാധ്യത വർധിപ്പിക്കുന്നു.
ഒട്ടേറെ അപകടങ്ങളാണ് ഇവിടെ കുറച്ചു മാസങ്ങളായി ഉണ്ടായിട്ടുള്ളത്. എറണാകുളത്തുനിന്നും മറ്റ് പ്രദേശങ്ങളിൽനിന്നും ഇടുക്കിയിലേക്ക് പോകുന്നവർക്കുളള എളുപ്പ മാർഗമായി ഗൂഗിൾ മാപ്പ് കാണിക്കുന്നത് വണ്ണപ്പുറം കൂടിയുള്ള യാത്രയാണ്.
പരിചയമില്ലാത്തവർക്ക് ഈ റൂട്ടിലൂടെ യാത്ര എന്നും ദുഷ്കരമാണ്. തുടരെത്തുടരെയുള്ള ഹെയർപിൻ വളവുകളും സംരക്ഷണ ഭിത്തികൾ ഇല്ലാത്തതുമാണ് അപകട
സാധ്യത വർധിക്കാനുള്ള പ്രധാന കാരണങ്ങൾ. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ലോഡും കയറ്റി വരുന്ന വലിയ ചരക്ക് വാഹനങ്ങൾ ആണ് ഈ റൂട്ടിൽ എത്തുന്നതോടെ കെണിയിൽപെടുന്നത്.
വളവുകളും കുത്തനെയുള്ള ഇറക്കവുമാണ് വാഹനങ്ങളെ അപകടത്തിൽപെടുത്തുന്നത്. കയറ്റം കയറുന്ന വാഹനങ്ങൾ വലി മുട്ടി പുറകോട്ട് വന്ന് അപകടങ്ങൾ തുടർക്കഥ ആകുന്നു .കൂടാതെ പരിചയമില്ലാതെ ഡ്രൈവർമാർ ഈ റൂട്ടിലൂടെ വരുമ്പോൾ കുത്തനെയുള്ള കയറ്റം കയറാൻ ബുദ്ധിമുട്ടുന്നതും ചില വാഹനങ്ങൾ നിയന്ത്രണം വിടുന്നതും ഇവിടെ പതിവാണ്.
വർഷങ്ങൾക്കു മുൻപ് കമ്പി കയറ്റി വന്ന ഒരു ലോറി കയറ്റം കയറുന്നതിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട് പിന്നോട്ട് വന്ന് ഒരു വീട്ടിലേക്കും മറയുകയും രണ്ടുപേർ ഉൾപ്പെടെ മരിക്കുകയും ചെയ്യുന്ന സംഭവം വരെ ഇവിടെ ഉണ്ടായിട്ടുണ്ട്. ഈ റൂട്ട് പരിചയം ഇല്ലാത്തവരുടെ യാത്ര കൂടുമ്പോഴും അധികൃതർ യാതൊരു സുരക്ഷ മുന്നൊരുക്കങ്ങളും നടത്തുന്നില്ല.
അടിയന്തരമായി ഈ റൂട്ടിൽ സുരക്ഷാ മുന്നൊരുക്കങ്ങൾ നടത്തുകയും സംരക്ഷണ ഭിത്തി നിർമിക്കുകയും ചെയ്യണമെന്നാണ് ജനങ്ങളുടെ ആവശ്യം. കൂടാതെ നാൽപതേക്കർ എസ് വളവിൽ ക്രാഷ് ബാരിയർ ഒടിഞ്ഞിരിക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു.
അധികൃതരെ വിവരം അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ റൂട്ടിൽ അപകടങ്ങൾ നിത്യ സംഭവമായി മാറികൊണ്ടിരിക്കുകയാണ്. കൂടാതെ രാത്രി കാലമായാൽ വെളിച്ചം പോലും നിലവിലില്ല.
യാതൊരു വിധ സിഗ്നൽ ബോർഡുകളും ഇല്ല. അടിയന്തരമായി ഈ വിഷയത്തിൽ അധികൃതർ ഇടപെടണമെന്നാണ് ജനങ്ങളുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

