മംഗളൂരു സർവകലാശാലാ ബിരുദ പരീക്ഷയുടെ ഫലം പുറത്തുവന്നു മാസങ്ങൾ പിന്നിട്ടിട്ടും നൂറുകണക്കിന് മലയാളി വിദ്യാർഥികൾക്ക് ഒറിജിനൽ മാർക്ക്ലിസ്റ്റ് ലഭിക്കാത്തത് പ്രതിസന്ധിയാകുന്നു. സർവകലാശാലയുടെ കീഴിലുള്ള മംഗളൂരു, സുള്ള്യ എന്നിവിടങ്ങളിലെ കോളജുകളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയവരാണ് സർട്ടിഫിക്കറ്റുകൾ വൈകുന്നതുമൂലം ദുരിതത്തിലായിരിക്കുന്നത്.
ഇത് വിദ്യാർഥികളുടെ തുടർപഠനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ നടത്തിയ പരീക്ഷയുടെ ഫലം ജൂലൈ 21-നാണ് സർവകലാശാല ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും അന്തിമ മാർക്ക്ലിസ്റ്റ് വിദ്യാർഥികളുടെ കൈകളിൽ എത്തിയിട്ടില്ല. ബിരുദാനന്തര ബിരുദ കോഴ്സുകളിൽ പ്രവേശനം നേടിയിട്ടുള്ള ഇവർക്ക് ‘ഇ ഗ്രാന്റ്’ സ്കോളർഷിപ്പ് ലഭിക്കുന്നതിന് ഒറിജിനൽ മാർക്ക്ലിസ്റ്റ് സമർപ്പിക്കുന്നത് നിർബന്ധമാണ്.
അടുത്ത മാസം ആദ്യവാരമാണ് സ്കോളർഷിപ്പിനായി അപേക്ഷിക്കേണ്ട അവസാന തീയതി.
മാർക്ക്ലിസ്റ്റ് ലഭ്യമല്ലാത്തതിനാൽ അപേക്ഷ സമർപ്പിക്കാൻ കഴിയാത്ത അവസ്ഥയിലാണ് വിദ്യാർഥികൾ. വർധിച്ചുവരുന്ന പഠനച്ചെലവിന്റെ പശ്ചാത്തലത്തിൽ ഈ സ്കോളർഷിപ്പ് നിരവധി വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വലിയൊരു ആശ്വാസമായിരുന്നു.
കൂടാതെ, ബിരുദാനന്തര ബിരുദത്തിന്റെ ആദ്യ സെമസ്റ്റർ പരീക്ഷ എഴുതുന്നതിനും സ്ഥാപനങ്ങൾ ഒറിജിനൽ മാർക്ക്ലിസ്റ്റ് ആവശ്യപ്പെടുന്നുണ്ടെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാണിക്കുന്നു. കോളജ് അധികൃതരെ സമീപിക്കുമ്പോൾ സർവകലാശാലാ ഓഫീസിൽ നേരിട്ട് പോകാനാണ് ലഭിക്കുന്ന നിർദേശം.
എന്നാൽ അവിടെയെത്തിയാലും കൃത്യമായ മറുപടിയോ പരിഹാരമോ ലഭിക്കുന്നില്ലെന്നാണ് വിദ്യാർഥികളുടെ പ്രധാന പരാതി. തുടക്കത്തിൽ നവംബർ മാസത്തോടെ സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട
കോളജുകളിലേക്ക് അയച്ചുനൽകുമെന്നാണ് സർവകലാശാല അറിയിച്ചിരുന്നത്. എന്നാൽ നടപടികൾ വൈകുന്നതിനാൽ അടുത്ത വർഷം ജനുവരി വരെ മാർക്ക്ലിസ്റ്റ് ലഭിക്കാൻ കാത്തിരിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് വിദ്യാർഥികളും രക്ഷിതാക്കളും.
കാസർകോട് ജില്ലയിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള നൂറുകണക്കിന് മലയാളി വിദ്യാർഥികളാണ് ഈ പ്രതിസന്ധി മൂലം ദുരിതം അനുഭവിക്കുന്നത്. അടിയന്തര സാഹചര്യത്തിൽ കേരള സർക്കാർ കർണാടക സർക്കാരുമായി ബന്ധപ്പെട്ട് ഈ പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

