എഴുകോൺ ∙ അർധരാത്രി പൊലീസിനെ വെട്ടിച്ചു വിലങ്ങുമായി കടന്നുകളഞ്ഞ പ്രതി കിണറ്റിൽ ഒളിച്ചെങ്കിലും കാൽവഴുതി വീണതോടെ വീണ്ടും അകത്തായി!. പൊലീസിന്റെയും അഗ്നിരക്ഷാസേനയുടെയും സമയോചിതമായ ഇടപെടൽ കൊണ്ടു ജീവൻ നഷ്ടമായില്ല.
കൊല്ലം പ്രാക്കുളം കാഞ്ഞാവെളി രോഹിണി നിവാസിൽ ശ്രീകുമാർ (37) ആണ് സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയെപ്പോലെ കിണറ്റിൽ ഒളിച്ചു രക്ഷപ്പെടാൻ ശ്രമിച്ചതും പിന്നീട് പിടിയിലായതും. കഴിഞ്ഞ രാത്രി പന്ത്രണ്ടോടെ എഴുകോൺ പുളിയറ ഭാഗത്തായിരുന്നു സംഭവം.
ഓൺലൈൻ തട്ടിപ്പിലൂടെ തൃശൂർ സ്വദേശിയുടെ 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് ശ്രീകുമാർ.
ഇയാളെ അറസ്റ്റ് ചെയ്ത കൊടുങ്ങല്ലൂർ പൊലീസ് കൂട്ടുപ്രതികളിലൊരാളായ മുരുകദാസിനെ തേടിയാണ് എഴുകോണിലെത്തിയത്. മുരുകദാസിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്നെത്തിയ പൊലീസ് സംഘം എഴുകോൺ പുളിയറ ഭാഗത്ത് ജീപ്പ് നിർത്തി ശ്രീകുമാറുമായി നടന്നു പോകവേയാണ് ഇയാൾ പൊലീസിനെ വെട്ടിച്ചു പാഞ്ഞത്.
പൊലീസും പിന്നാലെ ഓടി. ഇരുമ്പനങ്ങാട് വികെഎം ക്ലബ്ബിനു സമീപം ചരുവിള പുത്തൻവീട്ടിൽ ശ്രീകുമാറിന്റെ വീടിനു മുന്നിലെത്തിയ പ്രതി വീട്ടുമുറ്റത്തെ കിണറ്റിൽ ഒളിക്കുകയായിരുന്നു.
കിണറിനു മുകളിൽ വലിച്ചുമുറുക്കി കെട്ടിയിരുന്ന 2 വലകളുടെയും ഓരോ വശം അഴിച്ചു മാറ്റിയാണു ഇയാൾ ഉള്ളിലേക്കിറങ്ങിയത്.
പക്ഷേ പരിഭ്രമത്തിനിടയിൽ കാൽവഴുതി കിണറ്റിൽ വീണു പോയി. ശബ്ദം കേട്ടു വീട്ടുകാർ പുറത്തെത്തി നോക്കിയപ്പോൾ വെള്ളത്തിൽ കിടന്ന് ഒരാൾ മരണവെപ്രാളം കാണിക്കുന്നതാണു കണ്ടത്.
വീട്ടുകാരുടെ ഉച്ചത്തിലുള്ള സംസാരം കേട്ടതോടെ പ്രതിയെ പിന്തുടർന്നെത്തിയ പൊലീസ് സംഘവും സ്ഥലത്തെത്തി. മഫ്തിയിലായതിനാൽ വീട്ടുകാർക്ക് പൊലീസാണെന്നു മനസ്സിലായില്ല.
വിവരം അറിഞ്ഞ് എഴുകോൺ പൊലീസ് എത്തിയപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞതും പൊലീസിനെ വെട്ടിച്ചു കടന്ന പ്രതിയാണ് കിണറ്റിൽ വീണതെന്നു മനസ്സിലായതും.
അപ്പോഴേക്കും കുണ്ടറ അഗ്നിരക്ഷാ യൂണിറ്റും സ്ഥലത്തെത്തി പൊലീസിന്റെ സഹായത്തോടെ ശ്രീകുമാറിനെ കരയ്ക്കെത്തിക്കുകയായിരുന്നു. 30 അടിയോളം താഴ്ചയുള്ള കിണറ്റിൽ ധാരാളം വെള്ളം ഉണ്ടായിരുന്നതിനാൽ വീഴ്ചയിൽ കാര്യമായ പരുക്കേറ്റില്ല.
പൊലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെടാൻ ശ്രമിച്ചതിന് എഴുകോൺ പൊലീസ് കേസെടുത്ത ശേഷം പ്രതിയെ കൊടുങ്ങല്ലൂർ പൊലീസിനു വിട്ടുനൽകി. ശ്രീകുമാറിനെ പിടിക്കാനുള്ള ശ്രമത്തിനിടയിൽ മുരുകദാസിനെ പിടികൂടാൻ സാധിച്ചുമില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

