പുനലൂർ റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ പര്യാപ്തമായ മേൽക്കൂര ഇല്ലാത്തത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കുന്നു. നിലവിലുള്ള രണ്ട് ചെറിയ മേൽക്കൂരകൾ മാത്രമാണ് ഇവിടെയെത്തുന്ന യാത്രക്കാരുടെ ഏക ആശ്രയം.
അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി നവീകരണ ജോലികൾ വേഗത്തിൽ പുരോഗമിക്കുന്ന സ്റ്റേഷനിലാണ് ഈ ദയനീയ സ്ഥിതി തുടരുന്നത്. ഇതിനാൽ കടുത്ത വെയിലും മഴയും ഏറ്റ് വേണം യാത്രികർക്ക് ട്രെയിനിൽ കയറാനും ഇറങ്ങാനും.
മുതിർന്ന പൗരന്മാർ, കുട്ടികൾ, സ്ത്രീകൾ, ഗുരുതര രോഗികൾ എന്നിവരാണ് മേൽക്കൂരയില്ലാത്തതുമൂലം ഏറ്റവും അധികം ബുദ്ധിമുട്ടുകൾ നേരിടുന്നത്. സ്റ്റേഷനിലെ ഒന്ന്, രണ്ട് പ്ലാറ്റ്ഫോമുകളിൽ പൂർണ്ണതോതിൽ മേൽക്കൂര നിർമിക്കുന്നതിനുള്ള പദ്ധതികൾ നിലവിലുണ്ടെങ്കിലും, ഇതുവരേയും അതിനുള്ള പ്രവൃത്തികൾ ആരംഭിച്ചിട്ടില്ല.
സ്റ്റേഷന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ, പ്ലാറ്റ്ഫോം മേൽക്കൂരയുടെ നിർമാണവും എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നാണ് പൊതുജനങ്ങളുടെ ശക്തമായ ആവശ്യം. കോടിക്കണക്കിന് രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് സ്റ്റേഷനിൽ നടപ്പിലാക്കുന്നത്.
എന്നാൽ യാത്രികർക്ക് നേരിട്ട് പ്രയോജനം ലഭിക്കേണ്ട മേൽക്കൂരയുടെ കാര്യത്തിൽ ഉണ്ടാകുന്ന ഈ അകാരണമായ താമസം ഒഴിവാക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.
എത്രയും വേഗം മേൽക്കൂരയുടെ നിർമാണം പൂർത്തീകരിച്ച് യാത്രാക്ലേശം പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്നാണ് പ്രധാന ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

