ചാത്തന്നൂർ ∙ കെഎസ്ആർടിസി ഡിപ്പോക്കു മുന്നിലെ റവന്യു പുറമ്പോക്ക് ഭൂമിയിൽ പ്രവർത്തിച്ച താൽക്കാലിക കടകൾ റവന്യു അധികൃതരെത്തി പൊളിച്ചു മാറ്റി ഭൂമി ഏറ്റെടുത്തു. അംബിക, സജാദ് ഖാൻ, മോഹനൻ, മിനി, തങ്കമണി, സുധർമ എന്നിവർ ചായവിൽപനയും മറ്റും നടത്തിയിരുന്ന 6 കടകളാണു പൊളിച്ചുമാറ്റിയത്. കടകൾ പൊളിച്ചതോടെ തങ്ങളുടെ ജീവിത മാർഗം ഇല്ലാതായെന്ന് ഇവർ പ്രതികരിച്ചു.
ചൊവ്വാ രാവിലെ ആറോടെ പൊലീസ് അകമ്പടിയോടെ റവന്യു സംഘം മണ്ണുമാന്തിയും ടിപ്പർ ലോറിയുമായി എത്തുകയായിരുന്നു. പൊതുപ്രവർത്തകൻ ടി.ദിജു, പഞ്ചായത്തംഗങ്ങളായ ആർ.സന്തോഷ്, സിന്ധു ഉദയൻ തുടങ്ങിയവർ എത്തി 10 ദിവസത്തെ സാവകാശം ചോദിച്ചു.
2015 മുതൽ നോട്ടിസ് നൽകുന്നതായും കഴിഞ്ഞ ഓണത്തിനു ശേഷം ഒഴിയാമെന്നു കലക്ടര്‍ക്ക് ഉറപ്പ് നൽകിയിരുന്നതായും റവന്യു അധികൃതർ വ്യക്തമാക്കി.
ഒരു മണിക്കൂറിനകം പൊളിച്ചു മാറ്റാൻ നിർദേശിച്ചതോടെ നാട്ടുകാരുടെ സഹായത്തോടെ ഉടമകൾ കടകൾ പൊളിച്ചു മാറ്റി. കടകൾ നിന്ന സ്ഥലം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു നിരപ്പാക്കി ബോർഡുകൾ സ്ഥാപിച്ച് ഉദ്യോഗസ്ഥ സംഘം മടങ്ങി.
ഭൂരേഖ തഹസിൽദാർ ഡോണൽ ലാവോസ്, ഡപ്യൂട്ടി തഹസീല്‍ദാര്‍ ജി.എസ്.ശ്രീകുമാര്‍, മീനാട് വില്ലേജ് ഓഫിസര്‍ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഭൂമി ഏറ്റെുക്കാനെത്തിയത്.
ഇവിടെ ഉയരും സിവിൽ സ്റ്റേഷൻ അനക്സ് കെട്ടിടം
∙ താൽക്കാലിക കടകൾ ഒഴിപ്പിച്ചു റവന്യു വകുപ്പ് ഏറ്റെടുത്ത 40 സെന്റ് ഭൂമിയിൽ സിവിൽ സ്റ്റേഷൻ അനക്സ് കെട്ടിടം നിർമിക്കും. 5 കോടി രൂപ ചെലവിലാണു സിവിൽ സ്റ്റേഷൻ അനുബന്ധ മന്ദിരം നിർമിക്കുക.
കെട്ടിട നിർമാണത്തിനുള്ള ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
മരാമത്ത് കെട്ടിട വിഭാഗത്തിനാണു നിർമാണച്ചുമതല.
പിന്നിലെ വീടുകളിലേക്കുള്ള വഴി ഒഴിവാക്കിയാണു ഭൂമി ഏറ്റെടുത്തത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

