ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് മാനവികതയുടെയും സ്നേഹത്തിന്റെയും അപൂർവ്വ മാതൃകയായി ഒരു അമ്മ രംഗത്തെത്തിയിരിക്കുന്നത്. മകന്റെ വിയോഗത്തിന് പിന്നാലെ വിധവയായ മരുമകൾക്ക് സുനിത എന്ന വീട്ടമ്മ പുതിയൊരു പങ്കാളിയെ കണ്ടെത്തി നൽകുകയും സ്വന്തം കൈകൊണ്ട് വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു.
പത്തുവർഷം മുൻപാണ് സുനിതയുടെ മകനായ രോഹിത്തും മീനാക്ഷിയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ഈ ദമ്പതികൾക്ക് രണ്ട് പെൺമക്കളാണുള്ളത്.
എന്നാൽ കഴിഞ്ഞ ഓഗസ്റ്റ് 14-ന് രോഹിത്തിന്റെ പിതാവ് അന്തരിച്ചു. പിതാവിന്റെ വിയോഗത്തിന്റെ നടുക്കം മാറുംമുൻപേ തൊട്ടടുത്ത ദിവസം രോഹിത്തും മരണപ്പെടുകയായിരുന്നു.
മകന്റെ വേർപാടോടെ തനിച്ചായിപ്പോയ മരുമകളായ മീനാക്ഷിയുടെയും രണ്ട് പെൺമക്കളുടെയും ഭാവി സുരക്ഷിതമാക്കാൻ സുനിത തന്നെ മുൻകൈയെടുക്കുകയായിരുന്നു. ഒടുവിൽ ഒരു മാസത്തിനുള്ളിൽത്തന്നെ മരുമകൾക്ക് പുതിയൊരു ജീവിതം ഒരുക്കിക്കൊടുക്കാൻ ഈ അമ്മയ്ക്ക് സാധിച്ചു.
രാജസ്ഥാനിലെ നാരായൺപുർ സ്വദേശിയായ യോഗേഷാണ് മീനാക്ഷിയെ രണ്ടാമത് വിവാഹം ചെയ്തത്. ബുധനാഴ്ച ആര്യസമാജം ക്ഷേത്രത്തിലായിരുന്നു വിവാഹചടങ്ങുകൾ നടന്നത്.
മരുമകൾക്കായി വരനെ കണ്ടെത്തിയതും വിവാഹചടങ്ങിന് മേൽനോട്ടം വഹിച്ചതുമെല്ലാം സുനിത തന്നെയാണ്. ചടങ്ങുകളിൽ സഹോദരന്റെ സ്ഥാനത്തുനിന്ന് കർമ്മങ്ങൾ ചെയ്യാൻ രോഹിത്തിന്റെ ഇളയസഹോദരനായ മോഹിത്തും സന്നിഹിതനായിരുന്നു.
ആദ്യഭർത്താവിന്റെ കുടുംബവുമായുള്ള ബന്ധങ്ങളൊന്നും ഉപേക്ഷിക്കില്ലെന്ന ഉറപ്പുനൽകിയാണ് വിവാഹത്തിന് ശേഷം മീനാക്ഷിയും യോഗേഷും മുസാഫർനഗറിൽനിന്ന് മടങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

