കാലപ്പഴക്കം ചെന്ന വാഹനങ്ങൾ ശാസ്ത്രീയമായി പൊളിച്ചുനീക്കുന്നതിനുള്ള സംസ്ഥാനത്തെ പുതിയ പ്ലാന്റുകൾ ഈ ഓണക്കാലത്ത് പ്രവർത്തനം ആരംഭിക്കും. ചേർത്തല, കണ്ണൂരിലെ അഴീക്കൽ എന്നിവിടങ്ങളിലെ സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിന്റെ (സിൽക്) കേന്ദ്രങ്ങളിലും, മലപ്പുറം എടപ്പാളിലെ കെഎസ്ആർടിസി– സൗത്ത് ഇന്ത്യ മെറ്റൽ കോർപറേഷൻ (സിംകോ) കേന്ദ്രത്തിലുമാണ് പുതിയ പദ്ധതി യാഥാർത്ഥ്യമാകുന്നത്.
പ്രവർത്തനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതിന് മുൻപ് തന്നെ ഈ കേന്ദ്രങ്ങളിലേക്ക് വാഹനങ്ങൾ സ്വീകരിച്ചുതുടങ്ങിയിരുന്നു. ഇതുവരെ ഏകദേശം മുന്നൂറോളം വാഹനങ്ങൾ സ്ക്രാപ്പ് ചെയ്യുന്നതിനായി ഇവിടെ എത്തിച്ചിട്ടുണ്ട്.
ഓണത്തോടെ പ്ലാന്റുകളുടെ ഉദ്ഘാടനം നിർവഹിച്ചു വാഹനം പൊളിക്കൽ നടപടികൾ പൂർണ്ണതോതിൽ ആരംഭിക്കാനാണ് അധികൃതരുടെ ലക്ഷ്യം. ഒരു കേന്ദ്രത്തിൽ ദിവസേന പരമാവധി 28 വാഹനങ്ങൾ വരെ പൊളിച്ചു മാറ്റാൻ സാധിക്കും.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ vscrap.parivahan.gov.in മുഖേനയാണ് ഇതിനായി അപേക്ഷ സമർപ്പിക്കേണ്ടത്. ആവശ്യമായ റജിസ്ട്രേഷൻ രേഖകളും നികുതി ഒടുക്കിയതിന്റെ രേഖകളും സഹിതം വാഹനം സ്ക്രാപ്പിങ് കേന്ദ്രത്തിൽ എത്തിക്കേണ്ടതാണ്.
വാഹനത്തിന്റെ ഭാരം കണക്കാക്കി തുകയും ഒപ്പം സർട്ടിഫിക്കറ്റ് ഓഫ് ഡിപോസിറ്റും (സിഒഡി) ഉടമയ്ക്ക് നൽകും. ഈ സിഒഡി ഉപയോഗിച്ച് പുതിയ വാഹനം റജിസ്റ്റർ ചെയ്യുമ്പോൾ റോഡ് നികുതിയിൽ 15 ശതമാനം ഇളവ് ലഭിക്കുന്നതോടൊപ്പം റജിസ്ട്രേഷൻ ഫീസിലും ഇളവ് ലഭിക്കും.
സിഒഡി മറ്റുള്ളവർക്ക് കൈമാറാൻ അനുവാദമുണ്ടെങ്കിലും ഒരു വർഷത്തിനകം ഇത് ഉപയോഗപ്പെടുത്തിയിരിക്കണം. വാഹനങ്ങൾ പൊളിച്ച ശേഷമുള്ള സ്ക്രാപ്പിങ് സർട്ടിഫിക്കറ്റ് ഹാജരാക്കി ബന്ധപ്പെട്ട
ആർടി ഓഫീസുകൾ വഴി വാഹനത്തിന്റെ റജിസ്ട്രേഷൻ സ്ഥിരമായി റദ്ദാക്കേണ്ടതാണ്. കേന്ദ്ര സർക്കാരിന്റെ പുതിയ വാഹന പൊളിക്കൽ നയത്തിന്റെ ഭാഗമായാണ് റജിസ്റ്റേഡ് വെഹിക്കിൾ സ്ക്രാപ്പിങ് ഫെസിലിറ്റി (ആർവിഎസ്എഫ്) കേന്ദ്രങ്ങൾ കേരളത്തിൽ പ്രവർത്തനസജ്ജമാകുന്നത്.
നിയമവിധേയമായി പഴയ വാഹനങ്ങൾ പൊളിക്കാനും ലോഹങ്ങളും മറ്റ് ഘടകങ്ങളും പുനരുപയോഗത്തിനായി വേർതിരിച്ചെടുക്കാനുമാണ് ഈ പ്ലാന്റുകൾ സജ്ജീകരിച്ചിരിക്കുന്നത്. പദ്ധതിയുടെ തുടർന്നുള്ള ഘട്ടങ്ങളിൽ വാഹനങ്ങൾ ശേഖരിക്കുന്നതിനായി എല്ലാ ജില്ലകളിലും പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്.
കണ്ണൂർ ജില്ലയിലെ അഴീക്കൽ സിൽക്ക് കേന്ദ്രത്തിൽ മാത്രം ഇതുവരെ 200 സ്വകാര്യ വാഹനങ്ങളാണ് പൊളിക്കാനായി എത്തിയിട്ടുള്ളത്. ഇവിടെ എത്തിച്ച വാഹനങ്ങൾ പൊളിച്ചുനീക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
കൂടുതലായി ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളുമാണ് ഇവിടെ സ്ക്രാപ്പ് ചെയ്യാനായി എത്തിയിട്ടുള്ളത്. റജിസ്ട്രേഷൻ റദ്ദാക്കിയ മുഴുവൻ സ്വകാര്യ വാഹനങ്ങളും ഇവിടെ സ്വീകരിക്കും.
കണ്ണൂരിന് പുറമെ കോഴിക്കോട്, കാസർകോട്, വയനാട് എന്നീ വടക്കൻ ജില്ലകളിൽ നിന്നുള്ള പഴയ വാഹനങ്ങളും അഴീക്കൽ കേന്ദ്രത്തിൽ പൊളിച്ചുമാറ്റും. വാഹനങ്ങൾ പൊളിച്ചു ലഭിക്കുന്ന സ്ക്രാപ്പുകൾ പിന്നീട് ലേലത്തിലൂടെ വിൽക്കും.
ആവശ്യമായ രേഖകൾ സഹിതം വാഹനം നേരിട്ട് എത്തിച്ചാലും അഴീക്കലിൽ ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സിൽക്ക് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് പ്ലാന്റിന്റെ പ്രവർത്തന സമയം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

