കൊച്ചി ∙ ‘ജെഎസ്കെ– ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’
ജാനകിയുടെ പേര് ‘ജാനകി വി.’ എന്നാക്കിയതുൾപ്പെടെയുള്ള മാറ്റങ്ങളോടെ ചിത്രത്തിന് സെൻസർ ബോർഡ് അനുമതി. പേരിലെ മാറ്റത്തിനൊപ്പം, ചിത്രത്തിൽ ജാനകി എന്ന പേര് പരാമർശിക്കുന്ന സ്ഥലങ്ങൾ ‘മ്യൂട്ട്’ ചെയ്യുന്നത് ഉൾപ്പെടെ 8 മാറ്റങ്ങളാണ് റീഎഡിറ്റിൽ വരുത്തിയിരിക്കുന്നത് എന്നാണ് വിവരം.
മാറ്റങ്ങൾ വരുത്തി കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ ചിത്രം സെൻസർ ചെയ്യാനെത്തിച്ചത്. സെൻസർ ബോർഡ് അനുമതി ലഭിച്ചതോടെ അടുത്ത ദിവസങ്ങളിൽത്തന്നെ ചിത്രം തിയററ്ററുകളിലെത്തിക്കുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. സിനിമയുടെ പേരിലെ ജാനകി എന്നതു മാറ്റുക, സംഭാഷണത്തിൽ പേര് ഉച്ചരിക്കുന്നതു മാറ്റുക തുടങ്ങിയവയായിരുന്നു അനുമതി നിഷേധിക്കാനായി സെൻസർ ബോർഡ് ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ.
മത, ജാതി, വംശവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദ്വേഷകരമായ കാര്യങ്ങൾ സിനിമയിൽ ഉണ്ടാകരുതെന്ന മാർഗനിർദേശങ്ങൾ ലംഘിക്കപ്പെട്ടു എന്നു ചൂണ്ടിക്കാട്ടിയായിരുന്നു സെൻസർ ബോർഡിന്റെ തീരുമാനം.
ഇതോടെ ചിത്രത്തിന്റെ നിർമാതാക്കൾ കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച ജസ്റ്റിസ് എൻ.നഗരേഷ് ചിത്രം കാണുകയും ചെയ്തു.
തുടർന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോൾ സെൻസർ ബോർഡ് രണ്ടു നിർദേശങ്ങൾ മുന്നോട്ടുവച്ചു. ഇത് അംഗീകരിക്കാമെന്ന് സിനിമയുടെ നിർമാതാക്കൾ കോടതിയിൽ അറിയിച്ചതോടെയാണ് പ്രതിസന്ധി നീങ്ങിയത്.
സിനിമയുടെ പേരിനൊപ്പമുള്ള ‘ജാനകി’ക്കു പകരം കഥാപാത്രത്തിന്റെ മുഴുവൻ പേരായ ജാനകി വിദ്യാധരന്റെ ഇനീഷ്യൽ കൂടി േചർത്ത് സിനിമയുടെ പേര് ‘വി.ജാനകി’ എന്നോ ‘ജാനകി വി.’ എന്നോ ആക്കുക, ചിത്രത്തില്‍ ക്രോസ് വിസ്താര രംഗങ്ങളില്‍ കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് പറയുന്നത് ‘മ്യൂട്ട്’ ചെയ്യുക തുടങ്ങിയവയായിരുന്നു സെൻസർ ബോർഡ് പറഞ്ഞ മാറ്റങ്ങൾ.
തുടർന്ന് ചിത്രത്തിന്റെ േപര് ‘ജെഎസ്കെ– ജാനകി.വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്നാക്കാൻ നിർമാതാക്കൾ സമ്മതിച്ചു. ചിത്രത്തിലെ 1.06.45 മുതൽ 1.08.32 സമയത്തിനിടയ്ക്കും 1.08.33 മുതൽ 1.08.36 സമയത്തിനിടയ്ക്കും പരാമർശിക്കുന്ന പേരും മ്യൂട്ട് ചെയ്യുകയോ പേരു മാറ്റുകയോ ചെയ്യാമെന്നും നിർമാതാക്കൾ അറിയിക്കുകയായിരുന്നു.
സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യവേഷങ്ങളിലെത്തുന്ന സിനിമ ജൂൺ 27ന് റിലീസ് ചെയ്യാനിരിക്കെയാണ് സെൻസർ ബോർഡ് അനുമതിയിൽ തട്ടി പ്രതിസന്ധിയുണ്ടായത്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @sureshgopi എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

