ആൻഡ്രോയിഡ് ഫോണുകളിൽ തേർഡ് പാർട്ടി ഉറവിടങ്ങളിൽ നിന്നും മറ്റ് പ്ലാറ്റ്ഫോമുകളിൽ നിന്നും ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്ന (Sideloading) രീതി കാലങ്ങളായി നിലനിൽക്കുന്നുണ്ട്. ഐഫോൺ പോലെയുള്ള ക്ലോസ്ഡ് പ്ലാറ്റ്ഫോമുകളിൽ നിന്ന് ആൻഡ്രോയിഡിനെ വ്യത്യസ്തമാക്കുന്നത് ഈ ഫീച്ചറാണ്.
ഡിജിറ്റൽ ഉപയോക്താക്കൾക്കിടയിൽ ഗൂഗിളിന്റെ ഇടപെടലുകൾ ഒഴിവാക്കുന്നതിനും സബ്സ്ക്രിപ്ഷനുകൾ ഒഴിവാക്കുന്നതിനും സൗജന്യ ഓപ്പൺ സോഴ്സ് ആപ്പുകൾ (FOSS) ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഗൂഗിൾ ക്രോമിന് പകരമായി മറ്റ് ബ്രൗസറുകളും വിവിധ എമുലേറ്ററുകളും ഉപയോക്താക്കൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
എന്നാൽ ഗിറ്റ്ഹബ് (GitHub) പോലുള്ള വിവിധ സ്രോതസ്സുകളിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന ഇത്തരം ആപ്പുകൾ കാലാനുസൃതമായി അപ്ഡേറ്റ് ചെയ്യുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതിനായി ആപ്പിന്റെ റിപോസിറ്ററി സ്വയം പരിശോധിച്ചും പുതിയ എപികെ (APK) ഫയൽ ഡൗൺലോഡ് ചെയ്തും വീണ്ടും ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്.
ഒന്നിലധികം ആപ്പുകൾ ഉപയോഗിക്കുമ്പോൾ ഇത് ഏറെ പ്രയാസകരമായി മാറുകയും ഉപയോക്താക്കൾ അപ്ഡേറ്റുകൾ ഒഴിവാക്കുന്ന സ്ഥിതിയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. പ്ലേ സ്റ്റോർ പോലെയുള്ള ഏകീകൃത സ്റ്റോറുകളുടെ ലഭ്യതക്കുറവും ഇതിനൊരു കാരണമാണ്.
സുരക്ഷാ പാച്ചുകളും ബഗ് പരിഹാരങ്ങളും ലഭിക്കുന്നതിന് ഓപ്പൺ സോഴ്സ് ആപ്പുകൾ കൃത്യമായി അപ്ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഈ പ്രശ്നത്തിന് പരിഹാരമായാണ് ഒബ്റ്റാനിയം (Obtainium) എന്ന എപികെ അപ്ഡേറ്റ് മാനേജർ കടന്നുവരുന്നത്.
സൈഡ്ലോഡ് ചെയ്ത ആപ്പുകളുടെ സോഴ്സിൽ നിന്ന് നേരിട്ട് അപ്ഡേറ്റുകൾ കണ്ടെത്താൻ ഈ ഓപ്പൺ സോഴ്സ് ആപ്പിന് സാധിക്കും. ഓരോ ആപ്പിന്റെയും പുതിയ പതിപ്പുകൾ പരിശോധിക്കുകയും ഓരോ ആറു മണിക്കൂർ കൂടുമ്പോഴും അപ്ഡേറ്റുകൾക്കായി പോൾ ചെയ്യുകയും ചെയ്യുന്നു.
ഈ സമയപരിധി ഉപയോക്താക്കൾക്ക് മാറ്റം വരുത്താവുന്നതാണ്. ഗിറ്റ്ഹബ് കൂടാതെ ഗിറ്റ്ലാബ് (GitLab), കോഡ്ബർഗ് (Codeberg/Forgejo), എഫ്-ഡ്രോയിഡ് (F-Droid), അപ്ടോയിഡ് (Aptoide), അപ്ടൗഡൗൺ (Uptodown), എപികെപ്യൂർ (APKPURE), ഇസ്സിഓൺഡ്രോയിഡ് (IzzyOnDroid), ഹുവാവേ ആപ്പ് ഗാലറി (Huawei AppGallery), ഇറ്റ്ച്.ഐഒ (itch.io), ഡയറക്ട് എപികെ ലിങ്കുകൾ എന്നിവയുൾപ്പെടെയുള്ള വിവിധ സ്രോതസ്സുകളിൽ നിന്ന് ഇതിലൂടെ അപ്ഡേറ്റുകൾ ഡൗൺലോഡ് ചെയ്യാം.
ആപ്പുകൾ ചേർക്കുമ്പോൾ പ്രീ-റിലീസുകൾ, പ്രിഫേർഡ് എബിഐ (ABI), റിലീസ് കുറിപ്പുകൾ എന്നിവയ്ക്കായി ഫിൽട്ടറുകൾ ചേർക്കാനുള്ള സൗകര്യവുമുണ്ട്. ഒബ്റ്റാനിയത്തിൽ ആപ്പിന്റെ ലിങ്ക് നൽകി ചെറിയ ‘+’ ചിഹ്നത്തിൽ അമർത്തിയാൽ ആപ്പ് ആവശ്യമായ പശ്ചാത്തല പരിശോധനകൾ നടത്തി പുതിയ എപികെ ഡൗൺലോഡ് ചെയ്യുന്നു.
ഡൗൺലോഡ് ചെയ്ത ശേഷം മെയിൻ പേജിൽ നൽകിയിരിക്കുന്ന ബട്ടൺ വഴി അപ്ഡേറ്റ് പൂർത്തിയാക്കാം. വൈഫൈ കണക്ഷൻ ഉള്ളപ്പോൾ മാത്രം അപ്ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യുക, ചാർജ് ചെയ്യുമ്പോൾ മാത്രം അപ്ഡേറ്റ് ചെയ്യുക തുടങ്ങിയ ക്രമീകരണങ്ങളും ഇതിൽ ലഭ്യമാണ്.
ഒന്നിലധികം ആപ്പുകൾ അപ്ഡേറ്റ് ചെയ്യുമ്പോൾ റേറ്റ് ലിമിറ്റുകൾ ഒഴിവാക്കുന്നതിനായി വ്യക്തിഗത ഗിറ്റ്ഹബ് ആക്സസ് ടോക്കൺ (GitHub access token) ചേർക്കാൻ നിർദ്ദേശിക്കുന്നു. സെറ്റിങ്സ് വഴി എക്സ്റ്റേണൽ സോഴ്സുകളിൽ ഇത് ചേക്കാവുന്നതാണ്.
ഡോൾഫിൻ, റിട്രോആർച്ച് തുടങ്ങിയ ഫ്രീക്വന്റായി അപ്ഡേറ്റ് ചെയ്യേണ്ട എമുലേറ്ററുകൾക്ക് ഇത് വളരെ ഉപകാരപ്രദമാണ്.
കൂടാതെ ഒന്നിലധികം ഡിവൈസുകൾ ഉള്ളവർക്ക് കോൺഫിഗറേഷനുകൾ എക്സ്പോർട്ട് ചെയ്ത് ഇംപോർട്ട് ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്. സൈഡ്ലോഡ് ചെയ്യുന്ന ആപ്പുകൾ ചിലപ്പോൾ സുരക്ഷാ പ്രശ്നങ്ങൾക്കും കാരണമായേക്കാമെന്നതിനാൽ ഉപയോക്താക്കൾ സ്വന്തം ഉത്തരവാദിത്തത്തിൽ ജാഗ്രത പാലിക്കേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

