തിരുവനന്തപുരം: അന്തരിച്ച പ്രമുഖ സാംസ്കാരിക പ്രവർത്തകൻ സൂര്യ കൃഷ്ണമൂർത്തിയുടെ സംസ്കാര ചടങ്ങുകൾ സമാപിച്ചു. തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിലായിരുന്നു അന്ത്യകർമങ്ങൾ നടന്നത്.
കേരള സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്. തുടർന്ന് സൂര്യ നാടക കളരിയിൽ പൊതുദർശനത്തിന് വെച്ച അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തിൽ അന്തിമോപചാരം അർപ്പിക്കാൻ പതിനായിരങ്ങളാണ് എത്തിയത്.
അരങ്ങിലും അണിയറയിലും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചവരും, കലാജീവിതത്തിന് സാക്ഷ്യം വഹിച്ചവരും ഉൾപ്പെടെ രാഷ്ട്രീയ, സാംസ്കാരിക, കലാ രംഗങ്ങളിലെ പ്രമുഖർ തടിച്ചുകൂടിയിരുന്നു. ജീവിതത്തിൽ സമയത്തിന് ഏറെ പ്രാധാന്യം നൽകിയിരുന്ന സൂര്യ കൃഷ്ണമൂർത്തിക്ക് ഏറ്റവും പ്രിയപ്പെട്ട
സമയങ്ങളിൽ ഒന്നായ വൈകിട്ട് 6.45-നാണ് ചടങ്ങുകൾ പൂർത്തിയായത്.

