സംസ്ഥാനത്ത് വിവാഹച്ചടങ്ങിന് ഭക്ഷണം എത്തിക്കാതെ കേറ്ററിങ് സംഘത്തിന്റെ വഞ്ചന. കോട്ടയം ജില്ലയിലെ രണ്ട് വ്യത്യസ്ത കല്യാണ മണ്ഡപങ്ങളിലാണ് ആഘോഷങ്ങൾക്കിടെ ആശങ്ക പരത്തിയത്.
മുണ്ടക്കയം ചോറ്റിയിലും കോട്ടയം കഞ്ഞിക്കുഴിയിലുമായി നടന്ന വിവാഹച്ചടങ്ങുകളിലാണ് നിശ്ചയിച്ച സമയത്ത് ഭക്ഷണം ലഭിക്കാതെ വന്നത്. ഉച്ചവരെ കാത്തിരുന്നിട്ടും ഭക്ഷണം എത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് സമീപത്തെ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം വരുത്തിയാണ് വിവാഹത്തിനെത്തിയവർക്ക് നൽകിയത്.
സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന കേറ്ററിങ് സ്ഥാപനത്തിനെതിരെയും പണം കൈപ്പറ്റിയ വ്യക്തിക്കെതിരെയും വധുവിന്റെ വീട്ടുകാർ മുണ്ടക്കയം, കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനുകളിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. കഞ്ഞിക്കുഴി സ്വദേശിനിയായ യുവതിയുടെ വിവാഹ ചടങ്ങുകൾക്കായി ഭക്ഷണവും സ്റ്റേജും ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ഒരു ലക്ഷം രൂപയുടെ കരാറാണ് ഉറപ്പിച്ചിരുന്നത്.
ഇതിൽ സ്റ്റേജ്, സൗണ്ട് തുടങ്ങിയ അനുബന്ധ ജോലികൾ കരാറുകാർ മറ്റു വ്യക്തികളെയാണ് ഏൽപ്പിച്ചിരുന്നത്. എന്നാൽ വിവാഹ ദിവസം വെൽക്കം ഡ്രിങ്ക് ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ ഒന്നും തന്നെ സ്ഥലത്ത് എത്തിച്ചേർന്നില്ല.
ഇതിനെ തുടർന്ന് സംഘവുമായി ബന്ധപ്പെട്ടപ്പോൾ, ഈരാറ്റുപേട്ടയിൽ നിന്ന് ഭക്ഷണവുമായി പുറപ്പെട്ട വാഹനം അപകടത്തിൽ പെട്ടെന്നും മറ്റൊരു വാഹനത്തിൽ ഉടൻ എത്തിക്കുമെന്നുമാണ് മറുപടി നൽകിയത്.
എന്നാൽ പിന്നീട് ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഭക്ഷണം പാകം ചെയ്തിട്ടില്ലെന്നും എത്തിക്കാൻ സാധിക്കില്ലെന്നുമാണ് സംഘം അറിയിച്ചത്. ഇതിനുപുറമെ മുണ്ടക്കയം ചോറ്റിയിൽ നടന്ന മറ്റൊരു വിവാഹത്തിൽ പനക്കച്ചിറ സ്വദേശിയായ വധുവിന്റെ വീട്ടുകാർ 1.4 ലക്ഷം രൂപയുടെ കരാറാണ് നൽകിയിരുന്നത്.
വിവാഹത്തലേന്നത്തെ ഭക്ഷണത്തിന്റെ ഓർഡറും ഇതേ സംഘത്തിന് തന്നെയായിരുന്നു നൽകിയിരുന്നത്. തലേദിവസത്തെ ഭക്ഷണം വീട്ടിൽ എത്തിച്ചിരുന്നുവെങ്കിലും, വിവാഹ ദിവസം ചോറ്റിയിലെ മണ്ഡപത്തിൽ കുടിവെള്ളം പോലും ഒരുക്കാൻ സംഘം തയ്യാറായില്ല.
തുടർന്ന് കേറ്ററിങ് സംഘത്തെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഉടനെ എത്തുമെന്ന പതിവ് മറുപടിയാണ് ലഭിച്ചത്. എന്നാൽ ഉച്ചയായിട്ടും ഭക്ഷണ വിതരണം നടക്കാത്തതിനെ തുടർന്ന് വീണ്ടും വിളിച്ചെങ്കിലും ഫോൺ എടുക്കാൻ ഇവർ തയ്യാറായില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

