നീണ്ട ഇരുനൂറിലധികം ദിവസങ്ങൾക്ക് ശേഷം കടലിലെ കാവൽ അവസാനിപ്പിച്ച് അമേരിക്കയുടെ വിമാനവാഹിനിക്കപ്പൽ തായ്ലൻഡിൽ എത്തുന്നു.
ഏബ്രഹാം ലിങ്കൺ എന്ന യുഎസ് കപ്പലാണ് ഇന്ന് തായ്ലൻഡിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ പട്ടായയ്ക്ക് സമീപമുള്ള ലാം ചാബാങ് തീരത്ത് നങ്കൂരമിടുന്നത്. 5,000 നാവികരാണ് ഈ യുഎസ് കപ്പലിലുള്ളത്.
ഇത്രയധികം ഉദ്യോഗസ്ഥർ എത്തുന്നതോടെ പട്ടായയിലെ വിപണിക്കും പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്കും വലിയ രീതിയിലുള്ള ഉണർവുണ്ടാകുമെന്നാണ് വ്യാപാരികളും അധികാരികളും പ്രതീക്ഷിക്കുന്നത്. ഇവിടെയെത്തുന്ന ഓരോ യുഎസ് സൈനികനും ദിവസം കുറഞ്ഞത് 30 മുതൽ 90 യുഎസ് ഡോളർ വരെ ചെലവഴിച്ചേക്കുമെന്നാണ് പട്ടായ മേയർ കണക്കാക്കുന്നത്.
എന്നാൽ നാവികർ കൃത്യമായി എത്ര ദിവസം നഗരത്തിൽ തങ്ങുമെന്ന് വ്യക്തമല്ലെന്ന് മേയർ പൊറമാസെ എൻഗാംപിച്ചെസ് വ്യക്തമാക്കി. യുഎസ് കപ്പലിന്റെ വരവ് നഗരത്തിന്റെ ടൂറിസം മേഖലയ്ക്ക് മുതൽക്കൂട്ടാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
അതേസമയം, വൻതോതിൽ സൈനികർ എത്തുന്നതിന്റെ പശ്ചാത്തലത്തിൽ പട്ടായയിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് തന്നെ നഗരത്തിൽ പൊലീസ് പട്രോളിങ് ശക്തമാക്കിയിരുന്നു.
ലൈംഗികത്തൊഴിലാളികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി അമ്പതോളം പേരെ നിലവിൽ കരുതൽ തടവിലാക്കിയിട്ടുണ്ട്. നഗരത്തിൽ പ്രവേശിക്കുമ്പോൾ സൈനികർ പാലിക്കേണ്ട
കർശന മാർഗനിർദേശങ്ങളും അമേരിക്കൻ അധികൃതർ നൽകിയിട്ടുണ്ട്. ലഹരി ഇടപാടുകൾക്കും അനധികൃത പ്രവർത്തനങ്ങൾക്കും എതിരെയാണ് പ്രധാന മുന്നറിയിപ്പുകൾ.
മുൻകാലങ്ങളിലും യുഎസ് കപ്പലുകൾ ഈ മേഖലയിൽ എത്തിയിട്ടുള്ളതിനാൽ, സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അമേരിക്കൻ സുരക്ഷാ ഉദ്യോഗസ്ഥരും നേരത്തെ തന്നെ നഗരത്തിൽ എത്തി തായ്ലൻഡ് ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിയിരുന്നു. ഏകദേശം ഒൻപത് മാസത്തോളമായി മതിയായ വിശ്രമമില്ലാതെ കപ്പലിൽ സേവനം അനുഷ്ഠിച്ചിരുന്ന ചില നാവികരുടെ മനോവീര്യം ചോർന്നുപോയതായും മുൻപ് ആത്മഹത്യാ ശ്രമങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഇതിന് പിന്നാലെയാണ് കപ്പലിന്റെ ഈ സന്ദർശനം. ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് സെപ്റ്റംബർ 6 വരെ കപ്പൽ ഈ തീരത്ത് നങ്കൂരമിട്ട് കിടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

