കോഴിക്കോട്∙ 77 വയസ്സുള്ള ഭാർഗവി സർവാഭരണഭൂഷിതയായി മണവാട്ടി വേഷത്തിൽ നാണം കുണുങ്ങിയായി ഒപ്പന വേദിയിലെത്തിയപ്പോൾ, തോഴിയായെത്തിയ 79 വയസ്സുകാരി മീനാക്ഷിക്ക് കൗതുകം അടക്കാനായില്ല. ഭാർഗവി അണിഞ്ഞിരുന്ന ആഭരണങ്ങളുടെ മാറ്റ് പരിശോധിച്ചും കളിതമാശ പറഞ്ഞും അവർ തങ്ങളുടെ കൗമാര കാലത്തേക്ക് തിരിച്ചുപോയി. കോർപറേഷൻ സംഘടിപ്പിച്ച വയോജനോത്സവത്തിൽ പങ്കെടുക്കാനെത്തിയവർ പ്രായവും ശാരീരിക അവശതകളുമെല്ലാം മറന്ന് ആടിപ്പാടി.
ഒപ്പനയുടെ ഇശലുകൾക്കൊപ്പം അവർ ചുവട് വച്ചപ്പോൾ കണ്ട് നിന്നവരിലേക്കും അവരുടെ ഊർജം പ്രവഹിച്ചു. 60 നും 80 നും ഇടയിൽ പ്രായമുള്ളവരായിരുന്നു ഒപ്പനയിലും തിരുവാതിരക്കളിയിലുമെല്ലാം പങ്കെടുത്തവർ എല്ലാവരും.
കുറച്ച് ആഴ്ചകളായി വയോജനോത്സവത്തിനായി പരിശീലനത്തിലായിരുന്നെന്ന് ഇവരെ ഒപ്പന പഠിപ്പിച്ച മൈമൂന പറഞ്ഞു. കണ്ടംകുളം ജൂബിലി ഹാളിൽ ആരംഭിച്ച കോർപറേഷന്റെ വയോജനോത്സവം ഒട്ടേറെ രസകരമായ മുഹൂർത്തങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. 82 വയസ്സുകാരനായ ഗോപാലകൃഷ്ണൻ കീ ബോർഡ് വായിച്ച് പാട്ട് പാടി സദസ്സിനെ കൈയ്യിലെടുത്തു.
സുധഭായിയും ഷൈമലതയും അസ്മാബിയും സുമതിയും മൊയ്തീനും രത്നകലയുമെല്ലാം സന്തോഷത്തിലായിരുന്നു.
പലർക്കും ആദ്യമായി സ്റ്റേജിൽ കയറിയതിന്റെ സന്തോഷം. ചിലർക്ക് വിദ്യാർഥി കാലത്തെ കലാ പ്രവർത്തനങ്ങളുടെ പരിചയത്തിന്റെ ധൈര്യമുണ്ടായിരുന്നു.
നാല് ദിവസങ്ങളിലായി നടക്കുന്ന വയോജനോത്സവത്തിൽ ഇന്നലെ അർബൻ 1 ൽ ഉൾപ്പെട്ട മാങ്കാവ്, പയ്യാനക്കൽ, മുഖദാർ, കല്ലായി എന്നിവിടങ്ങളിൽ നിന്നുള്ള 165 മുതിർന്ന പൗരൻമാരാണ് പങ്കെടുത്തത്.
ഒപ്പന, തിരുവാതിരക്കളി, കപ്പിൾ ഡാൻസ്, മോണോ ആക്ട്, ലളിതഗാനം, സംഘഗാനം, ദേശഭക്തി ഗാനം എന്നിവയിൽ മത്സരം നടന്നു.
വയോജനോത്സവം ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി.
ദിവാകരൻ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയർമാൻ പി.കെ.നാസർ, കൗൺസിലർമാരായ കെ.
മൊയ്തീൻ കോയ, ഓമന മധു, എം.സി.സുധാമണി, കെ.റംലത്ത്, സിഡിപിഒ നൂർജഹാൻ, മേലടി നാരായണൻ, എൻ.ലത, കെ.ജയരാജ് എന്നിവർ പ്രസംഗിച്ചു. വയോജനോൽസവം 20 നു സമാപിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

