ആലുവ ദേശീയപാതയിൽ ചൂർണിക്കര കമ്പനിപ്പടിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കണ്ടെയ്നർ ലോറിക്കു തീപിടിച്ച സംഭവത്തിൽ കാരണം വ്യക്തമാകാതെ അന്വേഷണം പുരോഗമിക്കുന്നു. ലോറിയുടെ മുകൾഭാഗം വൈദ്യുതി ലൈനിൽ തട്ടിയാണോ തീപിടിച്ചതെന്നു സംശയിക്കുന്നതായി ഡ്രൈവർ മൊഴി നൽകി.
എന്നാൽ, കണ്ടെയ്നറിന്റെ ഉള്ളിൽനിന്നാണ് തീയും പുകയും ഉയർന്നതെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. ഇരുചക്രവാഹനങ്ങളുടെ ബാറ്ററി ബന്ധം വിഛേദിക്കാതെ വാഹനത്തിൽ കയറ്റിയതാണോ അപകടത്തിനു കാരണമെന്ന കാര്യവും പരിശോധനയുടെ പരിധിയിലുണ്ട്.
കണ്ടെയ്നറിനുള്ളിൽ സൂക്ഷിച്ചിരുന്ന പഴയ ഇരുചക്രവാഹനങ്ങളും വിവിധ ഗൃഹോപകരണങ്ങളും പൂർണമായും കത്തിനശിച്ചു. മുട്ടത്തെ അഗർവാൾ പാക്കേഴ്സ് ആൻഡ് മൂവേഴ്സ് പാഴ്സൽ സർവീസ് ഗോഡൗണിൽ നിന്നു ബെംഗളൂരുവിലേക്കു പുറപ്പെട്ട
വാഹനത്തിനാണ് വ്യാഴം വൈകിട്ടു 4.30നു തീപിടിച്ചത്. കമ്പനിപ്പടി മെട്രോ പില്ലർ 106ന് അടുത്തെത്തിയപ്പോൾ വാഹനത്തിന്റെ ഉള്ളിൽനിന്നു പുക ഉയരുന്നതു കണ്ട് നാട്ടുകാരാണ് ലോറി തടഞ്ഞുനിർത്തി ഡ്രൈവറെ വിവരമറിയിച്ചത്.
ഉടൻതന്നെ ലോറി നിർത്തി നാട്ടുകാരുടെ സഹായത്തോടെ പിറകിലെ വാതിൽ തുറന്നപ്പോഴേക്കും പാഴ്സൽ വസ്തുക്കളിൽ തീ ആളിപ്പടർന്നിരുന്നു. എട്ട് ഇരുചക്രവാഹനങ്ങളും പന്ത്രണ്ട് വീടുകളിൽ നിന്നുള്ള ഫ്രിഡ്ജ്, ടെലിവിഷൻ ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങളും മെത്തകളും മറ്റ് സാമഗ്രികളുമാണ് ലോറിയിലുണ്ടായിരുന്നത്.
അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്നാണ് അടിയന്തര രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. തീപിടിച്ച സാധനങ്ങൾ ഉടൻതന്നെ വലിച്ചു പുറത്തേക്കിടാൻ സാധിച്ചതിനാൽ ലോറിയുടെ കാബിനിലേക്കു തീ പടരുന്നത് ഒഴിവാക്കാൻ കഴിഞ്ഞു.
അപകടത്തെ തുടർന്നു ദേശീയപാതയിൽ പുളിഞ്ചോട് മുതൽ കളമശേരി വരെ വലിയ തോതിൽ ഗതാഗതം സ്തംഭിച്ചു. തുടർന്ന് ഒന്നര മണിക്കൂറോളം നീണ്ട
കഠിനമായ പരിശ്രമത്തിനൊടുവിലാണ് തീപിടിച്ച വാഹനം റോഡിൽ നിന്ന് നീക്കം ചെയ്ത് ഗതാഗതം പൂർവസ്ഥിതിയിലാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

