തൃശൂർ ചാലക്കുടി പോട്ടയിൽ ഭർതൃവീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരണപ്പെട്ട സംഭവത്തിൽ ഭർത്താവ് പൊലീസ് പിടിയിലായി.
തൃശൂർ പരിയാരം സ്വദേശിനിയായ 22 കാരി എമിൽഡയാണ് മരണമടഞ്ഞത്. കേസിൽ അറസ്റ്റിലായ ഭർത്താവ് അഫ്സലിനെതിരെ ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
ദീർഘനാളത്തെ പ്രണയത്തിന് ശേഷം, കുടുംബത്തിന്റെ എതിർപ്പുകൾ അവഗണിച്ച് പത്തൊമ്പതാം വയസ്സിലാണ് എമിൽഡ അഫ്സലിനെ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തെ തുടർന്ന് യുവതിക്ക് സ്വന്തം കുടുംബവുമായുള്ള ബന്ധങ്ങൾ നഷ്ടപ്പെട്ടിരുന്നു.
ചാലക്കുടി പോട്ടയിലെ അഫ്സലിന്റെ വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. എന്നാൽ വിവാഹം കഴിഞ്ഞ് അധികനാൾ കഴിയുന്നതിന് മുൻപ് തന്നെ കുടുംബജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു.
പണവും സ്ത്രീധനവും ആവശ്യപ്പെട്ട് അഫ്സൽ എമിൽഡയെ നിരന്തരം ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഭർത്താവിന്റെ ക്രൂരമായ മർദ്ദനത്തിനിരയാകുന്നതായും ഇനി ഇയാളോടൊപ്പം ജീവിക്കാൻ സാധിക്കില്ലെന്നും എമിൽഡ തന്റെ സുഹൃത്തുക്കളെ പലതവണ അറിയിച്ചിരുന്നു.
അഫ്സൽ ലഹരിക്ക് അടിമയായിരുന്നുവെന്നും വിവരങ്ങളുണ്ട്. ഈമാസം ആറിനാണ് തന്റെ പിഞ്ചുകുഞ്ഞിന്റെ മുന്നിൽവച്ച് യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കാൻ ശ്രമിച്ചത്.
മുറിക്കുള്ളിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയ എമിൽഡയെ ഉടൻതന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. യുവതിയുടെ മരണത്തിന് പിന്നാലെ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി സുഹൃത്തുക്കൾ രംഗത്തെത്തുകയായിരുന്നു.
എമിൽഡ സുഹൃത്തുക്കൾക്ക് അയച്ച വാട്സാപ്പ് സന്ദേശങ്ങളും കോൾ റെക്കോർഡുകളും അഫ്സലിനെതിരെയുള്ള നിർണായക തെളിവുകളായി മാറി. ഇതേത്തുടർന്ന് കസ്റ്റഡിയിലെടുത്ത 23 കാരനായ അഫ്സലിനെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

