ജീവിതത്തിൽ പുതിയ കാര്യങ്ങൾ പഠിക്കാൻ പ്രായം ഒരു തടസ്സമല്ലെന്ന് ഓർമിപ്പിച്ച് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് ഒരു അമ്മയുടെയും മകളുടെയും കഥ. 57 -ാം വയസ്സിൽ ആദ്യമായി നീന്തൽ പഠിക്കുന്ന അമ്മയുടെ വീഡിയോ മകളായ അനു ശർമ ആണ് സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്.
വളരെ പെട്ടെന്ന് തന്നെ വൈറലായ ഈ ദൃശ്യങ്ങൾ നിരവധി പേർക്കാണ് പ്രചോദനമായിരിക്കുന്നത്. നീന്തൽക്കുളത്തിൽ പരിശീലനം നടത്തുന്ന അമ്മയോട് ആദ്യമായി നീന്തുന്നതിനെക്കുറിച്ചുള്ള അനുഭവം മകൾ ചോദിക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്.
തനിക്ക് ഏറെ സന്തോഷവും ആവേശവുമാണെന്നും നേരത്തെ തന്നെ നീന്തൽ പഠിക്കാൻ ചേർന്നിരുന്നെങ്കിൽ നന്നായിരുന്നെന്നും അമ്മ പറയുന്നു. പുതിയ അനുഭവം ഏറെ ആസ്വദിക്കുകയാണെന്നും എല്ലാവരും നീന്തൽ പഠിക്കണമെന്നും അവർ പറയുന്നുണ്ട്.
എന്നാൽ, ഈ വീഡിയോയ്ക്ക് പിന്നിലുള്ള ഹൃദയസ്പർശിയായ കഥയാണ് ഉപയോക്താക്കളെ ഏറെ സ്വാധീനിച്ചത്. വർഷങ്ങളോളം കുടുംബത്തിനും ഉത്തരവാദിത്തങ്ങൾക്കുമായി സ്വന്തം ആഗ്രഹങ്ങൾ മാറ്റിവെച്ച ജീവിതമായിരുന്നു അമ്മയുടേതെന്ന് അനു ശർമ കുറിപ്പിൽ വ്യക്തമാക്കുന്നു.
പെൺമക്കൾക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കാത്ത കുടുംബത്തിലാണ് അമ്മ ജനിച്ചത്. വിവാഹശേഷവും സ്ത്രീകൾക്ക് അർഹമായ പരിഗണന ലഭിക്കാത്ത സാഹചര്യത്തിലൂടെയാണ് അവർ കടന്നുപോയതെന്നും അനു കൂട്ടിച്ചേർക്കുന്നു.
കുടുംബത്തെ വളർത്തുന്നതിനും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനിടയിൽ ‘എനിക്ക് എന്താണ് വേണ്ടത്?’ എന്ന ചോദ്യം സ്വയം ചോദിക്കാൻ പോലും അമ്മയ്ക്ക് അവസരം ലഭിച്ചില്ല. എന്നാൽ 57-ാം വയസ്സിൽ ആ ചോദ്യം സ്വയം ചോദിച്ച് തുടങ്ങിയിരിക്കുകയാണ് അമ്മയെന്നും മകൾ പറയുന്നു.
നീന്തൽ പഠിക്കുന്നതിനൊപ്പം യാത്ര ചെയ്യാനും സ്വതന്ത്രമായി ജീവിക്കാനും സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യാനും അമ്മ ഇപ്പോൾ സമയം കണ്ടെത്തുകയാണെന്നും അനു വിശദമാക്കുന്നു. മാതാപിതാക്കൾ തങ്ങളുടെ ജീവിതത്തിന്റെ ആദ്യപകുതി മക്കളുടെ സന്തോഷത്തിനായി മാറ്റിവെച്ചെങ്കിൽ, ഇനി അവരുടെ ജീവിതം മനോഹരമാക്കേണ്ടത് മക്കളുടെ ഉത്തരവാദിത്തമാണെന്ന സന്ദേശവും ഈ കുറിപ്പ് നൽകുന്നു.
‘ഇത് വളരെ മനോഹരവും പ്രചോദനകരവുമാണ്’, ‘സ്വയം തെരഞ്ഞെടുക്കാൻ ഒരിക്കലും വൈകിയിട്ടില്ല’ തുടങ്ങിയ നിരവധി അഭിനന്ദന കമന്റുകളാണ് ഈ പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

