പത്തനംതിട്ട ജില്ലയിലെ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനിടയിൽ, കേരള റോഡ് ഫണ്ട് ബോർഡ് എൻജിനീയറുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് മന്ത്രി പി.കെ.ബഷീർ.
അബാൻ മേൽപാലം നിർമാണവുമായി ബന്ധപ്പെട്ട് കരാറുകാരന് കാലാവധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട ഉദ്യോഗസ്ഥനോട്, “താങ്കൾ സർക്കാരിന്റെ ഉദ്യോഗസ്ഥനോ അതോ കരാറുകാരന്റേതോ” എന്നായിരുന്നു മന്ത്രിയുടെ ചോദ്യം.
അബാൻ മേൽപാലം, കോഴഞ്ചേരി പാലം, പത്തനംതിട്ട റിങ് റോഡ് എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നത് സംബന്ധിച്ച് അബിൻ വർക്കി എംഎൽഎയുടെ പ്രത്യേക ആവശ്യപ്രകാരമാണ് മന്ത്രിയുടെ ചേംബറിൽ ഉന്നതതല യോഗം ചേർന്നത്.
യോഗത്തിലെ പ്രധാന തീരുമാനങ്ങൾ:
• പദ്ധതിയിലെ നിലവിലെ തടസ്സങ്ങൾ നീക്കുന്നതിനും നിർമാണം വേഗത്തിലാക്കുന്നതിനുമായി ജില്ലാ കലക്ടർ, ജനപ്രതിനിധികൾ, കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർ, കരാറുകാരൻ എന്നിവരുടെ യോഗം വരുന്ന 6ന് മന്ത്രിയുടെ ചേംബറിൽ വീണ്ടും ചേരുമെന്ന് അബിൻ വർക്കി എംഎൽഎ വ്യക്തമാക്കി.
• കോഴഞ്ചേരി പാലം നിർമാണത്തിന്റെ അവശേഷിക്കുന്ന ജോലികൾ അതിവേഗം പൂർത്തീകരിച്ച് ഈ മാസം അവസാനത്തോടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.
• പത്തനംതിട്ട റിങ് റോഡ് പദ്ധതിയുമായി ബന്ധപ്പെട്ട
സൗന്ദര്യവൽക്കരണ പ്രവൃത്തികൾ അടുത്ത 15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും.
• അമ്പലക്കടവ് – ഇലവുംതിട്ട – തെക്കേമല റോഡിന്റെ നിർമാണം പൂർത്തിയാക്കുന്നതിന് കിഫ്ബിയുടെ ഭാഗത്തുനിന്ന് അടിയന്തര തുടർനടപടികൾ സ്വീകരിക്കുന്നതിന് ആവശ്യപ്പെടും.
• പരുമല കടവിൽ ആരംഭിച്ച് വള്ളിക്കോട്, ചെന്നീർക്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൈപ്പട്ടൂർ പാലം നിർമാണം കഴിഞ്ഞ 13 വർഷമായി മുടങ്ങിക്കിടക്കുന്ന സാഹചര്യം പ്രത്യേക വിദഗ്ധ സമിതിയെ നിയോഗിച്ച് പഠിച്ച ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.
മന്ത്രിയുടെ ചേംബറിൽ നടന്ന യോഗത്തിൽ അബിൻ വർക്കി എംഎൽഎയ്ക്ക് പുറമെ പൊതുമരാമത്ത് റോഡ്, ബിൽഡിങ്സ്, ബ്രിജസ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർമാർ, കെആർഎഫ്ബി ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

