രണ്ടാമത്തെ മെഡിക്കൽ കോളേജായി ഉയർത്തുന്ന തിരുവനന്തപുരം ജനറൽ ആശുപത്രി വളപ്പിൽ നഗരസഭയുടെ നേതൃത്വത്തിൽ സമഗ്രമായ മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു. ഏകദേശം 20 ഏക്കർ വിസ്തൃതിയുള്ള ആശുപത്രി കോമ്പൗണ്ടിൽ കാടും പടർപ്പുകളും നിറഞ്ഞും മാലിന്യങ്ങൾ കുന്നുകൂടിയും കിടന്ന ഭാഗങ്ങളാണ് വ്യാപകമായി വൃത്തിയാക്കിയത്.
ആശുപത്രി വളപ്പിന്റെ പല ഭാഗങ്ങളിലും മാലിന്യങ്ങളും കാടും പടർപ്പുകളും നിറഞ്ഞുകവിഞ്ഞ അവസ്ഥയിലായിരുന്നു. ഇത് പകർച്ചവ്യാടികൾ പടരുന്നതിന് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതിനൊപ്പം രോഗികൾക്കും ജീവനക്കാർക്കും സമീപവാസികൾക്കും ഗുരുതരമായ ആരോഗ്യ ഭീഷണിയും ഉയർത്തിയിരുന്നു.
കൂടാതെ ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി ഈ പ്രദേശം മാറിയിരുന്നു. ഇതിന് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
നഗരസഭയുടെ 150 ശുചീകരണ തൊഴിലാളികളയാണ് ഈ മെഗാ ക്ലീനിംഗ് ഡ്രൈവിനായി രംഗത്തിറക്കിയത്. വിവിധതരം വാഹനങ്ങളും യന്ത്രസാമഗ്രികളും ഉപയോഗിച്ചാണ് കാടും പടർപ്പുകളും വെട്ടിമാറ്റിയത്.
ശുചീകരണ യജ്ഞത്തിനിടയിൽ 12 ലോറി മാലിന്യവും നാല് ലോറി പാഴ്മരക്കഷണങ്ങളുമാണ് ഇവിടെനിന്നും നീക്കം ചെയ്തത്. ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾ വൈകിട്ട് 5.30 വരെ നീണ്ടുനിന്നു.
നഗരസഭാ മേയർ വി. വി.
രാജേഷ് ശുചീകരണ യജ്ഞത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. പാമ്പുകളുടെ തോഴൻ എന്നറിയപ്പെടുന്ന വാവ സുരേഷ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ആർ.
ഗോപൻ, ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ, ആശുപത്രി സൂപ്രണ്ട് ഡോ. കൃഷ്ണവേണി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.
ലക്ഷ്മി, മെഡിക്കൽ കോളേജ് നോഡൽ ഓഫീസർ ഡോ. കവിത രവി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർമാരായ അരുൺ എസ്. നായർ, ബിനോജ് എസ്., അനിൽ എൻ., അജീഷ് കുമാർ ടി.
എസ്. എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ഇതിനുപുറമെ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും പ്രദേശവാസികളും ക്ലീനിംഗ് ഡ്രൈവിൽ സജീവമായി പങ്കാളികളായി.
ആശുപത്രി പരിസരത്തിന്റെ ശുചിത്വം ഉറപ്പുവരുത്തുന്നതിനും പകർച്ചവ്യാധി, ഇഴജന്തു ഭീഷണികൾ പൂർണ്ണമായി ഒഴിവാക്കുന്നതിനുമായി വരും ദിവസങ്ങളിലും കർശനമായ തുടർ ശുചീകരണ പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

