തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ മാനവീയം വീഥിയിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസുകാരനെ ഹെൽമെറ്റ് ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. ആര്യനാട് വയലരികത്ത് വീട്ടിൽ അഖിൽ കൃഷ്ണദേവിനെയാണ് (25) മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി 11.45ഓടെയായിരുന്നു ഈ അക്രമണം അരങ്ങേറിയത്. ഓണം വാരാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് മാനവീയം വീഥിയിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തെ നിയന്ത്രിച്ചു നീക്കുന്നതിനിടയിലാണ് പൊലീസുകാരന് നേരെ കയ്യേറ്റമുണ്ടായത്.
എസ്എപി ക്യാംപിലെ സിപിഒ ശ്രീജിത്തിനെയാണ് പ്രതി ആക്രമിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ അരികിലെത്തിയ അഖിൽ കൃഷ്ണദേവ് അസഭ്യം വർഷിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത ശേഷമാണ് ഹെൽമെറ്റ് കൊണ്ട് ആക്രമണം അഴിച്ചുവിട്ടതെന്ന് പൊലീസ് വ്യക്തമാക്കി.
ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. സംഭവത്തിന് പിന്നാലെ വേഗത്തിൽ നീക്കം നടത്തിയ മ്യൂസിയം പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

