ആറ്റിങ്ങൽ ∙ എൻഇഎസ് ബ്ലോക്ക് ജംക്ഷനിലെ വാട്ടർ ടാങ്ക് ഏത് നിമിഷവും തകരുന്ന അവസ്ഥയിലെന്ന് നാട്ടുകാർ. ടാങ്കിന് സാരമായ ബലക്ഷയം ഉണ്ടെന്ന് നാട്ടുകാർ പറയുന്നു.
കിഴുവിലം ഗ്രാമപ്പഞ്ചായത്ത് ഓഫിസിന് സമീപത്തെ ടാങ്കിനാണ് ബലക്ഷയം. വാട്ടർ അതോറിറ്റി അധികൃതർ 2023 ൽ പരിശോധന നടത്തി നവീകരണത്തിനായി എട്ട് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും പിന്നീട് നടപടികളുണ്ടായില്ല. ടാങ്കിന് അകവശത്ത് സിമന്റ് പാളികൾ പൊളിഞ്ഞ് ഇളകി മാറി കമ്പികൾ പുറത്ത് വന്ന നിലയിലാണ്.
കമ്പികൾ ഭൂരിഭാഗവും തുരുമ്പെടുത്ത് കഴിഞ്ഞതായും പറയപ്പെടുന്നു. ടാങ്കിന്റെ മൂടി തുറന്ന് കിടക്കുന്നതിനാൽ സമീപത്തെ മരങ്ങളിൽ നിന്നും വീഴുന്ന ഇലകളും , ഫലങ്ങളും ടാങ്കിനുള്ളിൽ പതിക്കുന്നു.
ഭുമിയുടെ നിരപ്പിൽ നിർമിച്ചിരിക്കുന്ന ടാങ്കിൽ രണ്ട് ലക്ഷത്തോളം ലീറ്റർ വെള്ളം കൊള്ളും . ഇവിടെ ശേഖരിക്കുന്ന ജലം നൈനാംകോണം വാട്ടർ ടാങ്കിലേക്ക് പമ്പ് ചെയ്ത് കയറ്റിയ ശേഷമാണ് വിതരണം.
കിഴുവിലം പഞ്ചായത്തിലെ മൂന്ന് ,നാല്, അഞ്ച് വാർഡുകൾ ഒഴികെ മറ്റ് പതിനെട്ടു വാർഡുകളിൽ ഈ ജലമാണ് വിതരണം ചെയ്യുന്നത്. സിമന്റ് പാളികൾ ഇളകി വീഴുന്നതിനാൽ ടാങ്കിലെ വെള്ളം ശുദ്ധമല്ലെന്നും ഈ ജലമാണ് പഞ്ചായത്തിലെ ഭൂരിഭാഗം പേർക്കും വിതരണം ചെയ്യുന്നതെന്നുമാണ് ആക്ഷേപം.
എന്നാൽ ക്വാളിറ്റി കൺട്രോൾ ബ്യൂറോ നടത്തുന്ന പരിശോധനയിൽ ഇവിടെ നിന്നും വിതരണം ചെയ്യുന്ന ജലത്തിന് ഗുണനിലവാരക്കുറവ് ഇല്ലെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു.
ടാങ്ക് നവീകരിക്കുന്നതിനായി എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചിട്ടുണ്ടെന്നും ആറ്റിങ്ങൽ വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു. നവീകരണത്തിനായി എട്ട് ലക്ഷത്തിലധികം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. പ്രദേശത്ത് ജലവിതരണം മുടങ്ങാത്ത രീതിയിൽ വേണം നിർമാണം നടത്തേണ്ടതെന്നും , ടാങ്കിന്റെ പലഭാഗവും ഇടിച്ച് പുനർ നിർമിക്കണമെന്നതും സാങ്കേതികമായ പ്രതിസന്ധി സൃഷ്ടിക്കുമെങ്കിലും പദ്ധതിയുടെ അനുമതി ലഭിച്ചാലുടൻ തന്നെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അധികൃതർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

