ശരീരത്തിൽ അസ്വസ്ഥത തോന്നുമ്പോൾ ചൊറിഞ്ഞു തരുവാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഈ ലളിതമായ ആശയത്തെ വിജയകരമായ ഒരു സംരംഭമാക്കി മാറ്റിയിരിക്കുകയാണ് ചൈനയിൽ നിന്നുള്ള ഒരു യുവാവ്.
ദക്ഷിണ ചൈനയിൽ നിന്നുള്ള 32 -കാരനായ ഷാങ് ഷിയാവോകിയാവോ ആണ് തികച്ചും വ്യത്യസ്തമായ ഈ ബിസിനസ്സ് ആശയത്തിലൂടെ ലക്ഷക്കണക്കിന് രൂപ വരുമാനം നേടുന്നത്. ചൈനയിലെ ഷെൻഷെൻ നഗരത്തിൽ ‘സ്യുമ’ എന്ന പേരിൽ രണ്ട് സ്റ്റോറുകളാണ് ഷാങ് നടത്തിവരുന്നത്.
മസാജ് ചെയ്യുന്നതിന് സമാനമായി കട്ടിലിൽ കമിഴ്ന്നുകിടക്കുന്ന ഉപഭോക്താക്കളുടെ ശരീരത്തിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത കൂർത്ത നഖങ്ങൾ ഉപയോഗിച്ച് ജീവനക്കാർ ചൊറിഞ്ഞു കൊടുക്കുന്നതാണ് ഇവിടത്തെ പ്രധാന സേവനം. മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും മികച്ച രീതിയിൽ ഉറക്കം ലഭിക്കുന്നതിനുമാണ് ഈ സേവനം പ്രധാനമായും ലക്ഷ്യമിടുന്നത്.
മണിക്കൂറിന് 300 യുവാൻ (ഏകദേശം 3,500 ഇന്ത്യൻ രൂപ) ആണ് ഇതിനായുള്ള ഫീസ് ഈടാക്കുന്നത്. നിലവിൽ ഈ രണ്ട് സ്റ്റോറുകളിൽ നിന്നുമായി മാസം തോറും ഏകദേശം 100,000 യുവാൻ (ഏകദേശം 14 ലക്ഷം രൂപ) ആണ് ഇദ്ദേഹത്തിന്റെ വരുമാനം.
എത്തുന്ന ഉപഭോക്താക്കളിൽ 70 ശതമാനവും പുരുഷന്മാരാണ്. വലിയ നഗരങ്ങളിലെ കടുത്ത മാനസിക സമ്മർദ്ദമാണ് ആളുകളെ ഇത്തരം സേവനങ്ങൾ തേടാൻ പ്രേരിപ്പിക്കുന്നതെന്ന് ഷാങ് വ്യക്തമാക്കുന്നു.
സാധാരണ മസാജിനേക്കാൾ കൂടുതൽ വിശ്രമം നൽകുന്നതായി പല ഉപഭോക്താക്കളും അഭിപ്രായപ്പെട്ടതോടെ സ്ഥാപനത്തിലേക്ക് സ്ഥിരമായി എത്തുന്നവരുടെ എണ്ണവും വർധിച്ചുകൊണ്ടിരിക്കുകയാണ്. ഹൂബെയ് പ്രവിശ്യയിൽ നിന്നുള്ള ഷാങ് നിരവധി പരാജയങ്ങൾക്ക് ശേഷമാണ് ഈ ബിസിനസ്സിൽ വിജയം കണ്ടെത്തിയത്.
കോളേജ് പഠനത്തിന് ശേഷം ഒരു വർഷത്തിനുള്ളിൽ ഏഴ് വ്യത്യസ്ത ജോലികൾ ചെയ്ത അദ്ദേഹം, 30 വയസ് തികയുന്നതിന് മുൻപ് രണ്ട് ഇ-കൊമേഴ്സ് കമ്പനികൾ തുടങ്ങിയെങ്കിലും പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ വർഷം സാമൂഹികമാധ്യമങ്ങളിൽ ഒരു സ്ത്രീ തന്റെ ഭർത്താവിന്റെ പുറം ചൊറിഞ്ഞു കൊടുക്കുന്ന വീഡിയോ കണ്ടതാണ് ഇത്തരമൊരു ആശയത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്.
വീഡിയോയുടെ താഴെ, ഇത്തരത്തിൽ പണം നൽകി ചെയ്യിക്കാൻ തയ്യാറാണെന്ന് പലരും കമന്റ് ചെയ്തിരുന്നു. ചൈനയിൽ പുതിയൊരു ആശയമായതിനാൽ സ്വന്തമായി പഠിച്ചും പരീക്ഷണങ്ങൾ നടത്തിയുമാണ് ഇതിനുള്ള പ്രത്യേക രീതികൾ വികസിപ്പിച്ചെടുത്തത്.
ഭാവിയിൽ ചൈനയിലുടനീളം 100-ലധികം സ്റ്റോറുകൾ തുറക്കുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

