വനത്തിൽ മനുഷ്യൻ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ മൃഗങ്ങൾക്ക് എത്രത്തോളം ദുരിതമുണ്ടാക്കുന്നുവെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ഏറെ നോമ്പരമുണ്ടാക്കിയിരുന്നു. കഴുത്തിൽ ട്രാക്ടറിന്റെ ടയർ കുരുങ്ങി ഭക്ഷണം കഴിക്കാൻ പോലുമാകാതെ കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ട
നിലയിലുള്ള ഒരുകാട്ടാനയുടെ ദൃശ്യങ്ങൾ വലിയ ചർച്ചയായിരുന്നു. എന്നാൽ, ഇതിൽനിന്നെല്ലാം തികച്ചും വ്യത്യസ്തമായ മറ്റൊരു ദൃശ്യമാണ് ഇപ്പോൾ അസമിൽ നിന്നും പുറത്തുവരുന്നത്.
കാഴ്ചക്കാരെ ഏറെ ആനന്ദിപ്പിക്കുന്ന ഒന്നാണ് ഈ പുതിയ വീഡിയോ. കാടതിർത്തിയിലെ ഫുട്ബോൾ മൈതാനത്ത് പന്തുതട്ടിക്കളിക്കുന്ന ഒരു കാട്ടാനയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
അസാം സംസ്ഥാനത്തെ ഗോലാഘട്ട് ജില്ലയിലെ നുമാലിഗഢിനടുത്തുള്ള ബോഗിധല മേഖലയിലാണ് കൗതുകകരമായ ഈ സംഭവം റിപ്പോർട്ട് ചെയ്തത്. പച്ചപ്പുനിറഞ്ഞ മൈതാനത്തേക്ക് എത്തിയ കാട്ടാന ഫുട്ബോൾ കണ്ടതോടെ അതുമായി കളിക്കുകയായിരുന്നു.
ആനയെ കണ്ടതും കളിക്കാരെല്ലാം ഓടി പൊന്തക്കാട്ടിൽ ഒളിക്കുന്നതും ഈ സമയം പന്തുമായി മൈതാനത്ത് ഓടി നടന്ന് കളിക്കുന്ന കാട്ടാനയെയും ദൃശ്യങ്ങളിൽ കാണാം. മൈതാനത്ത് സ്വതന്ത്രമായി സഞ്ചരിച്ച ആന തുമ്പിക്കൈയും മുൻകാലുകളും ഉപയോഗിച്ച് പന്ത് തട്ടിയും നീക്കിയും കളിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.
പന്തിനൊപ്പമുള്ള ആനയുടെ ചലനങ്ങളും അതിന്റെ അസാധാരണമായ ഏകോപനശേഷിയും കാഴ്ചക്കാരെ ഒരേസമയം അമ്പരപ്പിച്ചു. സാധാരണയായി മനുഷ്യരുടെ കളിസ്ഥലങ്ങളിൽ നിന്ന് അകലം പാലിക്കുന്ന വന്യജീവികൾ, പ്രത്യേകിച്ചും കാട്ടാന ഫുട്ബോളിൽ തന്റെ ‘സ്കിൽ’ പുറത്തെടുക്കുന്ന കാഴ്ചയായിരുന്നു അത്.
ഈ അപ്രതീക്ഷിത കളി നേരിൽ കണ്ടവർക്ക് അത് കൗതുകത്തിന്റെയും ആഹ്ലാദത്തിന്റെയും നിമിഷമായി മാറി. പിന്നീട് സമൂഹമാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ നിരവധി പേരാണ് തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ച് എത്തിയത്.
കാട്ടാനയുടെ ചടുലതയും പന്തിനോടുള്ള താൽപര്യവും കാഴ്ചക്കാർ പ്രത്യേകം ചൂണ്ടിക്കാട്ടുന്നുണ്ട്. അസമിൽ കാട്ടാനകളുമായി ബന്ധപ്പെട്ട
ദൃശ്യങ്ങൾ പലപ്പോഴും വലിയ ശ്രദ്ധ നേടാറുണ്ട്. മനുഷ്യ-വന്യമൃഗ സംഘർഷം ഉൾപ്പെടെയുള്ള വിഷയങ്ങൾ സംസ്ഥാനത്ത് സജീവ ചർച്ചയായിരിക്കെയാണ്, അതിൽനിന്ന് തികച്ചും വ്യത്യസ്തമായി ഒരു കാട്ടാനയുടെ ഈ രസകരമായ പെരുമാറ്റം ഇപ്പോൾ ജനശ്രദ്ധ പിടിച്ചുപറ്റുന്നത്.
ഫുട്ബോൾ മൈതാനത്ത് ഒരു പ്രൊഫഷണൽ താരത്തെപ്പോലെ പന്ത് തട്ടുന്ന ആനയുടെ ദൃശ്യങ്ങൾ കാഴ്ചക്കാരിൽ കൗതുകമുണർത്തുന്നതിനൊപ്പം, വന്യജീവികളുടെ സ്വാഭാവികമായ കൗശലവും ചടുലതയും ഒരിക്കൽ കൂടി ചർച്ചാവിഷയമായിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

