തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ വാക്കുതർക്കവും കയ്യാങ്കളിയുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളും രംഗത്ത്. സംഭവത്തിനു പിന്നിൽ ഗൂഢാലോചന സംശയിക്കുന്നതായി രമ്യ ഹരിദാസ് പ്രതികരിച്ചു.
എന്നാൽ തന്റെ വീട്ടിലെത്തി മകളെ കൊണ്ടു നിർബന്ധിച്ച് വാട്സാപ്പ് സന്ദേശം വായിപ്പിക്കാൻ എംഎൽഎയും അവർക്കൊപ്പമുള്ള പാളയം പ്രജീപും ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പ്രാദേശിക നേതാവ് സജാദ് ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചിറയിൻകീഴ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
എന്നാൽ സജാദ് നൽകിയ പരാതിയിൽ ഇതുവരെ കേസെടുത്തിട്ടില്ല. കോൺഗ്രസ് പ്രാദേശിക നേതാവ് സജാദിന്റെ വീട്ടിൽ ഇന്നലെ രാത്രിയാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്.
സജാദ് വിളിച്ചതു പ്രകാരമാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയതെന്നു രമ്യ ഹരിദാസ് വ്യക്തമാക്കി. സജാദുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് അഞ്ചെട്ടു പേർ കയറിവന്ന് പ്രശ്നമുണ്ടാക്കിയത്.
“വന്നതുപോലെ തിരിച്ചു പോകാൻ കാലുണ്ടാകില്ല” എന്നു ഭീഷണിപ്പെടുത്തിയെന്നും ഒരു സ്ത്രീയെന്ന പരിഗണന പോലും ലഭിച്ചില്ലെന്നും രമ്യ ആരോപിച്ചു. അതീഷ് എന്ന അധ്യാപകനും തന്നെ ഉപദ്രവിച്ചതായി അവർ കൂട്ടിച്ചേർത്തു.
എംഎൽഎ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത ഔദ്യോഗിക യോഗത്തിൽ എംഎൽഎയുടെ പിഎ ആയി പ്രവർത്തിക്കുന്ന പാളയം പ്രദീപ് പങ്കെടുത്തതുമായി ബന്ധപ്പെട്ട് പ്രാദേശിക തലത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. യോഗത്തിൽ പ്രദീപ് പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ എംഎൽഎ വാട്സാപ് ഗ്രൂപ്പിൽ പങ്കുവെക്കുകയും ചെയ്തു.
ഇതിനെ ചോദ്യം ചെയ്ത് സജാദ് ഗ്രൂപ്പിൽ സന്ദേശമയച്ചിരുന്നു. പിന്നാലെ രാത്രി 9.30-ഓടെ രമ്യ ഹരിദാസും സംഘവും സജാദിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും കോളജ് വിദ്യാർത്ഥിനിയായ മകളെക്കൊണ്ട് ഫോണിലെ സന്ദേശങ്ങൾ വായിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് സജാദിന്റെ കുടുംബത്തിന്റെ ആക്ഷേപം.
വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗവും വാട്സാപ് ഗ്രൂപ്പ് അഡ്മിനുമായ സജിത് മുട്ടമ്പലം അടക്കമുള്ളവർ സ്ഥലത്തെത്തിയതോടെയാണ് തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയത്. എന്നാൽ എംഎൽഎയും സംഘവും വീട്ടിലെത്തിയ ശേഷം മകളെയും ഭാര്യയേയും ഭീഷണിപ്പെടുത്തിയെന്ന് സജാദ് ആവർത്തിച്ചു.
പാളയം പ്രദീപിനെതിരെ വ്യാപകമായ പരാതിയുള്ളതിനാൽ അതെക്കുറിച്ച് വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റിട്ടതിന്റെ പേരിലാണ് രാത്രി ഒമ്പതു മണിയോടെ പാളയം പ്രദീപും എംഎൽഎയും വീട്ടിലെത്തിയത്. മകളോട് വാട്സാപ് സന്ദേശം വായിക്കാൻ അവർ നിർബന്ധിച്ചു.
എന്നാൽ വായിക്കേണ്ട ആവശ്യമില്ലെന്ന് താൻ മകളോട് പറഞ്ഞുവെന്നും സജാദ് വ്യക്തമാക്കി.
ഇതിനിടയിലാണ് ജില്ലാ പഞ്ചായത്തംഗം സജിത്ത് ഉൾപ്പെടെയുള്ളവർ വീട്ടിലെത്തിയത്. “ഇങ്ങനെയൊക്കെ ചെയ്യാൻ എന്ത് അധികാരമാണ് പാളയം പ്രദീപിനുള്ളത്” എന്ന് സജിത്ത് എംഎൽഎയോട് ചോദിച്ചു.
തുടർന്ന് നീ ആരാണെന്നു ചോദിച്ചു കയർത്തുകൊണ്ട് എംഎൽഎ സജിത്തിന്റെ കഴുത്തിൽ പിടിക്കുകയായിരുന്നുവെന്ന് സജാദ് പറഞ്ഞു. വീഡിയോ പകർത്താൻ ശ്രമിച്ച വ്യക്തിയെയും എംഎൽഎ ആക്രമിച്ചതായി അദ്ദേഹം ആരോപിച്ചു.
സജാദിന്റെ വീട്ടിലുണ്ടായത് പരസ്പരമുള്ള തമ്മിലടിയല്ലെന്നും എംഎൽഎ ഏകപക്ഷീയമായി മർദ്ദിക്കുകയായിരുന്നുവെന്നും സജിത്ത് മുട്ടപ്പലം പറഞ്ഞു. സജാദിന്റെ മകളെക്കൊണ്ട് വാട്സാപ് സന്ദേശം നിർബന്ധിച്ചു വായിപ്പിക്കാൻ ശ്രമിക്കുന്നത് കണ്ട് ആ കുട്ടി കരഞ്ഞുകൊണ്ടു നിൽക്കുന്നത് കണ്ടാണ് താൻ പ്രതികരിച്ചത്.
ഇതോടെ എംഎൽഎ കയർത്തുകൊണ്ട് മർദ്ദിക്കുകയായിരുന്നുവെന്നും സജിത്ത് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

