ജുഡീഷ്യറിക്കും ജഡ്ജിമാർക്കുമെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ മലപ്പുറം സ്വദേശിക്ക് സുപ്രീംകോടതിയുടെ കടുത്ത മുന്നറിയിപ്പ്. വിവാഹമോചന കേസിനിടെയുണ്ടായ തർക്കങ്ങളെ തുടർന്ന് ഇ പി ജയപ്രകാശ് എന്ന വ്യക്തിക്കെതിരെയാണ് കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുന്നതായി കോടതി അറിയിച്ചത്.
കൂടാതെ കേസിൽ വരും നവംബറിൽ ഇയാൾ നേരിട്ട് ഹാജരാകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. ഇയാളുടെ ഭാഗത്തുനിന്നും ഉണ്ടായ പ്രവൃത്തികളിൽ കോടതി കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചിട്ടുള്ളത്.
മലപ്പുറം സ്വദേശിയായ ഇ പി ജയപ്രകാശും പത്തനംതിട്ട സ്വദേശിനിയും തമ്മിലുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ട
നിയമനടപടികളാണ് ഒടുവിൽ സുപ്രീംകോടതിയിൽ എത്തിയത്. ഭാര്യക്ക് ജോലിയുണ്ടായിരിക്കെ ഭർത്താവിൽ നിന്നും ജീവനാംശം ആവശ്യപ്പെടാൻ സാധിക്കുമോ എന്നതായിരുന്നു സുപ്രീംകോടതിയിലെ പ്രധാന ഹർജിയിലെ വിഷയം.
തിരുവല്ലയിലെ കുടുംബക്കോടതി ഇതിന് അനുവാദമില്ലെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും, ഭാര്യയ്ക്ക് താൽകാലിക ജോലിയാണെന്നും ജീവനാംശത്തിന് അർഹതയുണ്ടെന്നും വ്യക്തമാക്കി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. തുക നിശ്ചയിക്കാൻ കുടുംബക്കോടതിക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
ഇതിനെതിരെയാണ് അപ്പീൽ ഹർജിയുമായി ജയപ്രകാശ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ കോടതി നടപടികൾ പുരോഗമിക്കുന്നതിനിടയിൽ, ഹർജിക്കാരനായ ഇ പി ജയപ്രകാശ് നിരന്തരം ഫെയ്സ്ബുക്കിലൂടെ ജഡ്ജിമാർക്കും ജുഡീഷ്യറിക്കുമെതിരെ അപവാദ പ്രചാരണങ്ങൾ നടത്തുകയാണെന്ന് കാണിച്ച് ഭാര്യ കോടതിയിൽ മറുപടി സമർപ്പിച്ചു.
മാത്രമല്ല, 2023ൽ വിധി പറയാൻ വൈകിയെന്നാരോപിച്ച് തിരുവല്ല കുടുംബ കോടതി ജഡ്ജിയുടെ വാഹനം തല്ലിത്തകർD സംഭവത്തിലെ പ്രതിയാണ് ഇയാളെന്നും കോടതിയെ ധരിപ്പിച്ചു. തുടർന്ന് ജഡ്ജിമാരായ എസ് അമാനുള്ള, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് ഫെയ്സ്ബുക്കിലെ പോസ്റ്റുകൾ പരിശോധിക്കുകയും, ഹർജിക്കാരൻറേത് പരിധിവിട്ടുള്ള പ്രതികരണമാണെന്ന് നിരീക്ഷിക്കുകയും ചെയ്തു.
ഹൈക്കോടതി ജഡ്ജിക്കെതിരെയടക്കം മോശമായ പ്രയോഗങ്ങൾ നടത്തിയതിനെ ബെഞ്ച് കടുത്ത ഭാഷയിലാണ് വിമർശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ പി ജയപ്രകാശിനെതിരെ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുന്നതായി കോടതി വ്യക്തമാക്കിയത്.
കേസിൽ നവംബറിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശം നൽകിയതോടൊപ്പം ഒരു ലക്ഷം രൂപ പിഴ ഈടാക്കുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

